സ്വന്തം ലേഖകൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ബോറിസ് ജോൺസൺ നേരിട്ട ഏറ്റവും കടുത്ത അഗ്നിപരീക്ഷയാണ് ബ്രെക്സിറ്റ്. ജോൺസൺ തന്റെ രാഷ്ട്രീയ ജീവിതത്തിൽ പ്രധാന നേട്ടമായി കാണുന്ന ബ്രെക്സിറ്റ് കരാറിനോടുള്ള എതിർപ്പ് നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഒരിക്കലും മറച്ചുവച്ചിട്ടില്ല. അയർലൻഡുമായുള്ള ഗുഡ് ഫ്രൈഡേ കരാറിനെ ആഭ്യന്തര മാർക്കറ്റ് ബിൽ ഭീഷണിയുയർത്തുമെന്ന് നേരത്തെ ബൈഡൻ തുറന്നടിച്ചിരുന്നു. നിലവിൽ ഹൌസ് ഓഫ് ലോർഡ്‌സിന്റെ പരിഗണനയിലാണ് മാർക്കറ്റ് ബിൽ.
യുകെയും യുഎസും തമ്മിലുള്ള “പ്രത്യേക ബന്ധ“ത്തെ ബാധിക്കാൻ സാധ്യതയുള്ള ഒരു തർക്ക വിഷയമാണിത് എന്ന് ചുരുക്കം. ജോൺസന്റെ മുൻഗാമികൾ എന്നും യുഎസുമായുള്ള ബന്ധത്തിന് ഏറെ നയതന്ത്ര പ്രാധാന്യം നൽകിയിരുന്നു.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബൈഡനെ അഭിനന്ദിക്കുന്ന ജോൺസന്റെ പ്രസ്താവനയിൽ ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്.
“യുഎസ് ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സഖ്യകക്ഷിയാണ്, കാലാവസ്ഥാ വ്യതിയാനം മുതൽ വ്യാപാരം, സുരക്ഷ എന്നിവ വരെയുള്ള നമ്മുള്ള മുൻഗണനാ വിഷയങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” ജോൺസൺ പറഞ്ഞു.
സെപ്റ്റംബറിൽ ഡൌണിംഗ് സ്ട്രീറ്റ് ഡെമോക്രാറ്റുകളുമായി കൊമ്പു കോർത്തിരുന്നു. ടോറികൾ തന്റെ റിപ്പബ്ലിക്കൻ എതിരാളി ജോർജ്ജ് ബുഷ് സീനിയറിനെ പിന്തുണച്ചത് ബിൽ ക്ലിന്റനുമായുള്ള ജോൺ മേജറിന്റെ ദീർഘകാലമായുള്ള ബന്ധത്തെ വഷളാക്കിയതിനെ തുടർന്നായിരുന്നു ഇത്.
“യുഎസും യുകെയും തമ്മിലുള്ള ഏതൊരു വ്യാപാര കരാറും ഗുഡ് ഫ്രൈഡേ കരാറിനെ ബഹുമാനിക്കുന്നതും ഹാർഡ് ബോർഡർ നിബന്ധനകൾ തിരിച്ചു കൊണ്ടുവരുന്നതിനെ തടയുന്നതും ആയിരിക്കണം,” എന്ന് ബൈഡൻ ട്വീറ്റ് ചെയ്തതോടെ തർക്കം രൂക്ഷമായി. വടക്കൻ അയർലണ്ടിൽ സമാധാനം കൊണ്ടുവന്ന ഗുഡ് ഫ്രൈഡേ കരാർ ബ്രെക്സിറ്റിന്റെ പേരിൽ അപകടത്തിലാക്കാൻ അനുവദിക്കില്ലെന്ന് ബൈഡൻ ശക്തമായ നിലപാടെടുത്തു.
ഇത് ജോൺസണേയും ഡൌണിംഗ് സ്ട്രീറ്റിലെ ബ്രെക്സിറ്റ് വാദികളേയും ചില്ലറയൊന്നുമല്ല പ്രകോപിപ്പിച്ചത്. പ്രശ്നം ആളിക്കത്തിക്കാതെ തല്ലിക്കെടുത്താനാണ് ഡൌണിംഗ് സ്ട്രീറ്റ് തീരുമാനിച്ചതെങ്കിലും ബൈഡൻ വലിയ ധാരണയില്ലാതെയാണ് ബ്രെക്സിറ്റിനെക്കുറിച്ച് സംസാരിക്കുന്നതെന്ന് ഒരു കൊട്ട് കൊടുക്കാനും മറന്നില്ല.
“ഞങ്ങൾക്ക് ബൈഡന്റെ ബ്രെക്സിറ്റ് ലക്ചർ ആവശ്യമില്ല,” ജോൺസന്റെ ബ്രെക്സിറ്റ് നയത്തിന്റെ ശക്തനായ വക്താവായ ഡങ്കൻ സ്മിത്ത് തുറന്നടിക്കുകയും ചെയ്തു.
ട്രംപിനോട് കൂറൂള്ള ടോറി ബ്രെക്സിറ്റ് പക്ഷം 2016 ലെ യുകെ സന്ദർശന വേളയിൽ ഒബാമ നടത്തിയ വിവാദ പരാമർശവും കുത്തിപ്പൊക്കിയേക്കും. ബ്രെക്സിറ്റ് യാഥാർഥ്യമായാൽ യുഎസുമായുള്ള വ്യാപാരത്തിൽ അവസാന നിരയിലാകും യുകെയുടെ സ്ഥാനം എന്നാണ് ഒബാമ അന്ന് മുന്നറിയിപ്പ് നൽകിയത്. അന്ന് ഒബാമയുടെ വൈസ് പ്രസിഡന്റായിരുന്നു ബൈഡൻ. ഇക്കാര്യങ്ങളെല്ലാം യുകെ – യുഎസ് ബന്ധത്തിലും ബൈഡൻ – ജോൺസൺ സൌഹൃദത്തിലും നിഴലിക്കുമെന്നുറപ്പ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല