ആറു മാസക്കാലാവധിയില്‍ കൂടുതല്‍ യുകെയില്‍ തുടരാന്‍ തീരുമാനിക്കുന്ന ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അടുത്ത മാസം മുതല്‍ 200 പൗണ്ട് ആരോഗ്യ സര്‍ചാര്‍ജ് ഈടാക്കും. യൂറോപ്യന്‍ യൂണിയന് പുറത്തുനിന്നുള്ള എല്ലാവര്‍ക്കും ഈ നിയമം ഏപ്രില്‍ ആറാം തിയതി മുതല്‍ ബാധകമാകും.
സ്റ്റാന്‍ഡേഡ് ടൂറിസ്റ്റ് വിസയില്‍ യുകെയിലേക്ക് എത്തുന്നവരെ ഇതു ബാധിക്കില്ല. കാരണം അവരുടെ താമസക്കാലയളവില്‍ ചികിത്സിക്കേണ്ട ആവശ്യമുണ്ടായാല്‍ പണം മുടക്കേണ്ടത് അവര് തന്നെയാണ്. സര്‍ക്കാരിന് അതില്‍ ബാധ്യതയൊന്നുമില്ല.
കടുത്ത സാമ്പത്തിക ബാധ്യത മൂലം നട്ടംതിരിയുന്ന എന്‍എച്ച്എസിന് ഒരു ചെറിയ കൈത്താങ്ങ് എന്ന നിലയിലാണ് ഈ സര്‍ചാര്‍ജിനെ ബ്രിട്ടീഷ് സര്‍ക്കാര്‍ കാണുന്നത്. ജോബ് വിസയില്‍ വരുന്നവര്‍ക്ക് 200 പൗണ്ടും സ്റ്റുഡന്റ് വിസയില്‍ വരുന്നവര്‍ക്ക് 150 പൗണ്ടുമായിരിക്കും ഓരോ വര്‍ഷവും ഹെല്‍ത്ത് സര്‍ചാര്‍ജായി ഈടാക്കുന്നത്. വിസയ്ക്ക് അപേക്ഷിക്കുന്ന സമയത്ത് തന്നെ ഈ തുക അടയ്ക്കണം, എന്നാല്‍ മാത്രമെ വിസ പ്രൊസസ് ചെയ്യുകയുള്ളു.
എത്ര വര്‍ഷത്തെ വിസയ്ക്കാണോ അപേക്ഷിക്കുന്നത് അത്രയും വര്‍ഷത്തെ ആരോഗ്യ സര്‍ചാര്‍ജും അപേക്ഷയ്‌ക്കൊപ്പം അടയ്ക്കണമെന്നാണ് പുതിയ നിയമം. അതായത് പത്തു വര്‍ഷത്തെ വിസയ്ക്ക് അപേക്ഷിക്കുന്ന ഒരാള്‍ 2000 പൗണ്ട് ഹെല്‍ത്ത് സര്‍ചര്‍ജായി അടയ്ക്കണം.
യുകെയില്‍ കുടിയേറി താമസിക്കാനെത്തുന്നവര്‍ക്ക് നല്‍കി വരുന്ന സൗജന്യ ആരോഗ്യ സേവനത്തിന്റെ തോത് വളരെ കൂടുതലാണ്. അതിനാലാണ് ഹെല്‍ത്ത് സര്‍ചാര്‍ജ് ഈടാക്കുന്നത് എന്നാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ പറയുന്നത്. അതേസമയം ടയര്‍ 2 വിസയില്‍ എത്തുന്നവര്‍ക്ക് സര്‍ക്കാര്‍ ഇളവ് നല്‍കിയിട്ടുണ്ട്. എങ്കിലും ഇവരും സര്‍ചാര്‍ജ് വെബ്‌സൈറ്റില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി എല്ലാ പ്രോസസിലൂടെയും കടന്നു പോകണം.
യുകെയില്‍ വിദ്യാഭ്യാസ ആവശ്യത്തിനെത്തുന്ന വിദ്യാര്‍ത്ഥികളുടെ ആരോഗ്യ സേവനത്തിന്റെ പേരില്‍ ബ്രിട്ടണ്‍ ചെലവഴിക്കുന്നത് പ്രതിവര്‍ഷം 430 പൗണ്ടാണ്. അതായത് ഒരാള്‍ക്ക് പ്രതിവര്‍ഷം 700 പൗണ്ട്. ഈ തുകയുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരാളില്‍ നിന്ന് ഈടാക്കുന്നത് 150 പൗണ്ട് മാത്രമാണ്. ഇതു വളരെ കുറഞ്ഞ തുകയാണെന്നും ആരോഗ്യമന്ത്രാലയ വക്താക്കള്‍ വിശദീകരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല