സ്വന്തം ലേഖകൻ: എന്‍എച്ച്എസില്‍ ജോലിക്കെത്തുന്ന നഴ്‌സുമാരടക്കമുള്ളവരുടെ വീസ ഫീസ് വര്‍ധിപ്പിച്ച ഹോം ഓഫീസ് നടപടിയില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഹോം സെക്രട്ടറി സുവെല്ലാ ബ്രേവര്‍മാന് കത്തയച്ച് റോയല്‍ കോളജ് ഓഫ് നഴ്‌സിംഗ് (ആര്‍സിഎന്‍) ചീഫ് എക്‌സിക്യൂട്ടീവ് പാറ്റ് കുള്ളന്‍. വീസ ഫീസ് വര്‍ധനവിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ മലയാളികളടക്കമുള്ള ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് പ്രതീക്ഷയേകുന്ന നീക്കമാണ് ഇത്.
ഇപ്പോള്‍ തന്നെ നഴ്‌സുമാരടക്കമുള്ള ജീവനക്കാരുടെ ക്ഷാമത്താല്‍ വീര്‍പ്പ് മുട്ടുന്ന എന്‍എച്ച്എസിന് മേല്‍ ഇത് കടുത്ത ആഘാതമായിരിക്കും സൃഷ്ടിക്കുകയെന്നാണ് കുള്ളന്‍ മുന്നറിയിപ്പേകുന്നത്. നിലവില്‍ എന്‍എച്ച്എസ് മുന്നോട്ട് പോകുന്നത് വിദേശ നഴ്‌സുമാരും ഡോക്ടര്‍മാരുമടക്കമുള്ളവരെ ആശ്രയിച്ചാണെന്നും വീസ ഫീസ് വര്‍ധിപ്പിച്ചതിലൂടെ ഇവര്‍ യുകെയോട് ഗുഡ് ബൈ പറഞ്ഞ് മറ്റ് രാജ്യങ്ങളിലേക്ക് പോകാന്‍ സാധ്യതയേറിയെന്നും ഇത് എന്‍എച്ച്എസിന് കടുത്ത പ്രശ്‌നമുണ്ടാക്കുമെന്നും ആര്‍സിഎന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഹോം സെക്രട്ടറിക്ക് അയച്ച കത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഹോം ഓഫീസിന്റെ പുതിയ നീക്കമനുസരിച്ച് ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വീസ ഫീസില്‍ 15 ശതമാനം വര്‍ധനവാണ് വരുത്തിയരിക്കുന്നത്. കൂടാതെ ഫോറിന്‍ നഴ്‌സിംഗ് സ്റ്റുഡന്റ്‌സിനുള്ള ഫീസില്‍ 35 ശതമാനം വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. യുകെയില്‍ ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ സ്റ്റാറ്റസിലുള്ളവര്‍ നല്‍കേണ്ട വീസ ഫീസില്‍ 20 ശതമാനം ആധിക്യമാണുണ്ടായിരിക്കുന്നത്.
വര്‍ത്തമാനകാല പരിതസ്ഥിതിയില്‍ എന്‍എച്ച്എസിലെ വിദേശികളായ മിക്ക വര്‍ക്കര്‍മാര്‍ക്കും ഈ വര്‍ധിപ്പിച്ച ഫീസുകള്‍ അടക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. നീതിപൂര്‍വകമല്ലാത്ത ഈ ഫീസ് വര്‍ധിപ്പിക്കല്‍ കാരണം ഹെല്‍ത്ത് കെയര്‍ മേഖലയിലെ വിദേശികള്‍ക്ക് ഇവിടെ ജീവിക്കാനും തൊഴിലെടുക്കാനും തീരെ സാധിക്കാത്ത സ്ഥിതി സംജാതമാക്കുമെന്നും അവര്‍ മറ്റ് രാജ്യങ്ങളിലേക്ക് കൂട് മാറി പോകാനുള്ള സാധ്യതയേറ്റുമെന്നുമാണ് കുള്ളന്‍ മുന്നറിയിപ്പ് നൽകുന്നത്.
വീസ ഫീസ് വര്‍ധനവിനെ തുടര്‍ന്ന് കാനഡ, യുഎസ് പോലുള്ള രാജ്യങ്ങളിലെ ഹെല്‍ത്ത് കെയര്‍ മേഖലയിലേക്ക് തൊഴില്‍ തേടി പോകാന്‍ തങ്ങള്‍ തീരുമാനിച്ചുവെന്ന് നിരവധി വിദേശ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് കുള്ളന്റെ മുന്നറിയിപ്പ്.
തദ്ദേശീയരായ നഴ്‌സുമാരുടെ കുറവ് കാരണം വിദേശികളെ ആശ്രയിക്കാതെ മുന്നോട്ട് പോകാന്‍ സാധിക്കാത്ത സ്ഥിതിയാണ് ഇപ്പോഴും എന്‍എച്ച്എസിലുള്ളത്. 2022ല്‍ എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ടവരില്‍ 53 ശതമാനം പേരും വിദേശ നഴ്‌സുമാരാണെന്ന് കണക്കുകൾ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല