1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 27, 2023

സ്വന്തം ലേഖകൻ: വേണ്ടത് കൂടുതൽ യുകെ വീസകളോ അതോ നഴ്സ്, കെയറർ യോഗ്യതകളിൽ ഇളവോ? ഇന്ത്യ യുകെയോട് വിലവേശേണ്ടത് എങ്ങനെ?. ബ്രെക്‌സിറ്റ് സ്വതന്ത്ര വ്യാപാര കരാറിന്റെ വിലയായി നഴ്‌സുമാർക്കും കെയറർമാർക്കും കൂടുതൽ വീസ നൽകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടുവെന്ന് ബ്രിട്ടനിലെ മുഖ്യധാരാ മാധ്യമം റിപ്പോർട്ടുചെയ്‌തു.

അതേസമയം ഇന്ത്യയിൽ നിന്ന് എത്രവേണമെങ്കിലും നഴ്‌സുമാരേയും കെയറർമാരേയും റിക്രൂട്ടുചെയ്യാൻ യുകെ നിലവിൽ സന്നദ്ധമാണെന്നിരിക്കെ, ഇത്തരമൊരു ആവശ്യം ഇന്ത്യൻ അധികൃതരുടെ ഭാഗത്തുനിന്ന് വന്നതിന്റെ ഉദ്ദേശശുദ്ധി ചോദ്യംചെയ്യപ്പെടുന്നു. യുകെയിൽ നിന്നുള്ള നഴ്‌സുമാർക്കും കെയറർമാർക്കും യുകെ വീസ അനുവദിക്കാത്തതല്ല, മറിച്ച് അവരുടെ യോഗ്യതകളിൽ യുകെ കൂടുതൽ ഇളവുകൾ അനുവദിക്കാത്തതാണ് പ്രശ്നമെന്നും ഈ രംഗത്തെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

നഴ്‌സുമാരുടെ തിരഞ്ഞെടുപ്പ് സംവിധാനമായ പോയിന്റ് ബേസ്‌ഡ് സിസ്റ്റത്തിൽ കൂടുതൽ ഇളവുകൾ അനുവദിക്കണമെന്ന് ഇന്ത്യൻ സംഘം ആവശ്യപ്പെടുമോ എന്നതാണ് ചോദ്യം. അത് തികച്ചും ബ്രിട്ടന്റെ ആഭ്യന്തര വിഷയമായതിനാൽ ഇന്ത്യയ്ക്ക് അത്തരമൊരു കാര്യത്തിൽ ഇടപെടാൻ കഴിയില്ല. അതുകൊണ്ടുതന്നെ ഇന്ത്യൻ സംഘത്തിന്റെ ഇത്തരമൊരു ആവശ്യമുന്നയിക്കൽ വെറും പ്രഹസനമാണെന്നും ആരോപിക്കപ്പെടുന്നു.

അതേസമയം , ഐടി പ്രൊഫഷണലുകൾ, ഫിനാൻഷ്യൽ കൺസൾട്ടന്റുമാർ എന്നിവർക്കായി കൂടുതൽ യുകെ വീസകൾ അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ന്യായീകരിക്കാവുന്നതാണ്.

എന്നാൽ ബ്രെക്‌സിറ്റിന് ശേഷം അവതരിപ്പിച്ച പോയിന്റ് ബേസ്ഡ് ഇമിഗ്രേഷൻ സംവിധാനത്തിന് കീഴിൽ ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികൾക്കായി പ്രത്യേക ഇളവുകളൊന്നും നൽകാനാകില്ലെന്ന് ഇന്ത്യൻ വംശജ കൂടിയായ ഹോം സെക്രട്ടറി സുയെല്ല ബ്രാവർമാൻ നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്.

12-ാം റൗണ്ട് വ്യാപാര ചർച്ചകൾ ഇന്ത്യൻ തലസ്ഥാനത്ത് നടക്കുന്നതിനിടെയാണ് ഇക്കാര്യം വീണ്ടും ഉയർന്നുവന്നിട്ടുള്ളത്. ജി20 മന്ത്രിമാരുടെ യോഗത്തിനായി ബ്രിട്ടീഷ് ബിസിനസ് ആന്റ് ട്രേഡ് സെക്രട്ടറി കെമി ബാഡെനോക്ക് ഇന്ത്യ സന്ദർശിക്കുന്ന സാഹചര്യത്തിൽ കൂടിയാണിത്. അടുത്ത മാസം ജി20 നേതാക്കളുടെ ഉച്ചകോടിക്കായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും ന്യൂഡൽഹിയിൽ എത്തുമെന്ന് ഓഫീസ് വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു.

അതിനിടെ ജോൺസൺ മന്ത്രിസഭയിൽ അംഗമായിരുന്ന ബ്രിട്ടീഷ് എംപി നദീൻ ഡോറിസ് രാജിവച്ചത്, ഋഷി സുനക്കിനുമേൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നു. ഋഷി സുനക്കിനെതിരെ കടുത്ത വിമർശനം ഉയർത്തിയാണ് നദീൻ രാജിവച്ചത്. പ്രധാനമന്ത്രിയെന്ന നിലയിൽ ഋഷി സുനക്ക് വൻ പരാജയമാണെന്ന് നദീൻ ആരോപിച്ചു. നേരത്തെ നടന്ന 3 ഉപതെരഞ്ഞെടുപ്പുകളിൽ കൺസർവേറ്റീവുകൾക്ക് രണ്ടിലുമേറ്റ പരാജയവും സമീപകാല സർവ്വേകളിൽ ലേബറുകൾക്ക് ലഭിക്കുന്ന ജനപിന്തുണയും ഋഷി സുനക്കിന് വെല്ലുവിളി സൃഷ്‌ടിക്കുന്ന പ്രശ്‌നങ്ങളാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.