ലോക ടൂറീസം ഭൂപടത്തില്‍ യുകെയ്ക്ക് നിര്‍ണായകമായ സ്ഥാനമുണ്ട്. ലോകത്തിലെ തന്നെ സമ്പന്ന നഗരങ്ങളിലൊന്നായ ലണ്ടന്‍ സന്ദര്‍ശകര്‍ക്കും മറ്റും ഏറെ ഇഷ്ടമാണ്. യുകെ സന്ദര്‍ശിക്കാനെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിലും അവര്‍ ചെലവഴിക്കുന്ന തുകയുടെ കാര്യത്തിലും 2014ല്‍ രേഖപ്പെടുത്തിയിരിക്കുന്നത് റെക്കോര്‍ഡ് വര്‍ദ്ധനയാണ്. ബ്രിട്ടീഷുകാരല്ലാത്ത ആളുകള്‍ 38.4 മില്യണ്‍ സന്ദര്‍ശനം യുകെയിലേക്ക് നടത്തിയിട്ടുണ്ടെന്ന് ഓഫീസ് ഫോര്‍ നാഷ്ണല്‍ സ്റ്റാറ്റിസ്റ്റിക്ക്‌സില്‍നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. 2013ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ആറ് ശതമാനത്തിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുകെ സന്ദര്‍ശിക്കാനെത്തിയവര്‍ ചെലവാക്കിയത് 21.73 ബില്യണ്‍ പൗണ്ടാണ്. 2011നെക്കാള്‍ 21 ശതമാനവും 2013നെക്കാള്‍ മൂന്ന് ശതമാനവും കൂടുതലാണിത്.
ടൂറിസ്റ്റുകളുടെ റെക്കോര്‍ഡ് എണ്ണത്തില്‍ തനിക്ക് സന്തോഷമുണ്ടെന്ന് ടൂറിസം മന്ത്രി ഹെലന്‍ ഗ്രാന്‍ഡ് പറഞ്ഞു. യൂറോപ്പില്‍ നിന്ന് യുകെയിലേക്ക് എത്തിയവരുടെ എണ്ണത്തില്‍ ഏഴ് ശതമാനം വര്‍ദ്ധനവും നോര്‍ത്ത് അമേരിക്കയില്‍ നിന്നുള്ളവരുടെ എണ്ണത്തില്‍ നാല് ശതമാനം വര്‍ദ്ധനവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും യുകെ ടൂറിസം രംഗത്ത് തുടര്‍ച്ചയായ നേട്ടങ്ങളാണ് കൈവരിച്ചിരിക്കുന്നതെന്ന് വിസിറ്റ് ബ്രിട്ടണ്‍ ചീഫ് എക്‌സിക്യൂട്ടീവ് സാലി ബാല്‍കോംപ് പറഞ്ഞു. യുകെ കൈവരിക്കുന്ന സാമ്പത്തിക ലാഭത്തിന്റെ ഏറിയ പങ്കും വരുന്നത് വിദേശികളായ സഞ്ചാരികളില്‍നിന്നാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
യുകെയെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത് വലിയ വാര്‍ത്തയാണെന്ന് ഇമ്മിഗ്രേഷന്‍ ആന്‍ഡ് സെക്യൂരിറ്റി മിനിസ്റ്റര്‍ ജെയിംസ് ബ്രോക്കന്‍ഷെയര്‍ പറഞ്ഞു. ലോകത്തിന്റെ എല്ലാ ഭാഗത്ത്‌നിന്നുമുള്ള ആളുകള്‍ യുകെയെ അവരുടെ യാത്രാലക്ഷ്യമായി തെരഞ്ഞെടുക്കുന്നത് രാജ്യത്തിന്റെ പുരോഗതിക്കും സാമ്പത്തികരംഗത്തിനും പ്രചോദനമേകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല