സ്വന്തം ലേഖകൻ: വെയിൽസിലെ ജിപിമാർക്കും ആശുപത്രി ഡോക്ടർമാർക്കും ഇനിമുതൽ രോഗികൾക്ക് ഇലക്ട്രോണിക്‌സ് പ്രിസ്‌ക്രിപ്‌ഷനുകൾ അഥവാ മരുന്ന് കുറിപ്പടികൾ നൽകാനാകും. പരീക്ഷണാടിസ്ഥാനത്തിൽ വെയിൽസിൽ ആദ്യമായി ഇലക്ട്രോണിക് കുറിപ്പടി സേവനം ആരംഭിച്ചത് ഡെൻബിഗ്ഷയറിലെ റൈലിലുള്ള ജിപി ക്ലിനിക്കിലാണ്. വെള്ളിയാഴ്ച്ച ഇവിടെനിന്ന് അടുത്തുള്ള വെല്ലിംഗ്ടൺ റോഡ് ഫാർമസിയിലേക്ക് പ്രിസ്‌ക്രിപ്‌ഷനുകൾ ഇലക്ട്രോണിക് ആയി അയച്ചായിരുന്നു തുടക്കം.
ഒരു പേപ്പർ ഫോം ആവശ്യമില്ലാതെ, ഒരു രോഗിയുടെ ഫാർമസി തിരഞ്ഞെടുക്കുന്നതിനും ഓൺലൈനായി കുറിപ്പടി സുരക്ഷിതമായി അയയ്ക്കാനും ഈ സിസ്റ്റം ജിപിമാരെ അനുവദിക്കുന്നു. വെള്ളിയാഴ്ച ഡെൻബിഗ്ഷയറിലെ റൈലിൽ ആരംഭിച്ച ഈ സേവനം, മരുന്നുകൾ നിർദ്ദേശിക്കുന്നത് എളുപ്പവും സുരക്ഷിതവും കൂടുതൽ കാര്യക്ഷമവുമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇതിനായി രോഗികൾ കമ്പ്യൂട്ടർ ഉപയോഗിക്കുകയോ, പേപ്പർ ഫോമുകൾ പൂരിപ്പിച്ച് നൽകുകയോ വേണ്ടയെന്നതാണ് സവിശേഷത. കൂടാതെ ആവർത്തിച്ചുള്ള മരുന്ന് വാങ്ങലിനായി കുറിപ്പടികൾ വീണ്ടും അയക്കാൻ രോഗികൾ ഇനി അവരുടെ ജിപി സർജറികൾ സന്ദർശിക്കേണ്ടതുമില്ല. കാരണം ആവശ്യപ്പെടുന്ന മുറയ്ക്ക് കുറിപ്പടികൾ തിരഞ്ഞെടുത്ത ഫാർമസിയിലേക്ക് ജിപി സർജറികളിൽ നിന്ന് നേരിട്ട് അയയ്‌ക്കും.
രോഗികൾക്ക് കൂടുതൽ സൗകര്യപ്രദം എന്നതിലുപരി രോഗികളുടെ സമയം വളരെയധികം ലാഭിക്കുന്നതിനും ഈ പുതിയ സംവിധാനം പ്രയോജനപ്രദമാകും. 2024 ജനുവരി മുതൽ വെയിൽസിന്റെ മറ്റ് ഭാഗങ്ങളിൽ ഇത് ഘട്ടം ഘട്ടമായി നടപ്പിലാക്കും. അടുത്ത രണ്ട് വർഷത്തിനുള്ളിൽ വെയിൽസ് മുഴുവനായും സേവനം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് വെയിൽസ് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇതിനായി ഏകദേശം 12 ദശലക്ഷം പൗണ്ട് ചെലവഴിക്കും, ഓരോവർഷവും 40 ദശലക്ഷം പേപ്പർ ഫോമുകൾ അച്ചടിക്കുന്നതിലെ ചിലവിൽ നിന്ന് പദ്ധതി സർക്കാറിന് ലാഭം നൽകുമെന്നും പ്രതീക്ഷിക്കുന്നു. ഇ-പ്രിസ്‌ക്രിപ്‌ഷനുകൾ ഇംഗ്ലണ്ടിലെ ചില ജിപി സർജറികളിൽ കുറച്ചുകാലമായി ലഭ്യമാണ്. എന്നാൽ രാജ്യവ്യാപകമായി കൂടുതൽ കാര്യക്ഷമതയോടെ ഇലക്ട്രോണിക് പ്രിസ്‌ക്രിപ്‌ഷനുകൾ നടപ്പിലാക്കാൻ ലക്ഷ്യമിടുന്നതാണ് വെൽഷ് സ്‌കീമെന്ന് വെയിൽസിലെ ലേബർ സർക്കാർ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല