സ്വന്തം ലേഖകൻ: ഹമാസ് അനുകൂല പ്രകടനങ്ങള്‍ മുന്നില്‍ കണ്ട്, പരസ്യമായോ പരോക്ഷമായോ ഹമാസിനെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ് ബ്രിട്ടന്‍. വിദേശ പൗരന്മാരോ വിദേശ വിദ്യാര്‍ഥികളോ ഹമാസിനെ പിന്തുണയ്ക്കുന്ന സമീപനം സ്വീകരിച്ചാല്‍ അവരുടെ വീസ റദ്ദാക്കി നാടുകടത്താനാണ് ഹോം ഓഫിസിന്റെ തീരുമാനം.
ഇസ്രായേല്‍ വിരുദ്ധ നിലപാട് കൈക്കൊള്ളുന്ന വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കുമെതിരെ വീസ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളുടെ സാധ്യത ആരായാന്‍ ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വിവിധ യൂണിവേഴ്‌സിറ്റികളില്‍ വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെയുള്ളവര്‍ ഹമാസിന്റെ ഇസ്രയേലി ആക്രമണത്തെ പിന്തുച്ച് രംഗത്തുവന്ന സാഹചര്യം പരിഗണിച്ചാണ് ഇത്തരക്കാര്‍ക്കെതിരേ കനത്ത നടപടി സ്വീകരിക്കാന്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ തയാറാകുന്നത്.
കഴിഞ്ഞദിവസം ഫ്രാന്‍സില്‍ ഹമാസ് അനുകൂല നിലപാട് സ്വീകരിക്കുന്ന വിദേശ പൗരന്മാരെ മൂന്നു ദിവസത്തിനുള്ളില്‍ പുറത്താക്കുമെന്ന് വിദേശകാര്യമന്ത്രി ജെറാള്‍ഡ് ഡാര്‍മെയ്ന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇത്തരത്തില്‍ മൂന്നു പേരെ കഴിഞ്ഞദിവസം വീസ റദ്ദാക്കി സ്വന്തം രാജ്യത്തേക്ക് തിരിച്ചയ്ക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല