സ്വന്തം ലേഖകൻ: യുകെയിൽ ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി. ഏപ്രില്‍ 1 മുതല്‍ വാട്ടര്‍, സ്യൂവേജ് ബില്ലുകള്‍ പ്രതിവര്‍ഷം 71 പൗണ്ട് വരെയാണ് വര്‍ധിക്കുക. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ഇതിന്റെ തിരിച്ചടി നേരിടേണ്ടിവരും. വെസെക്‌സ് വാട്ടറും, ആംഗ്ലിക്കന്‍ വാട്ടറുമാണ് വെള്ളക്കരം കൂട്ടുന്നതില്‍ മുന്നിലുള്ളത്. ഇവരുടെ ഉപഭോക്താക്കള്‍ക്ക് ശരാശരി ബില്‍ യഥാക്രമം 548 പൗണ്ടിലേക്കും 529 പൗണ്ടിലേക്കുമാണ് എത്തുക.
അതേസമയം, നോര്‍ത്തംബ്രിയന്‍ ഉപഭോക്താക്കള്‍ക്ക് ശരാശരി ബില്ലുകളില്‍ 422 പൗണ്ടിലേക്കാണ് വര്‍ധന നേരിടുക. ഇതാണ് ഏറ്റവും കുറഞ്ഞ വര്‍ധനയും. ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്ന അധിക പണത്തിന് അുസൃതമായി 14.4 ബില്ല്യണ്‍ പൗണ്ട് നിക്ഷേപിക്കാന്‍ സ്ഥാപനങ്ങള്‍ തയ്യാറാകുമെന്ന് വാട്ടര്‍ യുകെ പറഞ്ഞു. നദികളിലും, കടലിലേക്കും ഒഴുക്കുന്ന മാലിന്യത്തിന്റെ തോത് സുപ്രധാനമായ തോതില്‍ കുറയ്ക്കാനും, സപ്ലൈയില്‍ സുരക്ഷ ഉറപ്പാക്കാനും ഇതുവഴി സാധിക്കുമെന്നാണ് പ്രഖ്യാപനം.
ജീവിതച്ചെലവ് പ്രതിസന്ധിക്കും, വെള്ളത്തിലേക്ക് സ്യൂവേജ് ഒഴുക്കുന്നതിലെ പൊതുജനരോഷം ഉയരുന്നതിനിടെ വാട്ടര്‍ സ്ഥാപനങ്ങള്‍ ഓഹരി പങ്കാളികള്‍ക്ക് ഡിവിഡെന്‍ഡ് നല്‍കുന്നതില്‍ റെഗുലേറ്ററി ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ബില്ലുകള്‍ കുറഞ്ഞ തോതിലാണ് വര്‍ദ്ധിക്കുന്നതെന്ന് വാട്ടര്‍ യുകെ അധികൃതർ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല