സ്വന്തം ലേഖകൻ: ആഫ്രിക്കയില്‍ നിന്നെത്തുന്ന പൊടിനിറഞ്ഞ കാറ്റ് അറ്റ്ലാന്റിക്കിന് മുകളിലൂടെ വീശുമ്പോള്‍, യുകെയില്‍ അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ നിറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നും നാളിയും ആയി, മഴയ്ക്കൊപ്പം സഹാറന്‍ പൊടിപടലങ്ങളും പെയ്തിറങ്ങുമ്പോള്‍, നേരിയ ചുവപ്പു നിറമുള്ള മലിനജലം പോലുള്ള മഴയായിരിക്കും അതെന്നു മെറ്റ് ഓഫീസ് പറയുന്നു.
ശക്തമായ കാറ്റിനാല്‍, കിലോമീറ്ററുകള്‍ സഞ്ചരിച്ചെത്തുന്ന ധൂളിമേഘങ്ങള്‍ ഞായറാഴ്ച്ച ഉച്ചയോടെയായിരിക്കും പെയ്തിറങ്ങുക. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലായിരിക്കും ഇത് കൂടുതലായി അനുഭവപ്പെടുക. ഒരു മണിക്കൂറില്‍ 10 മില്ലി മീറ്റര്‍ മഴ അവിടെ പെയ്തിറങ്ങുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്.
ഞായറാഴ്ച്ചയോടെ ശക്തി പ്രാപിക്കുന്ന തെക്കന്‍ കാറ്റ്, പടിഞ്ഞാറു നിന്നും വരുന്ന ശീതവായു പ്രവാഹത്തോടൊപ്പം വടക്കന്‍ സഹാറ ധൂളിമേഘത്തെയും പലിച്ചെടുക്കും എന്നാണ് നെറ്റ്വെതറിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനായ നിക്ക് ഫിന്‍സ് ബ്ലോഗില്‍ കുറിച്ചിരിക്കുന്നത്. വടക്കന്‍ ആഫ്രിക്കയില്‍ നിന്നും അറ്റ്ലാന്റിക്കിന് മുകളിലൂടെ സഞ്ചരിച്ചെത്തുന്നതാണ് ഈ ധൂളി മേഘങ്ങള്‍ എന്നും അദ്ദേഹം കുറിക്കുന്നു. രാജ്യത്തിന്റെ വടക്കും പടിഞ്ഞാറും മേഖലകളിലായിരിക്കും ഈ ധൂളിമേഘം കൂടുതലായി സാന്നിദ്ധ്യം അറിയിക്കുക. ഇവിടെ തെക്കന്‍ കാറ്റും ശക്തമായിരിക്കും.
തിങ്കളാഴ്ച്ചയോടെ ഈ മേഘങ്ങള്‍ തെക്കും കിഴക്കും ദിശകളിലേക്ക് നീങ്ങും എന്നാല്‍ അതിനു മുന്‍പായി അതിന്റെ ഒരു ഭാഗം ഞായറാഴ്ച്ച തന്നെ പെയ്തിറങ്ങും. ന്യുനമര്‍ദ്ദം വടക്ക് കിഴക്ക് ദിശയിലേക്ക് നീങ്ങുന്നതിനാല്‍, രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇന്ന് മഴ പ്രതീക്ഷിക്കാം. എന്നാല്‍, ഇതുവരെയും ഇംഗ്ലണ്ടിലേയും വെയ്ല്‍സിലേയും മഴയുടെ പാതയില്‍ ചില അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുകയാണ്.
സഹാറന്‍ ധൂളി മേഘങ്ങള്‍ വടക്കോട്ട് നീങ്ങി യു കെയില്‍ എത്തുന്നതോടെ ഇന്നും തിങ്കളാഴ്ച്ചയും അതിമനോഹരമായ സൂര്യോദയവും സൂര്യാസ്തമനവും ദര്‍ശിക്കാനാവും. ശക്തമായ ഒരു പ്രത്യേക ജെറ്റ് പ്രവാഹത്തിനാല്‍, ചലന വിധേയമാകുന്ന അന്തരീക്ഷത്തിലെ വലിയ കണികകള്‍ ഇപ്പോഴത്തെ സാന്ദ്രത കുറഞ്ഞ അന്തരീക്ഷത്തില്‍ കൂടുതല്‍ വ്യക്തമാകപ്പെടുന്നത് മൂലമാണ് സായാഹ്നങ്ങള്‍ക്കും പ്രഭാതങ്ങള്‍ക്കും ശോഭ വര്‍ദ്ധിക്കുന്നത്.
ഞായറാഴ്ച ഉച്ചക്കും വൈകിട്ടും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലും അനുഭവപ്പെടുന്ന പൊടിമഴ തിങ്കളാഴ്ച്ചയോടെ കിഴക്കന്‍ ദിശയിലേക്ക് നീങ്ങാന്‍ ആരംഭിക്കും. രാവിലെയോടെ വെയ്ല്‍സിലും കംബ്രിയയുടെ ചില ഭാഗങ്ങളിലും ഒരു മണിക്കൂറില്‍ 8 മി മീറ്റര്‍ മഴ വരെ ലഭിക്കും. ഉച്ചയോടെ യോര്‍ക്ക്ഷയറിലും സമാനമായ തോതില്‍ മഴ ലഭിക്കും. താപനില, പീറ്റര്‍ബറോ, കേംബ്രിഡ്ജ്ഷയര്‍, ഹിയര്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ 13 ഡിഫ്രി സെന്റിഗ്രേഡ് ആയി തുടരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല