സ്വന്തം ലേഖകൻ: ഈവർഷം ഡിസംബർ തുടക്കത്തിലേ യുകെയിൽ മഞ്ഞും അതിശൈത്യവും പിടിമുറുക്കുകയാണ്. ഇന്നുമുതൽ യുകെയിലെ ദിനരാത്രങ്ങൾ അതിശൈത്യത്തിലേക്ക് കൂപ്പുകുത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷകരായ മെറ്റ് ഓഫീസിന്റെ പ്രവചനം.
അതിനിടെ ഇംഗ്ലണ്ടിൽ മഞ്ഞുകാല വോമിറ്റിംഗ് ഫ്ലൂവിനു കാരണമായ നൊറോവൈറസ് അതിവേഗം പടരുന്നതായി റിപ്പോർട്ടു ചെയ്യുന്നു. കുറഞ്ഞ അളവിൽ കോവിഡും കുട്ടികളുടെ ശ്വാസകോശ രോഗങ്ങളും പരക്കുന്നു. ഇന്നുരാത്രി ഇംഗ്ലണ്ടിൽ പലയിടത്തും രാത്രി താപനില -6 വരെയായി താഴ്‌ന്നേക്കാം. പകൽ 2 സെ. വരെയായും താപനില താഴും.
അതേസമയം സ്കോട്ട്ലാൻഡിൽ രാത്രിതാപനില -8 വരെയായി താഴും. പകൽ സമയങ്ങളിൽ ഇവിടെ ചിലയിടങ്ങളിൽ -2 താപനിലയും അനുഭവപ്പെടും. അതിശൈത്യം ഒരാഴ്‌ചയോളം മാത്രമേ തുടക്കത്തിൽ നീണ്ടുനില്ക്കൂ. അടുത്താഴ്‌ച്ച മുതൽ മഞ്ഞുവീഴ്ച്ച കുറയുകയും പകരം മഴയും കാറ്റും എത്തുമെന്നും പ്രവചനത്തിൽ പറയുന്നു.
വിന്റർ വോമിറ്റിംഗ് വൈറസ് ഇംഗ്ലണ്ടിൽ വ്യാപിക്കുകയാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ ആഴ്ചയിലെ എല്ലാ ദിവസവും, വയറിളക്കവും ഛർദ്ദി ലക്ഷണങ്ങളുമായി ഏകദേശം 350 പേർ ആശുപത്രിയിൽ എത്തിയിരുന്നു, കഴിഞ്ഞവർഷം ഇതേ ആഴ്ചയിൽ ഇത് 126 ആയിരുന്നു, NHS ഇംഗ്ലണ്ട് പറയുന്നു.
നോറോവൈറസ് അതിവേഗം പടരുന്ന പകർച്ചവ്യാധിയാണ്, രോഗബാധിതരായ ആളുകളിൽ നിന്നും ടോയ്‌ലറ്റ് ഫ്ലഷ് ഹാൻഡിലുകൾ പോലുള്ള മലിനമായ പ്രതലങ്ങളിൽ സ്പർശിക്കുന്നതിലൂടെയും ഇത് പിടിക്കാം. കെയർ ഹോമുകൾ, ആശുപത്രി വാർഡുകൾ, നഴ്സറികൾ എന്നിവയിലൂടെ ഇത് അതിവേഗം ആളുകളിൽ പടർന്നുപിടിക്കാം. മുൻവർഷങ്ങളിൽ പലപ്പോഴും ക്രിസ്മസിനു ശേഷമാണ് ഇത് രൂക്ഷമായി കണ്ടിരുന്നത്.
ഫ്ലൂ വന്നാൽ മിക്ക ആളുകളും ആശുപത്രി പരിചരണമില്ലാതെ ഏതാനും ദിവസങ്ങൾക്കുള്ളിൽ സുഖം പ്രാപിക്കുന്നു, എന്നാൽ വൃദ്ധരിലും കുട്ടികളിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും ചിലപ്പോൾ ഇത് മരണകാരണം ആവാറുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല