സ്വന്തം ലേഖകന്‍: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മരണവുമായി ബന്ധപ്പെട്ട ദൃക്‌സാക്ഷി വിവരണം യുകെ വെബ്‌സൈറ്റ് പുറത്തുവിട്ടു. തായ്‌വാനില്‍ വച്ചുണ്ടായ വിമാനപകടത്തെ കുറിച്ചാണ് കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നിരിക്കുന്നത്. തങ്ങളുടെ കണ്‍മുന്നിലാണ് നേതാജി മരിച്ചു വീണതെന്നാണ് സാക്ഷി മൊഴി.
നേതാജിയുടെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കാന്‍ ചുമതലപ്പെട്ട ഷാനവാസ് കമ്മിറ്റിയ്ക്ക് ലഭിച്ച സാക്ഷിമൊഴികളില്‍ ഒന്നാണ് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബോസ് ഫയല്‍സ് എന്ന സൈറ്റ് പുറത്തു വിട്ടിരിക്കുന്നത്. നേതാജിയുടെ സഹയാത്രികനായിരുന്ന കേണല്‍ ഹബീബുര്‍ റഹ്മാന്‍ നല്‍കിയ മൊഴിയാണ് പരസ്യമാക്കിയത്.
വിമാനത്തിന്റെ ഇടതു വശത്തെ എന്‍ജിന് എന്തോ തകരാറുള്ളതായി തനിക്ക തോന്നിയെന്ന് ജപ്പാന്‍ക്കാരനായ എയര്‍സ്റ്റാഫ് ഓഫീസര്‍ പറഞ്ഞിരുന്നു. എന്നാല്‍ എല്ലാം ഭദ്രമാണെന്ന് കൂടെ ഉണ്ടായിരുന്ന എന്‍ജിനിയര്‍ സാക്ഷ്യപ്പെടുത്തിയതോടെ വിമാനം പറത്തുകയായിരുന്നു.
വിമാനം പറന്നുയര്‍ന്ന് ഉടനെ എന്തോ ഒരു സ്‌ഫോടന ശബ്ദം കേട്ടു. വിമാനം പെട്ടെന്ന് ക്രാഷ് ലാന്‍ഡ് ചെയ്തു. എങ്ങനെയും മുന്‍വശം വഴി ഇറങ്ങി ഓടാന്‍ താന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. പിറകു വശത്തുകൂടി രക്ഷപ്പെടാന്‍ കഴിയില്ലായിരുന്നു. വിമാനത്തിന്റെ എഞ്ചിന്റെ കാര്യത്തില്‍ ആദ്യം സംശയം തോന്നിയെങ്കിലും പിന്നീട് പറത്തുകയായിരുന്നു. എന്നാല്‍ പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം വിമാനം പൊട്ടിത്തെറിച്ചെന്നാണ് സഹയാത്രികനായ കേണല്‍ ഹബീബുര്‍ റഹ്മാന്‍ നല്‍കിയ മൊഴി.
രക്ഷപ്പെടാന്‍ മറ്റു വഴികളില്ലാതെ വിമാനത്തിന്റെ കത്തുന്ന ഭാഗത്തിലൂടെ നേതാജി പുറത്തേക്ക് ഓടുകയായിരുന്നു. അദ്ദേഹത്തിന്റെ ദേഹത്ത് അപ്പോള്‍ തീയുണ്ടായിരുന്നുവെന്നും പറയുന്നു. താനും തീയിലൂടെ അദ്ദേഹത്തിന്റെ പിറകിലേക്ക് ഓടിയിരുന്നു. അദ്ദേഹം ധരിച്ച കാക്കി വസ്ത്രത്തിന് എളുപ്പം തീപ്പിടിക്കുകയായിരുന്നു. എന്നാല്‍ കമ്പിളിപ്പുതപ്പ് ധരിച്ച തന്നെ തീതൊട്ടില്ലെന്നും റഹ്മാന്‍ പറയുന്നു.
തീപ്പിടിച്ചിരിക്കുന്ന നേതാജിയുടെ വസ്ത്രങ്ങള്‍ താന്‍ കീറിയയെറിയുകയായിരുന്നുവെന്ന് റഹ്മാന്ര്‍ പറയുന്നു. പെട്ടെന്ന് തന്നെ നേതാജിയെ നിലത്ത് കിടത്തി അദ്ദേഹത്തിന്റെ തലയുടെ ഇടതു ഭാഗത്ത് ആഴത്തില്‍ മുറിവ് ഉണ്ടായിരുന്നു. മുടിയെല്ലാം പൊള്ളലേറ്റ് കരിഞ്ഞിരുന്നു. മുഖത്തും നന്നായി പൊള്ളലേറ്റിരുന്നു. തനിക്ക് കുഴപ്പമൊന്നുമില്ലല്ലൊയെന്ന് അദ്ദേഹം തന്നോടു ചോദിച്ചതായി റ്ഹ്മാന്‍ പറയുന്നു. ഞാന്‍ രക്ഷപ്പെടുമെന്നു തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞതായും റഹ്മാന്‍ പറയുന്നു.
നിങ്ങള്‍ രാജ്യത്തേക്ക് പോകുമ്പോല്‍ അവസാന നിമിഷം വരെ ഞാന്‍ സ്വതന്ത്രനായി പോരാടിയെന്ന് ജനങ്ങളോട് പറയണം. സ്വാതന്ത്യത്തിനായി പോരാട്ടം തുടരണം. ഭാരതം സ്വതന്തമാകുന്ന നിമിഷം ഇനി അകലെയല്ലയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ എക്കാലത്തും അടിമയാക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല