1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 8, 2024

സ്വന്തം ലേഖകൻ: ബ്രിട്ടന്‍ വീണ്ടും അതിശൈത്യത്തിന്റെ ദുരിതത്തിലേയ്ക്ക്. രാജ്യത്തിന്റെ നല്ലൊരു ശതമാനം ഇടങ്ങളിലും ആറ് ഇഞ്ച് വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. ഫെബ്രുവരി തുടക്കം തന്നെ അസാധാരണമായ നിലയിലേക്കാണ് താപനില മാറുന്നത്. നോര്‍ത്തേണ്‍ ഇംഗ്ലണ്ട്, നോര്‍ത്ത് വെയില്‍സ് എന്നിവിടങ്ങളിലേക്ക് മഞ്ഞ്, ഐസ് എന്നിവയ്ക്കുള്ള ആംബര്‍ കാലാവസ്ഥാ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.

ഇതിന് പുറമെ മഴയ്ക്കും, മഞ്ഞിനുമുള്ള മഞ്ഞ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ യുകെയിലെ നാല് നേഷനുകള്‍ക്കുമായി പുറപ്പെടുവിച്ചിട്ടുണ്ട്. ബര്‍മിംഗ്ഹാം മുതല്‍ ലെസ്റ്റര്‍ വരെയുള്ള പ്രധാന പട്ടണങ്ങളെയും, നഗരങ്ങളെയും മഞ്ഞ് സാരമായി ബാധിക്കുന്നതോടെ യാത്രാ ദുരിതം നേരിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. കൂടാതെ ചില പ്രാദേശിക സമൂഹങ്ങള്‍ ഒറ്റപ്പെട്ട് പോകാനും ഇടയുണ്ട്.

300 മീറ്ററിന് മുകളിലുള്ള പ്രദേശങ്ങളില്‍ 10 ഇഞ്ച് വരെ മഞ്ഞുവീഴ്ചയാണ് പ്രവചിക്കപ്പെടുന്നത്. എന്നാല്‍ വ്യാപകമായി ആറ് ഇഞ്ച് വരെ മഞ്ഞുവീഴ്ചയ്ക്കാണ് സാധ്യത. കൂടാതെ തണുപ്പേറിയ കാറ്റിനും ഇടയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പില്‍ പറയുന്നു. 7 ഡിഗ്രിയില്‍ സുഖകരമായ താപനിലയിലാണ് ഫെബ്രുവരിയില്‍ തുടങ്ങിയത്. എന്നാല്‍ പിന്നീട് ഇത് മാറിമറിഞ്ഞു.

നോര്‍ത്ത് മേഖലയില്‍ തണുപ്പേറിയ കാറ്റിന് പുറമെ മഴയും കൂട്ടിമുട്ടുന്നതോടെയാണ് മഞ്ഞ് പെയ്യുന്ന അവസ്ഥ വരുന്നത്. വെയില്‍സ്, മിഡ്‌ലാന്‍ഡ്‌സ്, നോര്‍ത്തേണ്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ സുപ്രധാന തോതില്‍ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. ആംബര്‍ മുന്നറിയിപ്പ് നിലവിലുള്ളതിനാല്‍ റോഡുകളില്‍ യാത്രാ തടസ്സത്തിന് വഴിയൊരുങ്ങും. പൊതുഗതാഗത വാഹനങ്ങളും, കാറുകളും കുടുങ്ങാന്‍ സാധ്യതയുണ്ട്.

ട്രീറ്റ് ചെയ്യാത്ത നടപ്പാതകളും, സൈക്കിള്‍ പാതകളും യാത്രകള്‍ ബുദ്ധിമുട്ടാക്കും. ശീതകാല മഴ പെയ്യുന്നതിനാല്‍ ഡ്രൈവിംഗ് ബുദ്ധിമുട്ടേറിയ നിലയിലാകും. വരെയും, ഉയര്‍ന്ന പ്രദേശങ്ങളില്‍ 15-25 സെന്റിമീറ്റര്‍ വരെയും മഞ്ഞ് വീഴ്ചയാണ് പ്രതീക്ഷിക്കുന്നത്. ഐസ് രൂപപ്പെടാനുള്ള സാധ്യതകളും നിലനില്‍ക്കുന്നു. വ്യാഴാഴ്ച മുതല്‍ 24 മണിക്കൂറിലേക്കാണ് കംബ്രിയ, സ്‌കോട്ടിഷ് അതിര്‍ത്തി മുതല്‍ നോട്ടിംഗ്ഹാംഷയര്‍ വരെ മുന്നറിയിപ്പ് നിലവിലുള്ളത്.

മഞ്ഞ് പിന്നീട് കുറയുമെങ്കിലും ഇത് മഴയായി മാറുമെന്നാണ് സൂചന. സൗത്ത്, ഈസ്റ്റ് മേഖലകളിലാണ് മഴയുടെ പ്രഭാവം ശക്തമാകുക. വ്യാഴാഴ്ച മുതല്‍ മഞ്ഞ് ശക്തമാകുകയും, പിന്നീട് മഴയിലേക്ക് നീങ്ങുകയുമാണ് ചെയ്യുക. ആഴ്ചയുടെ അവസാനം കൂടുതല്‍ ഐസിനുള്ള മുന്നറിയിപ്പുകളും നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.