സ്വന്തം ലേഖകൻ: സാമ്പത്തിക വെല്ലുവിളി മറികടക്കാന്‍ വിദേശ വിദ്യാര്‍ത്ഥികളെ ആശ്രയിക്കാതെ മറ്റ് വഴികളില്ലാത്തതിന്റെ പേരില്‍ മാര്‍ക്ക് കുറവുള്ള വിദേശ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനായി വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമുള്ള മിനിമം മാര്‍ക്ക് യോഗ്യതകളില്‍ കുറവ് വരുത്തിയിരിക്കുകയാണ് യോര്‍ക്ക് യൂണിവേഴ്സിറ്റി.
സാമ്പത്തിക വെല്ലുവിളി മറികടക്കാന്‍ വിദേശ വിദ്യാര്‍ത്ഥികളെ ആശ്രയിക്കാതെ മറ്റ് വഴികളില്ലാത്തതിന്റെ പേരിലുള്ള നീക്കത്തില്‍ യുകെയിലെ വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് നിന്നും പുറത്താകുമെന്നാണ് ഇപ്പോള്‍ ആശങ്ക.
എ-ലെവലില്‍ ബിബിസി ഗ്രേഡുകള്‍ക്ക് തുല്യമായ കുറഞ്ഞ മാര്‍ക്ക് ലഭിച്ചാലും ഉയര്‍ന്ന ഫീസ് നല്കുന്ന വിദേശ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുമെന്നാണ് റസല്‍ ഗ്രൂപ്പ് യൂണിവേഴ്സിറ്റിയുടെ പ്രഖ്യാപനം. അതേസമയം ബ്രിട്ടീഷ് വിദ്യാര്‍ത്ഥികള്‍ക്ക് എ*എഎ മുതല്‍ ബിബിബി വരെ സ്കോര്‍ ലഭിച്ചാല്‍ മാത്രമാണ് ഇവിടെ പ്രവേശനം സാധ്യമാകുക.
യോര്‍ക്ക് യൂണിവേഴ്സിറ്റിലെ കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി മേധാവി അക്കാഡമിക്കുകള്‍ക്ക് അയച്ച ഇമെയിലിലാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ‘നിലവിലെ സാമ്പത്തിക വെല്ലുവിളികളുടെ സാഹചര്യത്തില്‍ വിദേശ അപേക്ഷകര്‍ക്ക് എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളിലും, പ്രോഗ്രാമുകളിലും താരിഫ് താഴ്ത്തി നല്കാന് യൂണിവേഴ്സിറ്റി തീരുമാനിച്ചിട്ടുണ്ട്’, ഇമെയില്‍ പറയുന്നു.
2:2 നേടിയ വിദേശ അപേക്ഷകരെയും പോസ്റ്റ്ഗ്രാജുവേറ്റ് കോഴ്സുകളിലേക്ക് സ്വീകരിക്കുമെന്ന് മെമ്മോ കൂട്ടിച്ചേര്‍ത്തു. ഉയരുന്ന ചെലവുകളും, ആവശ്യക്കാരുടെ എണ്ണം കുറയുന്നതും ചേര്‍ന്നാണ് ബ്രിട്ടനിലെ സ്ഥാപനങ്ങളെ കൊടുങ്കാറ്റിലേക്ക് നയിക്കുന്നതെന്ന് വിദ്ഗധര്‍ പറയുന്നു. ഉയര്‍ന്ന പണപ്പെരുപ്പം മൂലം ട്യൂഷന് ഫീസ് മരവിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ്. ഇതാണ് കൂടുതല്‍ പണം നല്കുന്ന വിദേശ വിദ്യാര്‍ത്ഥികളെ ഊറ്റാന്‍ ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളെ പ്രേരിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല