1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 7, 2016

സ്വന്തം ലേഖകന്‍: യുകിപ് പാര്‍ട്ടിയുടെ ഉന്നത നേതാവിന് യൂറോപ്യന്‍ പാര്‍ലമെന്റില്‍ മര്‍ദ്ദനം.ബ്രെക്‌സിറ്റ് വിരുദ്ധ യുകെ ഇന്‍ഡിപെന്‍ഡന്റ് പാര്‍ട്ടിയുടെ (യുകിപ്) പ്രമുഖ നേതാവായ സ്റ്റീവന്‍ വൂള്‍ഫിനെയാണ് സഹപ്രവര്‍ത്തകന്റെ ആക്രമണത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പാര്‍ട്ടി പ്രസിഡന്റാവാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന വൂള്‍ഫിന് ഫ്രാന്‍സിലെ സ്ട്രാസ്ബുര്‍ഗില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് മന്ദിരത്തിലുണ്ടായ ഏറ്റുമുട്ടലിലാണ് പരിക്കേറ്റത്. പാര്‍ലമെന്റിലെ യുകിപ് എംപിമാരുടെ യോഗത്തില്‍ പങ്കെടുത്ത വൂള്‍ഫും മറ്റൊരു എംപിയായ ഹുക്കും തമ്മിലുള്ള വാക്കുതര്‍ക്കം കൈയാങ്കളിയില്‍ കലാശിക്കുകയായിരുന്നു. വേണ്ടിവന്നാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ചേരാനും മടിക്കില്ലെന്ന വൂള്‍ഫിന്റെ പ്രസ്താവനയാണ് ഹുക്കിനെ പ്രകോപിപ്പിച്ചതെന്നു പറയപ്പെടുന്നു.

ഇടികിട്ടിയ വൂള്‍ഫ് പാര്‍ലമെന്റ് മന്ദിരത്തിന്റെ തറയില്‍ കിടക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സിടി സ്‌കാന്‍ പരിശോധന നടത്തിയെന്നും. തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടില്ലെന്നു വ്യക്തമായെന്നും സ്ട്രാസ്ബുര്‍ഗ് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.

യുകിപ് അധ്യക്ഷയായി 18 ദിവസംമുമ്പ് തെരഞ്ഞൈടുക്കപ്പെട്ട ഡയാന്‍ ജെയിംസ് ബുധനാഴ്ച രാജിവച്ചിരുന്നു. പാര്‍ട്ടിയില്‍ പരിഷ്‌കാരം വരുത്താന്‍ സഹപ്രവര്‍ത്തകരുടെ പിന്തുണ കിട്ടുന്നില്ലെന്നാണു രാജിക്കു കാരണമായി പറഞ്ഞത്. ഈ ഒഴിവില്‍ മത്സരിക്കാനുള്ള തീരുമാനം വൂള്‍ഫ് പ്രഖ്യാപിച്ചിരുന്നു.

അതിനിടെയാണ് യൂറോപ്യന്‍ പാര്‍ലമെന്റില്‍ വൂള്‍ഫിനു നേരേ ആക്രമണം നടന്നത്. മെയിന്‍ ചേംബറിനു സമീപമുള്ള ഇടനാഴിയിലാണ് വൂള്‍ഫ് വീണതെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് വക്താവ് ജൗമേ ഡച്ച് എഎഫ്പിയോടു പറഞ്ഞു. ഡയാന്‍ ജയിംസിനെതിരേ മത്സരിക്കാന്‍ നേരത്തെ വൂള്‍ഫ് ശ്രമിച്ചിരുന്നെങ്കിലും അതിനുള്ള അപേക്ഷ വൈകിയതിനാല്‍ അന്നു മത്സരിക്കാനായില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.