യുകെയിലെത്തുന്ന കുടിയേറ്റക്കാരുടെ മക്കള്‍ ആദ്യ അഞ്ചു വര്‍ഷം ബ്രിട്ടീഷ് സ്‌കൂള്‍ സംവിധാനത്തിനു പുറത്ത് പ്രത്യേക വിദ്യാഭ്യാസം നല്‍കണമെന്ന് യുകെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി നേതാവ്. അമേരിക്കന്‍ മോഡലില്‍ വര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ലഭിച്ച് രണ്ടു വര്‍ഷമെങ്കിലും സ്വന്തം ആശ്രിതരുടെ ആരോഗ്യ, വിദ്യാഭ്യാസ ചെലവുകള്‍ കുടിയേറ്റക്കാര്‍ വഹിക്കണമെന്ന് യുകിപ് നേതാവ് നിഗെല്‍ ഫാരേജ് വ്യക്തമാക്കി.
എന്നാല്‍ ഇക്കാര്യം പ്രതിജ്ഞയെടുത്ത് നടപ്പാക്കല്‍ പ്രായോഗികമല്ലെന്നും ഫാരെജ് സമ്മതിച്ചു. കുടിയേറ്റക്കാര്‍ ബ്രിട്ടനിലെത്തില്‍ കുറച്ചു കഴിഞ്ഞു മാത്രം ആശ്രിതരെ കൊണ്ടുവരികയും അവരെ നേരിട്ട് ബ്രിട്ടീഷ് സ്‌കൂള്‍ സംവിധാനത്തിലേക്ക കയറ്റി വിടാതിരിക്കുകയും ചെയ്യണം എന്നത് തന്റെ വ്യക്തിപരമായ നിരീക്ഷണം മാത്രമാണെന്നും ഫാരേജ് ന്യായീകരിച്ചു.
എന്നാല്‍ ആദ്യ അഞ്ചു വര്‍ഷത്തില്‍ കുടിയേറ്റക്കാര്‍ ആശ്രിതര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാക്കാന്‍ ശ്രമിക്കണമെന്ന് പാര്‍ട്ടിയുടെ വെബ്‌സൈറ്റും പറയുന്നു. കുടിയേറ്റക്കാര്‍ തങ്ങളുടെ ആശ്രിതരുടെ സ്വകാര്യ ഇന്‍ഷുറന്‍സ്, വിദ്യാഭ്യാസം, വീട് എന്നീ ആവശ്യങ്ങള്‍ ഭദ്രമാക്കിയതിനു ശേഷം മാത്രം അവരെ മുഖ്യധാരയിലേക്ക് കയറ്റി വിടണമെന്നാണ് വെബ്‌സൈറ്റില്‍ പറയുന്നത്.
എന്നാല്‍ ഇത് സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ മാറ്റി നിര്‍ത്തപ്പെടുന്നതിന് കാരണമാകില്ലേ എന്ന ചോദ്യത്തിന് ഫാരേജിന്റെ മറുപടി ആരോഗ്യ സംരക്ഷണത്തില്‍ ഇത്തരമൊരു മുന്‍കരുതല്‍ പ്രധാനമാണെന്നാണ്, പ്രത്യേകിച്ചും ഗുരുതര രോഗങ്ങള്‍ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ സാമ്പത്തിക ഭദ്രതയുള്ളവര്‍ക്കു മാത്രമെ അവരുടെ ആശ്രിതരുടെ ആരോഗ്യപരമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയൂ.
വിദഗ്ദ തൊഴിലാളികള്‍ അല്ലാത്ത കുടിയേറ്റക്കാര്‍ക്ക് അഞ്ചു വര്‍ഷം നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആശയം പാര്‍ട്ടി അവതരിപ്പിച്ചതിന് തൊട്ടു പിന്നാലെയാണ് ഫാരേജിന്റെ അഭിപ്രായ പ്രകടനം എന്നത് ശ്രദ്ധേയമാണ്. വിദഗ്ദരായ തൊഴിലാളികള്‍ പോലും വര്‍ക്ക് പെര്‍മിറ്റ് കിട്ടിയ ഉടനെ സ്വന്തം കുടുംബത്തെ കൊണ്ടുവരുന്നത് താന്‍ അനുകൂലിക്കുന്നില്ലെന്ന് ഫാരേജ് വ്യക്തമാക്കി.
കുടിയേറ്റം ബ്രിട്ടന്റെ സ്‌കൂള്‍ സംവിധാനത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് നേതാവും ഓഫ്‌സ്റ്റെഡ് ചൈല്‍ഡ് ഇന്‍സ്‌പെക്ടറുമായ സര്‍ മൈക്കല്‍ വില്‍ഷായും ആശങ്കാകുലനായിരുന്നു. തെരഞ്ഞെടുപ്പിനു ശേഷം കുടിയേറ്റക്കാരുടെ കാര്യത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും യുകിപ്പും കൈകോര്‍ക്കാന്‍ സധ്യതയുണ്ടെന്ന സൂചനയാണ്‍` ഫാരേജിന്റെ പ്രസ്താവന നല്‍കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല