1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 6, 2011

യു കെ കെ സി എ ,സെന്റ്‌ തോമസ്‌ കാത്തലിക്‌ ഫോറം തുടങ്ങിയ സംഘടനകള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പ്രതിപാദിച്ച് എന്‍ ആര്‍ ഐ മലയാളിയില്‍ പ്രസിദ്ധീകരിച്ച കാത്തലിക്‌ ഫോറം ക്നാനായ വിരുദ്ധമാണെന്ന്‍ പ്രചരിപ്പിക്കുന്ന വ്യാജപ്രവാചകരെ തിരിച്ചറിയുക എന്ന ലേഖനത്തിന് കാത്തലിക്‌ ഫോറം ജോയിന്റ് സെക്രട്ടറി ജിന്റി ജോസ്‌ എഴുതിയ മറുപടിയാണ് ചുവടെ ചേര്‍ക്കുന്നത്.ജിന്റിക്കെതിരെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുന്ന,തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ തുടര്‍ച്ചയായി ചില മഞ്ഞപ്പത്രങ്ങള്‍ പടച്ചു വിടുന്നതു കൊണ്ടാണ് ഈ കത്ത് പ്രസിദ്ധീകരിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവുന്നത്.കാര്യമാത്രപ്രസക്തമായ കാര്യങ്ങളാണ് കത്തില്‍ പ്രതിപാദിച്ചിരിക്കുന്നതെന്ന് ബോധ്യമായതിനാല്‍ യാതൊരു എഡിറ്റിങ്ങും കൂടാതെയാണ് കത്ത് പ്രസിദ്ധീകരിക്കുന്നത് .

എഡിറ്റോറിയല്‍ ബോര്‍ഡ്,എന്‍ ആര്‍ ഐ മലയാളി

പ്രിയ എഡിറ്റര്‍

താങ്കള്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന് ഒത്തിരി അഭിനന്ദനങ്ങള്‍. സിറോ മലബാര്‍ സഭ എന്നത് മാര്‍ത്തോമ്മാ കത്തോലിക്കരും ക്നാനായ കത്തോലിക്കരും ഒന്ന് ചേര്‍ന്നതാണ്. ഒരു നാണയത്തിനു രണ്ടു വശങ്ങള്‍ എന്നത് പോലെ ക്നാനായ മക്കളും മാര്‍ത്തോമ്മാ മക്കളും ഒന്ന് ചേര്‍ന്നതാണ് സിറോ മലബാര്‍ സഭ.ഈ രണ്ടു വിഭാഗങ്ങളും കൂടിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാലാണ് സഭ ശക്തിയാര്‍ജിക്കുന്നത്.

എന്നിരുന്നാലും രണ്ടു കൂട്ടരുടെയും ആചാര-അനുഷ്ടാനങ്ങളിലും തനിമയിലും പാരമ്പര്യത്തിലും അല്പം വ്യത്യാസം ഉണ്ട്. ഇത് അറിഞ്ഞുകൊണ്ട് തന്നെയാണ് പരിശുദ്ധ സിംഹാസനം ക്നാനായ കത്തോലിക്കരെയും മാര്‍ത്തോമ്മാ കത്തോലിക്കരെയും ഒരു കുടക്കീഴില്‍ ഒന്നിപ്പിച്ചത്. എന്ന് വച്ചാല്‍ പരിശുദ്ധ സിംഹാസനത്തിനു പരിപൂര്‍ണ വിശ്വാസവും ഉറപ്പും ഉണ്ട് ഇരു വിഭാഗങ്ങളുടെയും നിലനില്പും സംരക്ഷണവും സിറോ മലബാര്‍ സഭയുടെ കരങ്ങളില്‍ എപ്പോഴും സുരക്ഷിതമായിരിക്കുമെന്നു.

ഈ സത്യം മാര്‍ത്തോമ്മാ കത്തോലിക്കര്‍ക്ക് ഒരിക്കലും മറക്കാന്‍ സാധിക്കുന്നതല്ല. ഒരേ കാസയില്‍ നിന്നും പീലാസയില്‍നിന്നുമല്ലേ നാമെല്ലാവരും ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നത്. പിന്നെ എങ്ങിനെയാണ് യു കെ കെ സി എ യും സെന്റ്‌ തോമസ്‌ കാത്തലിക്‌ ഫോറവും തമ്മില്‍ ഭിന്നത ഉണ്ടാകുന്നതു? പ്രിയ ക്നാനായ സഹോദരങ്ങളോട് എനിക്ക് പറയാനുള്ളത് കാത്തലിക്‌ ഫോറം അല്ലെങ്കില്‍ മാര്‍ത്തോമ്മാ കത്തോലിക്കാ കൂട്ടായ്മ ഒരിക്കലും നിങ്ങള്‍ക്കെതിരായി നില്‍ക്കുന്നതോ പ്രവര്‍ത്തിക്കുന്നതോ ആയ ഒരു സംഘടനയല്ല.

അങ്ങനെയെന്നു വരുത്തി തീര്‍ക്കേണ്ടത് അങ്ങേയറ്റം വിഷം തീണ്ടിയ ചില തല്പരകഷികളുടെ രാഷ്ട്രീയപരമായ ആവശ്യകതയാണ്. അത് നമ്മള്‍ രണ്ടു കൂട്ടരും തിരിച്ചറിയണം. വളരെ പക്വതയോടെ നമ്മള്‍ ഇതിനെ ഒറ്റകെട്ടായി നേരിടണം. ഈ വെസ്റ്റേണ്‍ സംസ്കാരത്തിന്റെ മൂല്യശ്യോഷണങ്ങളില്‍ നിന്ന് നമ്മുടെ തലമുറകളെ കാത്തുപരിപാലിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ഒന്നോ അല്ലെങ്ങില്‍ രണ്ടോ മക്കളാകുന്ന താലന്തുകള്‍ ദൈവം നമ്മുടെ കയ്യില്‍ തന്നിട്ടുണ്ടെങ്കില്‍ ആ താലെന്തുകള്‍ നശിക്കാതെ നമ്മുടെ ആതമീയ സംസ്കാരത്തിലും തനിമയിലും പാരമ്പര്യത്തിലും വളര്‍ത്താന്‍ ക്നാനായ സഹോദരങ്ങളും മാര്‍തോമ്മ സഹോദരങ്ങളും തുല്യ ബാധ്യസ്ഥരാണ്.

20 – 35 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ നാട്ടില്‍ വന്ന വ്യക്തികളുടെ, ഈ നാട്ടില്‍ ജന്മം കൊണ്ട തലമുറയിലേക്കു നോക്കിയാല്‍ മാത്രമേ, നമ്മള്‍ ഭാവിയില്‍ അനുഭവിക്കാന്‍ പോകുന്ന ഭാവിഷ്യത് എത്ര ഭീകരമെന്നു മനസിലാകുകയുള്ളൂ. അതിനാല്‍ എല്ലാ സംശയങ്ങളും നമുക്ക് പരസ്പരം മറക്കാം. നമ്മള്‍ സിറോ മലബാറിന്റെ സ്വന്തം മക്കള്‍. നമുക്ക് ഒന്ന് ചേരാം. നമ്മള്‍ ഒന്ന് ചേര്‍ന്നാല്‍ ഈ നാട്ടിലെ സഭയുണരും.

നമ്മള്‍ ഒന്നുചെര്‍ന്നാല്‍ നമ്മുടെ ആത്മ ശകതി ഒരു സുനാമി എന്നാ പോലെ ഈ നാടിന്‍റെ ആത്മീയ അന്ധകാരത്തെ കഴുകി കളയാന്‍ കാരണമാകും. അവിടെ യേശു ജനിക്കും. ഈ ദേശം ഉണരും. അപ്പോള്‍ നമ്മിലൂടെ, അതായത് മാര്‍തോമ്മ കത്തോലിക്കരും ക്നാനായ കത്തോലിക്കരും ഒന്നായിരിക്കുന്ന സിറോ മലബര്‍ സഭയിലൂടെ, ഈ നാട്ടില്‍ സുവിശേഷം പുരോഗതി പ്രാപിക്കും, ആത്മാക്കള്‍ രക്ഷ പ്രാപിക്കും, ത്രീയേക ദൈവത്തിന്റെ നാമം മഹത്വം നേടും. അതിനാല്‍ നമുക്ക് ഉണരാം.

UKKCA + UKSTCF = SYRO MALABAR CHURCH . നമ്മള്‍ ആ മഹത്തായ സിറോ മലബാര്‍ സഭാ മാതാവിന്റെ അരുമ സന്താനങ്ങള്‍ ആണ്.അതിനാല്‍ നമുക്ക് ഒന്ന് ചേരാം. നമ്മുടെ ഇരുകൂട്ടരുടെയും പാരമ്പര്യവും വിശ്വാസവും തനിമയും ആചാരാനുഷ്ടാനങ്ങളും മുറുകെ പിടിച്ചുകൊണ്ടുതന്നെ. അതോടൊപ്പം തന്നെ യാഥാര്‍ത്യങ്ങള്‍ അതിന്റെതായ അര്‍ത്ഥത്തില്‍ മനസ്സിലാക്കാതെ വിശ്വാസികളായ നമ്മുടെ ഇടയില്‍ ഭിന്നതയുണ്ടാക്കുന്ന വാര്‍ത്തകള്‍ മെനയുന്ന വിഷവിത്തുകളെ നമുക്കൊന്നുചെര്‍ന്നു ഒറ്റപ്പെടുത്താം.

ജിന്റി ജോസ്‌
ന്യൂകാസില്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.