ബൈജു പുല്‍ത്തകിടിയില്‍
മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണ്.വ്യക്തികളെയും അവര്‍ വഴി സമൂഹത്തെയും രൂപപ്പെടുത്തുന്നതില്‍ സാമൂഹിക സംഘടനകള്‍ക്കുള്ള പ്രാധാന്യം വളരെ വലുതാണ്.കാലാകാലങ്ങളായി കേരളത്തിലെ സാമൂഹിക വ്യവസ്ഥയുടെ ഭാഗമാണ് സംഘടനകള്‍.ഇതില്‍ ഏതെങ്കിലുമൊന്നിന്റെ (അതൊരു പ്രാദേശിക ക്ലബ് ആണെങ്കില്‍ കൂടിയും) ഭാഗമാവാത്ത ഒരു മലയാളി പോലുമുണ്ടാവില്ല.അവയില്‍ നിന്നും ലഭിക്കുന്ന പരിശീലനവും ജനസമ്പര്‍ക്കവും ലോകപരിചയവും നമ്മുടെയൊക്കെ ജീവിത വീഥികളിലെ മുന്നേറ്റത്തിന് ഒട്ടേറെ സംഭാവനകള്‍ ചെയ്തിട്ടുമുണ്ട്.
യു കെ മലയാളിയുടെ അനുദിനജീവിതത്തിലും സാമൂഹിക സാംസ്ക്കാരിക സാമുദായിക സംഘടനകള്‍ നിര്‍ണായക പങ്കു വഹിക്കുന്നുണ്ട്.കൂട്ടായ്മകള്‍ക്കും ഒത്തു ചേരലുകള്‍ക്കും അത്രയേറെ പ്രാധാന്യമൊന്നും കല്‍പ്പിക്കാത്ത ബ്രിട്ടനില്‍ ഇക്കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ വിവിധ രൂപത്തിലും ഭാവത്തിലും രൂപം കൊണ്ട മലയാളി സംഘടനകളുടെ എണ്ണം ഇരുനൂറിനു മുകളിലാണ്. തികച്ചും പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഫാമിലി ക്ലബ്ബുകള്‍ മുതല്‍ ദേശീയ സംഘടനയായ യുക്മ വരെ വിവിധ തലത്തിലുള്ള മലയാളി കൂട്ടായ്മകള്‍ മലയാളിയുടെ നിത്യജീവിതത്തില്‍ തങ്ങളുടെ പങ്ക് നന്നായി നിറവേറ്റുന്നുമുണ്ട്.
ഇനി സാമുദായിക സംഘടനകളുടെ കാര്യമെടുക്കാം. ലോകത്തില്‍ എവിടെച്ചെന്നാലും ഉയരങ്ങള്‍ എത്തിപ്പിടിക്കുന്ന മലയാളിയുടെ വിജയത്തിന്റെയും അച്ചടക്കം നിറഞ്ഞ ജീവിതശൈലിയുടെയും പ്രധാന കാരണങ്ങളിലൊന്ന് തലമുറകളായി പകര്‍ന്നു കിട്ടിയ വിശ്വാസത്തില്‍ അടിയുറച്ച നയിക്കുന്ന ജീവിതമാണ്.മരിച്ചാലും കൈവിടാത്ത അടിയുറച്ച വിശ്വാസം നമ്മളില്‍ വേരുകള്‍ പാകിയതിനു പിന്നിലെ ഘടകങ്ങള്‍ കുടുംബത്തില്‍ നിന്നും ലഭിച്ച പരിശീലനം,ഇടവകകളിലെ പ്രാര്‍ത്ഥന ഗ്രൂപ്പുകള്‍,മിഷന്‍ ലീഗ്,സൊഡാലിറ്റി .കെ സി വൈ എല്‍,കെ സി വൈ എം എന്നിങ്ങനെയുള്ള സംഘടനകളിലെ പ്രവര്‍ത്തനം തുടങ്ങിയവയാണ്.
നിര്‍ഭാഗ്യവശാല്‍ യു കെയിലെ ജോലിത്തിരക്കും ഇടവകാ സംവിധാനത്തിലെ പാളിച്ചകളും നിമിത്തം പ്രാര്‍ത്ഥന ഗ്രൂപ്പുകള്‍ ഒഴികെയുള്ള സംഘടനകളുടെ പ്രവര്‍ത്തനം സജീവമല്ല.മുതിര്‍ന്ന തലമുറയെ വിശ്വാസത്തില്‍ ആഴപ്പെടുത്താന്‍ പ്രാര്‍ത്ഥന കൂട്ടായ്മകള്‍ ഉപകരിക്കുമെങ്കിലും ഇളം തലമുറയില്‍ സാമുദായിക/സാമൂഹിക മൂല്യങ്ങള്‍ വളര്‍ത്തുവാന്‍ മറ്റുള്ള സംഘടനകള്‍ ഉണ്ടായേ തീരൂ.
സ്വന്തം വിശ്വാസത്തില്‍ ആഴപ്പെടുന്നതിനോടൊപ്പം വരും തലമുറയെ എങ്ങിനെ മൂല്യബോധമുള്ളവരായി വളര്‍ത്താം എന്നതാണ് ഇക്കാലത്ത് ഒരു ശരാശരി യു കെ മലയാളി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി
.
ഇവിടെയാണ് സാമൂഹിക സാംസ്ക്കാരിക സാമുദായിക മൂല്യങ്ങള്‍ ഏകോപിച്ചു പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കുള്ള പ്രസക്തി.യു കെയില്‍ ഇക്കാര്യങ്ങള്‍ ഏകോപിപ്പിച്ച് തികച്ചും മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് യു കെ കെ സി എ. ക്നാനായ സമുദായത്തിന്റെ തനിമയും പാരമ്പര്യവും നിലനിര്‍ത്തുന്നതോടൊപ്പം വരും തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുന്നതിലും യു കെ കെ സി എ -യും വിവിധ യൂണിറ്റുകളിലെ കൂടാര യോഗങ്ങളും സ്തുത്യര്‍ഹമായ പങ്കു വഹിക്കുന്നു.അടുത്ത കാലത്ത് യുവജനങ്ങള്‍ക്ക് വേണ്ടി യു കെ കെ സി വൈ എല്‍ രൂപീകരിച്ച് ഒരു പടികൂടി മുന്നോട്ടു പോയിരിക്കുകയാണ് ക്നാനായ സമൂഹം.കാലഘട്ടത്തിന്‍റെ ആവശ്യം മനസിലാക്കി യഥാസമയം പ്രവര്‍ത്തിക്കുന്ന ഇത്രയും സംഘടിതരായ ഒരു സമൂഹം ലോകത്തില്‍ തന്നെ വേറെയുണ്ടാവില്ല.
എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ ക്നാനായ സമുദായത്തില്‍ ഉള്ളവര്‍ക്ക് മാത്രമേ യു കെ കെ സി എ -യിലും അനുബന്ധ സംഘടനകളിലും പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ.അതുകൊണ്ടുതന്നെയാണ് ക്നാനായ സമുദായത്തിന്‍റെ മാതൃക പിന്തുടര്‍ന്നുകൊണ്ട് സീറോ മലബാര്‍ സഭയിലെ ഇതര ഭൂരിപക്ഷം സെന്റ് തോമസ് കാത്തലിക് ഫോറം എന്ന സംഘടനയുടെ ആശയവുമായി മുന്നോട്ടു വന്നത്.ഇളം തലമുറയെ വിശ്വാസത്തില്‍ ആഴപ്പെട്ടവരായി,സാമൂഹിക മൂല്യങ്ങളില്‍ അടിയുറച്ചവരായി വളര്‍ത്തുവാന്‍ ആത്മീയ ആചാര്യന്മാരായ വൈദികരോടും സഭാസംവിധാനങ്ങളോടും ചേര്‍ന്നു നിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു സംഘടന സംവിധാനം അത്യന്താപേക്ഷിതമാണ്.ഇതിനുള്ള ഏറ്റവും സുതാര്യമായ മാര്‍ഗമായാണ് ജൂലൈ 23 -ന് മാഞ്ചസ്റ്ററില്‍ രൂപം കൊണ്ട സെന്റ് തോമസ് കാത്തലിക് ഫോറം എന്ന സംഘടനയെ കാണേണ്ടത്.
കാത്തലിക് ഫോറം ക്നാനായ സമുദായത്തിന് എതിരാണെന്ന് പ്രചരിപ്പിക്കുന്നരുടെ ഏകലക്ഷ്യം മാധ്യമ കുപ്രസിദ്ധിയും സമുദായ സഹിഷ്ണുത ഇല്ലാതാക്കുകയുമാണ്.വിശ്വാസവും പാരമ്പര്യവും മുറുകെപ്പിടിക്കാനും വരും തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുവാനും എല്ലാവര്‍ക്കും അവകാശമുണ്ട്.ഇവിടെ ആരും വലിയവനും ചെറിയവനുമല്ല.യു കെ കെ സി എ എന്ന സംഘടനയിലൂടെ ക്നാനായ സമുദായം കാണിച്ച മഹനീയ മാതൃക ആരെങ്കിലും പിന്തുടരുന്നുവെങ്കില്‍ അതില്‍ അസഹിഷ്ണുത കാണിക്കേണ്ട കാര്യമുണ്ടോ ?
സമുദായവും സംഘടനയും ഒരു വിഭാഗത്തിന് മാത്രം മതിയെന്ന് അല്‍പമെങ്കിലും വിവേകമുള്ളവര്‍ ആരെങ്കിലും ചിന്തിക്കുമോ ?
എല്ലാ മാസത്തെയും മലയാളം കുര്‍ബാന കഴിഞ്ഞ് കാത്തലിക് ഫോറത്തിന്റെ മീറ്റിങ്ങും ക്നാനായ കൂട്ടായ്മയും വളരെ ഭംഗിയായി നടക്കുന്ന വിരവധി മലയാളി ഇടവകകള്‍ യു കെയിലുണ്ട്.ഇരു കൂട്ടരും തമ്മില്‍ വളരെ സ്നേഹത്തിലും സൌഹൃദത്തിലുമാണ് കഴിഞ്ഞു പോകുന്നതും.അന്നേദിവസം കൂടുതല്‍ ആളുകള്‍ കുടുംബമായി പള്ളികളില്‍ വരുകയും കൂട്ടായ്മകളില്‍ പങ്കു ചേരുകയും വിശ്വാസി സമൂഹം വളരുകയുമാണ് ചെയ്യുന്നത്.
ചുരുക്കത്തില്‍ പറഞ്ഞാല്‍ പ്രശ്നം ഇരു കൂട്ടര്‍ക്കുമല്ല,മറിച്ച് മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോര കുടിക്കാന്‍ കാത്തു നില്‍ക്കുന്ന ചെന്നായകള്‍ക്കാണ്.കാള പെറ്റെന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന ഇത്തരം നപുംസകങ്ങളെ തിരിച്ചറിയുകയും തിരസ്ക്കരിക്കുകയുമാണ് യു കെ മലയാളികള്‍ ചെയ്യേണ്ടത്.ആത്മീയ സാമൂഹിക ഘടകങ്ങള്‍ പരസ്പര പൂരകങ്ങളായി വേണം സമൂഹത്തെ ശക്തിപ്പെടുത്താന്‍.ഒന്ന് മറ്റൊന്നിനു പകരം വയ്ക്കാനാവില്ല.ഇളം തലമുറ കൈവിട്ടു പോകാതിരിക്കാന്‍ പ്രാര്‍ത്ഥന കൂട്ടായ്മകളിലെ ആത്മീയ അടിത്തറയ്ക്കൊപ്പം ശക്തമായ സാംസ്ക്കാരിക അടിത്തറയുള്ള ഒരു സമൂഹത്തെ കെട്ടിപ്പെടുക്കേണ്ടതുണ്ട്.യു കെ മലയാളി നേരിടുന്ന ഈ വെല്ലുവിളിയെ അതിജീവിക്കാന്‍ കാലഘട്ടത്തിന്റെ ആവശ്യമായ യു കെ കെ സി എ ,സെന്റ് തോമസ് കാത്തലിക് ഫോറം തുടങ്ങിയ സംഘടനകള്‍ ഇനിയും കരുത്താര്‍ജിക്കണം. വരും തലമുറയ്ക്കായി കരുതി വയ്ക്കാവുന്ന ഏറ്റവും വലിയ സമ്പാദ്യമായിരിക്കുമത്.പത്തു വര്‍ഷം കഴിഞ്ഞ് നമ്മുടെ മക്കള്‍ ലോകത്തിന്‍റെ വഴിയേ പോയിക്കഴിയുമ്പോള്‍ പരിതപിക്കുന്നതിനേക്കാള്‍ ഭേദം ഇപ്പോഴേ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല