1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2012

മാത്യുക്കുട്ടി ആനകുത്തിക്കല്‍

യൂറോപ്പിലെ തന്നെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ യു.കെ.കെ.സി.എയുടെ 11ാം കണ്‍വെന്‍ഷന്‍ റാലിയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കണ്‍വെന്‍ഷന്റെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നായ റാലിയില്‍ തനിമയുടെ പൈതൃകം ഒരുമ നമ്മുടെ വരദാനം എന്ന ആപ്തവാക്യം മുന്‍നിര്‍ത്തി 47 യൂണിറ്റുകള്‍ അണിനിരക്കുമ്പോള്‍ ഒരു സമുദായത്തിന്റെ ഒരു വര്‍ഷത്തെ കാത്തിരിപ്പിന്റെയും കഠിനാധ്വാനത്തിന്റെയും ആത്മനിര്‍വൃതി പൂര്‍ത്തിയാവുകയാണ്.മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി പങ്കെടുക്കുന്ന എല്ലാ യൂണിറ്റുകള്‍ക്കും റാലി വ്യക്തമായി കാണുവാനും ആസ്വദിക്കുവാനും ഉള്ള ക്രമീകരണങ്ങള്‍ ഈ വര്‍ഷം പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്.

മുന്‍വര്‍ഷങ്ങളിലെ ജേതാക്കള്‍ക്കൊപ്പം മറ്റെല്ലാ യൂണിറ്റുകളും ആവേശകരമായി ഒരുക്കങ്ങള്‍ തുടങ്ങിയതോടെ ഈ വര്‍ഷത്തെ സമ്മാനങ്ങള്‍ ആരു കരസ്ഥമാക്കും എന്ന് പ്രവചനാതീതമായിത്തീര്‍ന്നു കഴിഞ്ഞിരിക്കുന്നു. വിജയികളെ കാത്ത് ക്യാഷ് പ്രൈസ് അടക്കം ആകര്‍ഷകമായ സമ്മാനങ്ങള്‍ നിരവധിയുണ്ട്.ആശയസമ്പുഷ്ടമായ തനിമ നമ്മുടെ പൈതൃകം ഒരും നമ്മുടെ വരദാനം എന്ന കണ്‍വെന്‍ഷന്‍ സന്ദേശം അതിന്റെ എല്ലാ അര്‍ത്ഥങ്ങളിലും യുകെയിലെ ഓരോ ക്‌നാനായക്കാരനും നെഞ്ചിലേറ്റിയതോടെ മനസ്സു കുളിര്‍ക്കുന്ന ഒരു കാഴ്ചയായിരിക്കും ഈ വര്‍ഷത്തെ റാലി.

കേരളത്തനിമയുള്ള വിവിധതരം വാദ്യമേളങ്ങള്‍ മാല്‍വേണ്‍ നിരകളെ പ്രകമ്പനം കൊള്ളിക്കുന്നതോടൊപ്പം വിവിധ യൂണിറ്റുകളിലെ ചെണ്ടമേളക്കാര്‍ ഒത്തുചേര്‍ന്നൊരുക്കുന്ന മേളപ്പെരുപ്പ് ഈ വര്‍ഷത്തെ റാലിയുടെ ഏറ്റവും വലിയ പ്രത്യേകതയാണ്. ക്‌നായി തൊമ്മന്‍ നഗറിലെ പുല്‍ത്തകിടിയില്‍ യുകെയില്‍ വ്യാപിച്ചുകിടക്കുന്ന 47 യൂണിറ്റുകള്‍ അണിനിരക്കുമ്പോള്‍ മത്സരം കടുത്തതായിരിക്കും.

റാലികമ്മറ്റിയുടെ ചെയര്‍മാന്‍ യു.കെ.കെ.സി.എ യുടെ ജോയിന്റ് സെക്രട്ടറി ജോബി ഐത്തിലാണ്. അദ്ദേഹത്തെ കൂടാതെ ജസ്റ്റിന്‍ ജോസ്, ജോസഫ് തച്ചേട്ട്, സാജു ലൂക്കോസ്, തോമസ് ലോനന്‍, റ്റാജ് തോമസ്, ജോണി കുന്നുപുറത്ത്, കെസിവൈഎല്‍ നിന്നും ദീപ് സൈമണ്‍, എന്നിവരടങ്ങുന്ന കമ്മറ്റിയുടെ കഠാനാധ്വാനം 11ാമത് കണ്‍വെന്‍ഷന്‍ റാലിയിലൂടെ നല്ല മുഹുര്‍ത്തങ്ങള്‍ സമ്മാനിക്കുമെന്ന് ഉറപ്പ് നല്‍കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.