യുകെ ക്‌നാനായ കാത്തലിക്ക് അസോസിയേഷന്റെ പതിനൊന്നാമത് കണ്‍വെന്‍ഷന്‍റെ പ്രൗഢോജ്വലമായ റാലിക്കായി രാജവീഥിയൊരുങ്ങുന്നു. ക്‌നാനായ സമുദായ വൈകാരിക ആവേശമുണര്‍ത്തിക്കൊണ്ട് തനിമ നമ്മുടെ പൈതൃകം ഒരുമ നമ്മുടെ വരദാനം എന്ന ആപ്ത വാക്യത്തിലധിഷ്ഠിതമായി യൂണിറ്റുകള്‍ റാലിക്കൊരുങ്ങുമ്പോള്‍ മാള്‍വെന്‍ മലനിരകള്‍ തീപാറും മുദ്രാവാക്യങ്ങളാല്‍ പ്രകമ്പനം കൊള്ളും.
യുകെകെസിഎ ജോയിന്റ് സെക്രട്ടറി ജോബി ഐത്തിലിന്റെ നേതൃത്വത്തിലുള്ള വലിയ കമ്മറ്റി മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി അതിമനോഹരമായ രാജവീഥിയാണ് റാലിക്കായി ഒരുക്കുന്നത്. റാലി കടന്നുപോകുന്ന വീഥിയിലെങ്ങും വെള്ളി നിറത്തിലുള്ള തോരണങ്ങളാല്‍ അലംകൃതമാകും. ഇതിനായി 21 കിലോ വെള്ളിനിറത്തിലുള്ള തോരണങ്ങള്‍ നാട്ടില്‍ നിന്നും എത്തിക്കഴിഞ്ഞു.
കണ്‍വെന്‍ഷന്റെ മുഖ്യ ആകര്‍ഷണമായ റാലിക്ക് യൂണിറ്റുകള്‍ വീറും വാശിയോടും ഒരുങ്ങുന്നതിനൊപ്പം ജോബി ഐത്തിലിന്റെ നേതതൃത്വത്തിലുള്ള റാലി കമ്മറ്റി അംഗങ്ങളായ ജസ്റ്റിന്‍ കാര്‍ഡിഫ്, ജോസഫ് ഹെരിഫോര്‍ഡ്, സാജു ലിവര്‍പൂള്‍, തോമസ് ലോനന്‍ ലിവര്‍പൂള്‍, ടാങ്ക് കവന്‍ടി, ജോണി ചിച്ചെസ്റ്റര്‍, ദീപ് സൈമണ്‍ എന്നിവര്‍ റാലിയെ അവിസ്മരണീയമാക്കാനുള്ള ഉദ്യമത്തിലാണ്.
കഴിഞ്ഞ വര്‍ഷത്തെ റാലി ജേതാക്കള്‍ തങ്ങളുടെ കിരീടം നിലനിര്‍ത്തുവാനും നിലവിലുള്ളവര്‍ ജേതാക്കളെ അട്ടിമറിക്കുവാനും വേണ്ടി യൂണിറ്റുകള്‍ തങ്ങളുടെ റാലി മോടിപിടിപ്പിക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങള്‍ പുരോഗതിയില്‍ നടത്തിവരുന്നു. കേരളത്തിലെ പ്രമുഖ് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും വിപണിയിലെ പുതുപുത്തന്‍ സാരികളും, ഷര്‍ട്ടുകളും അവധി കഴിഞ്ഞു മടങ്ങി വരുന്നവരും പോസ്റ്റല്‍ വഴിയും വിവിധ യൂണിറ്റുകളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.
തൃശൂര്‍ പൂരത്തിന് സമാനമായ ചെണ്ടമേളം റാലിയുടെ അവസാനം ഒരുക്കുന്നതിനുള്ള അക്ഷീണ പ്രവര്‍ത്തനത്തിലാണ് ജോബി ഐത്തിലിന്റെ നേതൃത്വത്തിലുള്ള റാലി കമ്മറ്റി. വിവിധ യൂണിറ്റുകളിലെ ചെണ്ടമേളക്കാര്‍ ഒന്നിച്ചു ചേര്‍ന്നു നടത്തുന്ന ചെണ്ടമേളം സാമുദായിക വികാരം സിരകളില്‍ അലിഞ്ഞുചേര്‍ന്ന ക്‌നാനായക്കാരെ ആവേശഭരിതരാക്കും.
ഓരോ യൂണിറ്റിലും കടന്നുപോകുമ്പോള്‍ യൂണിറ്റിനെ സംബന്ധിച്ച് ലഘുവിവരണം ജസ്റ്റിന്‍ കാര്‍ഡിഫ്, ജോസഫ് തച്ചേട്ട് എന്നിവര്‍ ചേര്‍ന്നു നടത്തുമ്പോള്‍ ഓരോ സമുദായ അംഗങ്ങളിലും ആവേശമുണരും.
റാലിയുടെ മുന്‍നിരയില്‍ വിശിഷ്ടാതിഥികളായമാര്‍ ജോസഫ് പണ്ടാരശേരി, ജോയി മുപ്രാപ്പള്ളി , ഷിന്‍സ് ആകശാല, ജോര്‍ജ്ജ് നെല്ലാമറ്റം എന്നിവരും സെന്‍ട്രല്‍ കമ്മറ്റിയംഗങ്ങളും അണിനിരക്കും. തുടര്‍ന്ന് അക്ഷരമാലാക്രമത്തില്‍ വിവിധ യൂണിറ്റുകള്‍ അണിനിരക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല