യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായി വളര്‍ന്നു കഴിഞ്ഞ യു കെ കെ സി എ എന്ന സംഘടനയുടെ പുതിയ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ വരുന്ന ശനിയാഴ്ച നടക്കുകയാണല്ലോ. വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന ആളുകളെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ മാധ്യമങ്ങള്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇത്തരുണത്തില്‍ ഒരു നിക്ഷ്പക്ഷ മാധ്യമം എന്ന നിലയില്‍ എന്‍ ആര്‍ ഐ മലയാളിയുടെ നിലപാട് വ്യക്തമാക്കണം എന്ന് നിരവധി വായനക്കാര്‍ ആവശ്യപ്പെട്ടതിനാലാണ് ഞങ്ങള്‍ ഈ കുറിപ്പെഴുതുന്നത്.
തനിമയിലും ഒരുമയിലും എക്കാലവും ഉറച്ചു നില്‍ക്കുന്ന ക്നാനായ സമുദായംഗങ്ങള്‍ ആ പാരമ്പര്യം യു കെയിലും കാത്തു സൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധര്‍ ആയതിന്റെ തെളിവാണ് യു കെ കെ സി എ എന്ന സംഘടനയുടെ ഇന്ന് വരെയുള്ള വളര്‍ച്ച.ആരെയും അസൂയപ്പെടുത്തുന്ന ഈ മുന്നേറ്റത്തിന്റെ പിറകില്‍ ഓരോ ക്നാനായ സമുദായാംഗവും തങ്ങളുടേതായ പങ്ക് വഹിച്ചിട്ടുണ്ട്. . സംഘടനയുടെ നേട്ടങ്ങള്‍ ഒരു പറ്റം നേതാക്കളുടെ മാത്രം നേട്ടമാണെന്ന് നിക്ഷ്പക്ഷമായി വിലയിരുത്തുന്ന ആര്‍ക്കും പറയാന്‍ സാധിക്കില്ല.ഓരോ സമുദായാംഗവും മുന്‍ കാല നേതാക്കളും ഒഴുക്കിയ വിയര്‍പ്പിന്റെ ഫലം ഇപ്പോഴുള്ള നേതൃത്വം അനുഭവിക്കുന്നു എന്ന് വേണമെങ്കില്‍ പറയാം.
നേതാക്കള്‍ എത്ര വളര്‍ന്നാലും അവര്‍ സംഘടനയുടെ മുകളില്‍ വളരുന്നു എന്ന സ്ഥിതി വന്നാല്‍ അന്ന് സംഘടനയുടെ ഗ്രാഫ് കീഴോട്ടു പോയിതുടങ്ങും.നിര്‍ഭാഗ്യകരമെന്ന് പറയട്ടെ,യു കെ കെ സി എ യുടെ കാര്യത്തിലും അവസാന കാലഘട്ടത്തില്‍ ഇപ്രകാരം സംഭവിച്ചു എന്ന് വിലയിരുത്തേണ്ടി വരും.ആവശ്യത്തില്‍ കൂടുതല്‍ കിട്ടിയ മാധ്യമ പബ്ലിസിറ്റിയില്‍ മതിമറന്ന ചില നേതാക്കള്‍ എങ്കിലും സംഘടനയെയും സമുദായത്തെയും മറന്നപ്പോള്‍ ചെറുതായത് ഓരോ സമുദായാംഗവുമാണ്.
സംഘടനയിലും സമുദായത്തിലും ഒരു ദശാബ്ദം കൊണ്ട് പടുത്തുയര്‍ത്തിയ ഐക്യത്തിന്റെ മതില്‍ ഒരു സുപ്രഭാതത്തില്‍ ചില സ്ഥാപിത താല്‍പ്പര്യക്കാര്‍ തച്ചുടയ്ക്കാന്‍ ശ്രമിച്ചപ്പോള്‍,പ്രസിഡന്റ് അടക്കമുള്ളവര്‍ കാര്യപ്രാപ്തിയില്ലാതെ മറ്റുള്ളവരുടെ കൈയ്യിലെ കളിപ്പാവകള്‍ ആയപ്പോള്‍, ആത്മീയ ഉപദേശകനായ വൈദികന്റെ വാക്കുകള്‍ ധിക്കരിച്ച് സമാന്തര സംഘടന രൂപീകരിച്ചപ്പോള്‍,അതിന്‍റെ ഉദ്ഘാടനം നിലവിലുള്ള നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് നിര്‍വഹിച്ചപ്പോള്‍,സമുദായംഗങ്ങള്‍ക്കു മാത്രമായി അയച്ച വൈദികന്റെ ഇമെയില്‍ മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തിയപ്പോള്‍ ഇടിഞ്ഞു വീണത് ഓരോ ക്നാനായക്കാരന്റെയും ആത്മാഭിമാനമാണ്.ഇതിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്നും നിലവിലുള്ള നേതൃത്വത്തിന് ഒഴിഞ്ഞു മാറാന്‍ കഴിയില്ല.
ശനിയാഴ്ചത്തെ തിരഞ്ഞെടുപ്പില്‍ മല്‍സരം ഉറപ്പായിരിക്കെ മത്സരാര്‍ത്ഥികളോട് ഒരു വാക്ക്. . . നിങ്ങളുടെ സ്ഥാനാര്‍ഥിത്വം നിഷ്പക്ഷമായി ഒരിക്കലെങ്കിലും നിങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ ? സ്ഥാന മോഹങ്ങള്‍ക്കുപരി സംഘടനയുടെ വളര്‍ച്ചയ്ക്കായി നിങ്ങള്‍ക്ക് എന്തു ചെയ്യാന്‍ സാധിക്കും ? ആരുടെയെങ്കിലും നോമിനി എന്നതിലുപരി ആ സ്ഥാനത്തേക്കുള്ള എന്തെങ്കിലും യോഗ്യത നിങ്ങള്‍ക്കുണ്ടോ ? സ്വയം വിലയിരുത്തുക .സ്വന്തം കഴിവും പ്രവൃത്തി പരിചയവും സമയവും സാമ്പത്തികവും വച്ച് .സംഘടനയോടും സമുദായത്തോടും നീതി പുലര്‍ത്താന്‍ കഴിയുമെന്ന ആത്മവിശ്വാസത്തില്‍ എന്തെങ്കിലും കുറവുണ്ടെങ്കില്‍ ഒരു നല്ല ക്നാനായക്കാര്നായി മല്‍സരത്തില്‍ നിന്ന് സ്വയം പിന്മാറുക.ഇനി അഥവാ തിരഞ്ഞെടുപ്പില്‍ വിജയിച്ചില്ലെങ്കില്‍ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ പരാജയം ഉള്‍ക്കൊണ്ട് പുതിയ നേതൃത്വത്തോട് സഹകരിക്കാന്‍ നിങ്ങള്‍ക്ക് കഴിയണം.അവിടെ നിങ്ങള്‍ വിജയിക്കും,ഒപ്പം സംഘടനയും സമുദായവും.
ഇപ്പോഴത്തെ നേതൃത്വം കളഞ്ഞു കുളിച്ച സംഘടനയുടെ ഇമേജ് വീണ്ടെടുക്കുകയാണ് ഇനി വേണ്ടത്.ശനിയാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പില്‍ വ്യക്തി താല്‍പ്പര്യങ്ങള്‍ക്കുപരി സമുദായത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന നേതൃത്വം ആയിരിക്കണം തിരഞ്ഞെടുക്കപ്പെടെണ്ടത്.സമുദായത്തിന്റെയും സംഘടനയുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന,സംഘടനാ പാടവമുള്ള കഴിവുള്ള നേതാക്കള്‍ മുന്നോട്ട് വരണം.സമ്മേളന വേദികളില്‍ കോട്ടിട്ട് ചിരിച്ചു കാണിക്കാനും ആരെങ്കിലും എഴുതിക്കൊടുത്ത പ്രസംഗം നോക്കി വായിക്കാനും വേണ്ടി മാത്രം ഇനി നമുക്ക് നേതാക്കള്‍ വേണ്ട.ക്നാനായ സമുദായത്തിന്റെ അന്തസത്ത കാത്തു സൂക്ഷിച്ചു കൊണ്ട് പാരമ്പര്യ മൂല്യങ്ങളില്‍ നില നിന്നു കൊണ്ട്
ആത്മീയ ഭൌതിക തലങ്ങളില്‍ യു കെ കെ സി എ എന്ന സംഘടനയെ ശക്തിപ്പെടുത്താന്‍ പുതിയ നേതൃത്വത്തിന് കഴിയണം.
ഒരിക്കല്‍ കൂടി ഞങ്ങള്‍ ഓര്‍മിപ്പിക്കുന്നു,വ്യക്തികളല്ല മറിച്ച് സംഘടനയാണ് വലുത്.ഈ നിലപാടില്‍ നിലനിന്നു കൊണ്ട് താഴ്ന്നു പോയ സംഘടനയുടെ ഗ്രാഫ് ഉയര്‍ത്താന്‍,നിലച്ചു പോയ ഐക്യ കാഹളം വീണ്ടും മുഴക്കാന്‍ കഴിയുന്ന നേതൃത്വം വേണം തിരഞ്ഞെടുക്കപ്പെടാന്‍. അങ്ങിനെയുള്ള ഒരു നവ നേത്രുത്വത്തെ തന്നെ ഈ ശനിയാഴ്ചത്തെ തിരഞ്ഞെടുപ്പില്‍ യു കെ കെ സി എ -യെ നയിക്കാന്‍ വേണ്ടി ഓരോ നാഷണല്‍ കമ്മിറ്റി അംഗവും തിരഞ്ഞെടുക്കും എന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല