1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 12, 2012

ജിജോ മാധവപ്പള്ളി

മാല്‍വണ്‍ഹില്‍സ്: മാല്‍വണ്‍ താഴ്വാരങ്ങള്‍ പതിനൊന്നാം യുകെകെസിഎ കണ്‍വന്‍ഷനായി ഒരുങ്ങുമ്പോള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മുഖ്യ ആകര്‍ഷണമായി മാറിക്കഴിഞ്ഞ സ്വാഗത നൃത്തശില്‍പം ഇക്കുറി ഒട്ടേറെ വ്യത്യസ്തതകള്‍ കൊണ്ട് പുതുചരിത്രമെഴുതും. മലയാള ചലച്ചിത്ര ഭക്തിഗാന മേഖലകളിലെ പ്രമുഖരടങ്ങുന്ന സംഘമാണ് ഈ കലാസൃഷ്ടിയുടെ പിന്നില്‍ അണിനിരക്കുന്നത്.

അരങ്ങിലും അണിയറയിലുമായി നൂറോളം കലാകാരന്മാര്‍ പങ്കെടുക്കുന്ന അവതരണ നൃത്തശില്‍പം യൂറോപ്യന്‍ മലയാളി വേദികളില്‍ നാളിതുവരെ നടന്ന ഇത്തരം നൃത്തശില്‍പങ്ങളില്‍ ഏറെ മികവും പുലര്‍ത്തുമെന്നതില്‍ സംശയമില്ല. സമരരക്തത്തിന്‍ സമവാക്യങ്ങളില്‍ മാഞ്ചസ്റ്ററിന്റെ മാധ്യസ്ഥനേ തുടങ്ങിയ ഹിറ്റ് ഗാനങ്ങള്‍ രചിച്ച ഷാജി ചരമേല്‍ ആണ് ആശയസംപുഷ്ടവും കാവ്യഭംഗിയുമുള്ള ഗാനരചന നര്‍വഹിച്ചിരിക്കുന്നത്. ചലച്ചിത്ര പിന്നണി ഗായകനും ഭക്തിഗാന രംഗത്തെ പ്രഗത്ഭനും നാട്ടിലും വിദേശത്തുമായി ഒട്ടനവധി സ്റ്റേജ് ഷോകളില്‍ തിളങ്ങിയ വില്‍സണ്‍ പിറവവും സംഘവും ചേര്‍ന്നാണ് എട്ടുമിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഗാനം ശ്രുതിമധുരമായി ആലപിച്ചിരിക്കുന്നത്. തെന്നിന്ത്യന്‍ ചലച്ചിത്രവേദിയിലെ പുത്തന്‍ താരോദയം പ്രശാന്ത് ജോണ്‍ ആണ് ഈ സ്വാഗത ഗാനത്തിന് ഭാവസാന്ദ്രമായ സംഗീതം നല്‍കിയിരിക്കുന്നത്.

ജോണ്‍സണ്‍ മാഷിന്റെയും അലക്സ് പോളിന്റെയുമൊപ്പം നിരവധി ഗാനങ്ങള്‍ക്കുവേണ്ടി പ്രശാന്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. ട്രാഫിക്, മേല്‍വിലാസം തുടങ്ങി നിരവധി സിനിമാ ഗാനങ്ങള്‍ക്കും അനവധി ഭക്തിഗാനങ്ങള്‍ക്കും സൌണ്ട് ഡിസൈനിങ്ങും മിക്സിങ്ങും നിര്‍വഹിച്ചിട്ടുള്ള അമലാ ഡിജിറ്റലിലെ ജോയി ജോസഫ് ആണ് സാങ്കേതിക തികവാര്‍ന്ന രീതിയില്‍ ഈ ഗാനത്തിന്റെ ശബ്ദമിശ്രണം ചെയ്തിരിക്കുന്നത്. വേദിയില്‍ അംഗചലനങ്ങളുടെ പുത്തന്‍ ഭാവങ്ങളൊരുക്കി ചടുലതാളങ്ങളുടെ വിസ്മയക്കാഴ്ച പകരുവാന്‍ യുകെയിലെ പ്രശസ്ത കൊറിയോഗ്രഫര്‍ കലാഭവന്‍ നൈസ് ആണ് നൃത്തച്ചുവടുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഭാരതകലയുടെ അഭിനയ പ്രാധാന്യമുള്ള കഥക്, കേരളീയ കലയുടെ നേര്‍ചിന്തയായ കഥകളി, ഭരതനാട്യം, മോഹിനിയാട്ടം ഒപ്പം വേഗചലനങ്ങളുടെ ദൃശ്യചാരുതയാര്‍ന്ന സിനിമാറ്റിക് തുടങ്ങിയ നൃത്തകലയുടെ വിവിധ ഭാവങ്ങള്‍ക്ക് വിവിധ മല്‍സരങ്ങളിലും വേദികളിലും കഴിവു തെളിയിച്ച് തിരഞ്ഞെടുക്കപ്പെട്ട യുവകലാകാരന്മാര്‍ ചുവടുവയ്ക്കുമ്പോള്‍ മാല്‍വണില്‍ മലയാള കലയുടെ നവവസന്തം വിരിയും. കണ്‍വന്‍ഷന്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ജിജോ മാധവപ്പള്ളിയാണ് ഈ പ്രൊജക്ടിന്റെ കോ – ഓര്‍ഡിനേറ്റര്‍.

ലോകമെമ്പാടുമുള്ള കലാസ്വാദകര്‍ക്ക് വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെയും ഈ സ്വാഗത നൃത്തം ആസ്വദിക്കുന്നതിനുവേണ്ട ക്രമീകരണങ്ങള്‍ നടത്തും. ലേവി പടപ്പുരയ്ക്കന്‍, മാത്തുക്കുട്ടി ആനകുത്തിക്കല്‍, സാജന്‍ പടിയ്ക്കമ്യാലില്‍, ജിജോ മാധവപ്പള്ളി, ജോബി ഐത്തില്‍, തങ്കച്ചന്‍ കനകാലയം, സ്റ്റെബി ചെറിയാക്കല്‍, വിനോദ് മാണി എന്നിവര്‍ ഉള്‍പ്പെട്ട യുകെകെസിഎ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷനുവേണ്ടി വിപുലമായ ക്രമീകരണങ്ങള്‍ നടത്തിവരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.