സണ്ണി ജോണ്‍
യുക്മയുടെ പുതിയ ഭരണ സമിതി വന്നതിന് ശേഷം പല വിഷയങ്ങളിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുകയും അവയെല്ലാം പുറത്തേക്ക് വരികയും ചെയ്തിട്ടുണ്ട്. ഈ സമയങ്ങളിലൊക്കെയും ന്യായമാണെന്നുള്ള വിഷയങ്ങളില്‍ പോലും ഞാന്‍ പ്രതികരിച്ചിട്ടില്ല. സംഘടനയുടെ സ്ഥാപക പ്രസിഡന്റ് എന്ന നിലയില്‍ ഈ സംഘടനയിലേക്ക് അംഗ അസോസിയേഷനുകളെ ചേര്‍ത്ത് കൊണ്ട് ശക്തിപ്പെടുത്തുവാന്‍ വേണ്ടി പ്രാരംഭ കാലത്ത് ഞാനും എന്റെ സഹപ്രവര്‍ത്തകരും ഒട്ടനവധി കഷ്ടപ്പാടുകള്‍ സഹിച്ചിട്ടുണ്ട്. അതിന് ശേഷം ഇന്ന് ഏറ്റവും തലയെടുപ്പുള്ള പ്രവാസി സംഘടനയായി മാറി കഴിഞ്ഞ യുക്മയില്‍ ഉണ്ടാകുന്ന ചെറിയ ചെറിയ പ്രശ്‌നങ്ങളെ പൊതു ജന മധ്യത്തില്‍ ചര്‍ച്ചയ്ക്ക് വരികയും അത് വഴി സംഘടനയ്ക്ക് പേരുദോഷം ഉണ്ടാക്കേണ്ട എന്ന് വിചാരിച്ചാണ് ഇത്രയും കാലം നിശബ്ദത പാലിച്ചത്.
ഒരു ജനാധിപത്യ സംഘടനയില്‍ ഭാരവാഹികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ പുതുമയുള്ളതല്ല. ഞാന്‍ പ്രസിഡണ്ടായിരുന്ന കാലഘട്ടത്തിലും ഇത്തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഭാരവാഹികള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഒരു ജനാധിപത്യ സംഘടന എന്ന നിലയില്‍ തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകുവാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചതിലൂടെയാണ് സംഘടനയ്ക്ക് ഒരു വിള്ളലും വരുത്താതെ സംഘടനയെ ഇന്നീ നിലയില്‍ എത്തിച്ചത്.
ഞങ്ങളുടെ കാലഘട്ടത്തില്‍ ശക്തമായ അഭിപ്രായ വ്യത്യാസം ഉണ്ടായ ഒരു വിഷയത്തെ തുടര്‍ന്ന്! പുതിയ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വ്യക്തമായ രണ്ട് പാനല്‍ വച്ചുള്ള തെരഞ്ഞെടുപ്പ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ അധികാരത്തില്‍ വന്ന ഭരണ സമിതി പരാജിതരായവരുമായും നല്ല സഹകരണത്തോടെ പ്രവര്‍ത്തിക്കുകയും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോള്‍ തന്നെ അവ പരിഹരിച്ച് മുന്നോട്ട് പോവുകയുമായിരുന്നു. യുക്മയുടെ നയപ്രഖ്യാപനങ്ങളും നിര്‍ണ്ണായക തീരുമാനങ്ങളും പത്ര മാധ്യമങ്ങളില്‍ വരുന്നതിനു മുന്‍പ് തന്നെ ഭാരവാഹികളെ അറിയിക്കാനുള്ള മാന്യത ആ ഭരണ സമിതി കാണിച്ചിട്ടുണ്ട്.
ഇപ്പോള്‍ നിലവിലുള്ള ഭരണസമിതി ഒരു തെരഞ്ഞെടുപ്പ് കൂടാതെ സമവായത്തിലൂടെ എല്ലാ റീജിയനുകളെയും മറ്റ് സാഹചര്യങ്ങളെയും പരിഗണിച്ച് കൊണ്ട് സര്‍വ്വഥാ സമ്മതമായ ഒരു ഭരണസമിതിയുണ്ടാക്കാന്‍ തീരുമാനിച്ചതിന്റെ ഫലമായുണ്ടായതാണ്. ഇതിന് മുന്‍കയ്യെടുത്ത മുന്‍ ഭരണ സമിതിയുടെ തീരുമാനത്തിന് എല്ലാവരും പിന്തുണ നല്‍കിയാണ് ജനറല്‍ ബോഡിയെ അഭിമുഖീകരിച്ചത്. എന്നാല്‍ പൊതുയോഗത്തിന്റെ അന്ന് മുതല്‍ തന്നെ ചില അപസ്വരങ്ങള്‍ കാണാന്‍ ഇടയായി. എല്ലാവര്‍ക്കും സമ്മതമായ ഒരു പാനല്‍ അവിടെ അവതരിപ്പിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നിട്ടും ചില മേഖലകളിലാണ് സംഘടനയുടെ ആധിപത്യം എന്ന് സ്ഥാപിക്കുവാന്‍ വേണ്ടിയും വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കുന്നതിനും മറ്റുമായി അവിടെ ഒരു തെരഞ്ഞെടുപ്പ് രംഗം സൃഷ്ടിച്ച വ്യക്തികള്‍ തന്നെയാണ് ഇപ്പോള്‍ ഈ സംഘടനയില്‍ പ്രശ്‌നമുണ്ടാകുന്നതിന് കാരണക്കാര്‍ എന്ന് എനിക്ക് തോന്നുന്നു.
യുക്മയെ സ്‌നേഹിക്കുന്ന മുഴുവന്‍ ആളുകളും ആവേശത്തോടെ നോക്കിയിരുന്ന യുക്മ ന്യൂസ് എന്ന പത്രത്തിന്റെ പ്രകാശനത്തിന്റെ സമയത്ത് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ചിലര്‍ കോലാഹലങ്ങള്‍ സൃഷ്ടിച്ചത് എന്തിന് വേണ്ടിയായിരുന്നു എന്ന് ഇപ്പോള്‍ ജനങ്ങള്‍ക്ക് ബോദ്ധ്യമായി കാണും. ശ്രീ. ബിന്‍സു ജോണ്‍ ചീഫ് എഡിറ്റര്‍ ആയി ആരംഭിച്ച യുക്മ ന്യൂസില്‍ ആര്‍ക്കും ഉപദ്രവമില്ലാത്ത ഒരു ഹാസ്യലേഖനം പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ ആ ലേഖനത്തിന്റെ അടിയില്‍ എടുത്തു ചാട്ട മനോഭാവത്തോടെ സംഘടനയെ നയിക്കുന്ന പ്രസിഡന്റ് മോശമായി അഭിപ്രായം എഴുതുകയും അതിനെ ചൊല്ലി ആരംഭിച്ച വിവാദങ്ങള്‍ ചില കുശാഗ്രബുദ്ധിയായ ആളുകള്‍ ആളി കത്തിച്ച് മുതലെടുക്കുകയും ചെയ്തു. ബിന്‍സു ജോണ്‍ ആ സ്ഥാനത്ത് നിന്ന് മാറുന്നത് വരെ യുക്മ ന്യൂസിന് സംഘടനയുടെതായ ഒരു പിന്തുണയും ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമായി.
സംഘടനാ താത്പര്യം സംരക്ഷിക്കുന്നതിനും പത്രത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും വേണ്ടി ബിന്‍സു ജോണ്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ പകരം ചീഫ് എഡിറ്ററെ തെരഞ്ഞെടുത്തത് സംഘടനാ മര്യാദകള്‍ പാലിക്കാതെയും യുക്മ നാഷണല്‍ കമ്മറ്റിയംഗങ്ങളുടെ അഭിപ്രായം പോലും ചോദിക്കാതെയും ആയിരുന്നു. അപ്പോള്‍ ജനറല്‍ ബോഡിയില്‍ പത്രവുമായി ബന്ധപ്പെട്ടുണ്ടായ കോലാഹലങ്ങളും പിന്നീടുണ്ടാക്കിയ സംഭവങ്ങളും മുന്‍കൂട്ടിയുള്ള തിരക്കഥയുടെ ഭാഗമായിരുന്നു എന്നാരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാന്‍ കഴിയില്ല.
ഇനി സംഘടനയില്‍ ഉണ്ടായ മറ്റൊരു പ്രധാന വിഷയം. കൃത്യമായും ഭരണഘടനയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടന എന്ന നിലയില്‍ യുക്മയിലെ അംഗ അസോസിയേഷനുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന്! പ്രതിനിധികളുടെ ജനാധിപത്യ അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണമായിരുന്നില്ലേ വെയ്ല്‍സ് റീജിയന്‍ ഇലക്ഷന്‍ വിഷയത്തില്‍ കൈക്കൊണ്ടത്? മൂന്ന്! പ്രാവശ്യം പൊതുയോഗം വിളിച്ചപ്പോഴും അവിടുത്തെ പ്രതിനിധികളുടെ അഭിപ്രായത്തില്‍ വ്യത്യാസം ഉണ്ടായിരുന്നില്ല. അവര്‍ നിശ്ചയിച്ചത് പോലെയുള്ള കമ്മറ്റി തന്നെ വീണ്ടും വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും ഒടുവില്‍ നേതൃത്വത്തിന് അതംഗീകരിക്കേണ്ടി വരികയും ചെയ്തു. ഇതിനിടയില്‍ ഇക്കാര്യത്തിലുണ്ടായ പ്രശ്‌നങ്ങള്‍ യുക്മ ഫേസ്ബുക്ക് പേജില്‍ ചര്‍ച്ചയ്ക്കിടാനെടുത്ത തീരുമാനം അവിവേക പൂര്‍ണ്ണവും ഭാരവാഹികള്‍ തമ്മില്‍ കണ്ടാല്‍ മിണ്ടാനാവാത്ത വിധം ശത്രുത വളര്‍ത്തുന്നതും സംഘടനയുടെ മുഖം വികൃതമാക്കുന്നതും ആയി.
ഇന്ന് നിലവിലുള്ള നേതൃത്വത്തെ അധികാരത്തിലെത്തിക്കുവാന്‍ മുന്‍കയ്യെടുത്ത മുന്‍ ഭരണസമിതിയില്‍ നിന്നും അവരായിട്ട് വളര്‍ത്തിയെടുത്ത വെബ്‌സൈറ്റിന്റെയും അവരായി തുടങ്ങി വച്ച സോഷ്യല്‍ മീഡിയയുടെയും പാസ് വേര്‍ഡ്കള്‍ ചില പാര്‍ശ്വവര്‍ത്തികളുടെ സമ്മര്‍ദ്ദ ഫലമായി പിടിച്ച് വാങ്ങിയിട്ട് ഇന്ന് അതിന്റെ അവസ്ഥ എന്താണ്? വെബ്‌സൈറ്റില്‍ ചെന്നാല്‍ യുക്മയുമായി ബന്ധപ്പെട്ട യാതൊരു പുതിയ വിവരങ്ങളും കിട്ടാനില്ല.
യുക്മ ഫേസ്ബുക്ക് ഗ്രൂപ്പിലാണെങ്കില്‍ സംഘടനയെ സംബന്ധിച്ചുള്ള ചോദ്യങ്ങളില്‍ ഉത്തരം മുട്ടുമ്പോള്‍ അതിന് മറുപടി കൊടുക്കാന്‍ കഴിയാത്തതിനാല്‍ പോസ്റ്റുകള്‍ തന്നെ ഡിലിറ്റ് ചെയ്തു മുഖം രക്ഷിക്കുന്ന അഡ്മിന്‍മാര്‍. തങ്ങളുടെ വരുതിക്ക് നില്‍ക്കാത്ത ഭാരവാഹികള്‍ക്ക് എതിരായി അപവാദ പ്രചരണം നടത്തുവാന്‍ വ്യാജ ഐഡികള്‍ സൃഷ്ടിച്ചു ഫേസ്ബുക്ക് ഗ്രൂപ്പില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തു നിര്‍വൃതി കൊള്ളുന്നു ചിലര്‍. പൊതുജന മധ്യത്തില്‍ യുക്മയുടെ മുഖമായി മാറേണ്ട ഫേസ്ബുക്ക് ഗ്രൂപ്പില്‍ അപവാദ പ്രചാരണങ്ങള്‍ നടത്തിയും ചിലരെ അതിന് പ്രേരിപ്പിച്ചും അഡ്മിന്‍മാര്‍ തന്നെ സംഘടനയെ അപഹാസ്യമാക്കുന്നു.
ഇതൊക്കെ പോകട്ടെ, ശ്രീ. വിജി കെ.പി നേതൃത്വം നല്‍കിയ ഭരണസമിതിയുടെ കാലത്ത് വോഡാഫോണ്‍ കോമഡി സ്റ്റാര്‍സ് ജനകീയമാക്കി കൊണ്ട് പതിമൂന്ന് സ്റ്റേജുകളില്‍ വിജയകരമായി നടത്തിക്കുവാന്‍ നമ്മുടെ സംഘടനയ്ക്ക് കഴിഞ്ഞിരുന്നു. അതേ ആളുകള്‍ തന്നെ നയിച്ച കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ചിത്രഗീതം പോലുള്ള ബിഗ് ബഡ്ജറ്റ് പ്രോഗ്രാമും വിജയിപ്പിക്കുവാന്‍ കഴിഞ്ഞിരുന്നു. യുക്മയുടെ ഈ സംഘടനാശേഷി മനസ്സിലാക്കിയ വിന്റെജ് കമ്പനിക്കാര്‍ സെലിബ്രിറ്റി ക്രിക്കറ്റ് യുകെയില്‍ നടത്തുവാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ നമ്മുടെ സംഘടനയുമായി ബന്ധപ്പെടുകയുണ്ടായി. എന്നാല്‍ അവര്‍ നമ്മളില്‍ അര്‍പ്പിച്ച വിശ്വാസം പാഴാവുകയും നമുക്ക് ഒന്നും ചെയ്യുവാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്തതില്‍ നിന്നും നമ്മുടെ സംഘടന എത്ര മാത്രം പിന്നോട്ട് പോയി എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ശ്രീ കനെഷ്യസ് അത്തിപ്പോഴി, ശ്രീ. കാരൂര്‍ സോമന്‍, ശ്രീ. ജോയ് അഗസ്തി, ശ്രീ. റെജി നന്തിക്കാട്ട്, ശ്രീ. സി. എ ജോസഫ് തുടങ്ങിയ ആളുകളുടെ നേതൃത്വത്തില്‍ വളരെ വിജയകരമായി പ്രവര്‍ത്തനം മുന്നോട്ട് കൊണ്ട് പോയ സാംസ്‌കാരിക വേദിയുടെ നിലവിലുണ്ടായിരുന്ന ഭാരവാഹികളോട് ഒരു വാക്ക് പോലും ചോദിക്കാതെയും യുക്മ നാഷണല്‍ കമ്മിറ്റിയോടോ ഭാരവഹികളോടോ അഭിപ്രായം പോലും ചോദിക്കാതെയും പുതിയൊരു സാംസ്‌കാരിക വേദി കമ്മറ്റിയെ പ്രഖ്യാപിച്ചതില്‍ എന്ത് ജനാധിപത്യ മര്യാദയാണുള്ളത്?
വളരെ നല്ല രീതിയില്‍ പ്രസിദ്ധീകരിച്ച് വന്നിരുന്ന ജ്വാല മാഗസിന്‍ കഴിഞ്ഞ രണ്ട് ലക്കങ്ങള്‍ ഇത് വരെ വെളിച്ചം കണ്ടിട്ടില്ല. എന്താണ് ഇക്കാര്യത്തില്‍ സംഭവിച്ചത്?
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ബര്‍മിംഗ്ഹാമില്‍ വിളിച്ച് ചേര്‍ത്ത നഴ്‌സുമാരുടെ ഇടയില്‍ നിന്നും ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട രേഖ കുര്യന്‍ പ്രസിഡന്റും മായ ജോസ് സെക്രട്ടറിയായും ഉള്ള ഒരു നഴ്‌സസ് ഫോറം നിലവിലിരിക്കെ അവരെ നോക്ക് കുത്തികളാക്കി കൊണ്ട് ലിവര്‍പൂളില്‍ നഴ്‌സസ് ഫോറത്തിന്റെ പരിപാടി സംഘടിപ്പിക്കുകയും പിന്നീട് യുക്മ നാഷണല്‍ കമ്മറ്റിയുമായി യാതൊരു വിധ ആലോചനയുമില്ലാതെ നഴ്‌സസ് ഫോറത്തിന് പുതിയ കമ്മറ്റിയെ നോമിനേറ്റ് ചെയ്തതിലും എവിടെയാണ് ജനാധിപത്യമാണുള്ളത്.
ഇത്തരം കാര്യങ്ങളിലൊക്കെ ഞാനുള്‍പ്പെടെയുള്ള നാഷണല്‍ ഭാരവാഹികളും റീജിയണല്‍ ഭാരവാഹികളും പത്ര മാധ്യമങ്ങളിലൂടെ മാത്രമാണ് അറിയുന്നത്. ഞങ്ങള്‍ക്ക് താത്പര്യമുള്ളവരെ ഞങ്ങള്‍ നിയമിക്കുമെന്ന് തലപ്പത്തുള്ളവര്‍ക്ക് ന്യായവാദം നടത്താമെങ്കില്‍ പോലും ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ എന്ന നിലയില്‍ പൊതുജനങ്ങള്‍ അറിയുന്നതിനു മുന്‍പ് അറിയുവാനുള്ള അവകാശം എനിക്കും അതുപോലെ ഭൂരിപക്ഷം നാഷണല്‍ ഭാരവാഹികള്‍ക്കും നഷ്ടപ്പെടുന്നു എന്നത് കൊണ്ടാണ് ഈ പ്രസ്താവനയുമായി രംഗത്ത് വന്നത്.
നാഷണല്‍ കമ്മറ്റി ചാര്‍ജ്ജ് കൊടുത്തിട്ടുള്ള ആളുകളുമായി സംസാരിച്ച് അവരെയും നാഷണല്‍ കമ്മറ്റിയംഗങ്ങളെയും അറിയിച്ചതിന് ശേഷം മാത്രമേ പൊതുജന മധ്യത്തിലേക്ക് വിടാവൂ എന്നും റീജിയനുകളില്‍ നിന്നും പ്രതിനിധികളെ പ്രഖ്യാപിക്കുമ്പോള്‍ റീജിയണല്‍ പ്രസിഡന്റ്/സെക്രട്ടറി മാരെക്കൂടി അറിയിക്കാനുള്ള സംഘടനാ മര്യാദ പാലിക്കണമെന്നും അഭ്യര്‍ഥിക്കുന്നു.
സംഘടനയ്ക്കകത്ത് ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാനുള്ള വേദികള്‍ ഇന്നാര്‍ക്കും ലഭ്യമല്ല എന്നതു കൊണ്ടാണ് വേദനാപൂര്‍വ്വം ഇങ്ങനെയൊരു തുറന്ന കത്ത് എഴുതുന്നത്. ഈ പ്രസ്ഥാനം തന്നെ തീര്‍ന്നു പോകരുത് എന്നാഗ്രഹിച്ച് എഴുതുന്നത് സംഘടനയെ നശിപ്പിക്കാനുള്ള വിമര്‍ശനം ആണെന്ന പേരില്‍ തള്ളിക്കളയാതെ ഞാനുന്നയിച്ച കാര്യങ്ങളെ കുറിച്ച് ആത്മ വിമര്‍ശനം നടത്തി പാര്‍ശ്വവര്‍ത്തികളായ ആളുകളുടെ ഇടപെടലുകള്‍ ഒഴിവാക്കി കൊണ്ട് യുക്മയിലെ മുഴുവന്‍ ഭരണസമിതിയംഗങ്ങളെയും ഒരു മനസ്സോടെ കാണുവാനുള്ള ധാര്‍മ്മികതയും പക്വതയും ശ്രീ. ഫ്രാന്‍സിസ് മാത്യു കവളകാട്ടിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് ഉണ്ടാകണമെന്ന് വളരെ വിനയപൂര്‍വ്വം അഭ്യര്‍ഥിക്കുന്നു.
വിശ്വസ്തതയോടെ,
വര്‍ഗീസ് ജോണ്‍,
യുക്മ സ്ഥാപക പ്രസിഡന്റ്, നാഷണല്‍ കമ്മറ്റിയംഗം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല