കഴിഞ്ഞ കുറെ ദിവസങ്ങളായി പത്രങ്ങളിലെ വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രധാന വാര്‍ത്തകളിലോന്നാണ് യുക്‌മ യിലെ ചില പ്രശ്നങ്ങള്‍.ഒരു സ്വതന്ത്ര ചിന്താഗതിയോടെ ,തുറന്ന മനസ്സോടെ പ്രശ്നങ്ങള്‍ സംഘടന പരമായി പരിഹരിക്കുന്നതല്ലേ നല്ലത്?അതോ നേതാക്കളുടെ സ്വാര്‍ത്ഥ തല്പര്യങ്ങലോ വലുത്..?ഇതൊരു നല്ല പ്രസ്ഥാനമാണ് ,എനിക്കിതില്‍ യാതൊരു വ്യക്തിപരമായ നേട്ടവുമില്ല,എങ്കിലും തൂക്കി കുറുക്കി നോക്കുമ്പോള്‍ ഇപ്പോഴത്തെ നേതാക്കള്‍ കാണിക്കുന്നത് മഹാ വൃത്തികെടല്ലേ എന്ന് തോന്നുന്നു..
യുക്‌മ ജനാധിപത്യപരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന യു.കെയിലെ മലയാളി അസോസിയേഷനുകളുടെ ഒരു കൂട്ടായ്മയാണെന്ന് പോലും കണക്കാക്കാതെ അംഗ അസോസിയേഷനുകളേയും മറ്റ് കമ്മറ്റികളേയും വിശ്വാസത്തിലെടുക്കാതെ പ്രവര്‍ത്തിക്കുന്ന ഒരു ദേശീയ കമ്മറ്റിയാണ് ഇതിനുള്ളതെന്ന് അംഗ അസോസിയേഷനുകള്‍ക്കിടയിലും പൊതുജനങ്ങള്‍ക്കിടയിലും ധാരണ പരത്തുന്ന തരത്തില്‍ പെരുമാറുന്ന യുക്‌മ ജനറല്‍ സെക്രട്ടറിയോട് പ്രസിഡന്റും എക്‌സിക്യൂട്ടീവ് കമ്മറ്റിയും വിശദീകരണം ചോദിക്കാന്‍ തയ്യാറാവണം.
സംഘടനയ്ക്ക് പൊതുവായ ഒരു നിയമാവലിയും അത് നടപ്പിലാക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളും ഉണ്ടെന്നിരിക്കെ അതിനെയെല്ലാം കാറ്റില്‍ പറത്തി ഏതോ ഒരു സ്വകാര്യ വ്യക്തി യുക്‌മയില്‍ അംഗങ്ങളായുള്ള അസോസിയേഷനുകള്‍ക്ക് വേണ്ടി മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ വാര്‍ത്തയായി പ്രസിദ്ധീകരിക്കുന്നതിന് നല്‍കിയത് സംഘടനയെ പൊതുജനമധ്യത്തില്‍ വസ്ത്രാക്ഷേപം ചെയ്യുന്നതിന് തുല്യമായി.
സ്വകാര്യ വ്യക്തി വാര്‍ത്ത നല്‍കിയത് തന്നെ പൊതുയോഗ തീരുമാനം നടപ്പിലാക്കുന്നു എന്ന തരത്തിലാണ്. എന്നാല്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിന് നല്‍കി വിവാദമായതോടെ, ഇത് പൊതുയോഗ തീരുമാനമല്ലെന്നും താന്‍ മുന്നോട്ട് വച്ച നിര്‍ദേശങ്ങളാണെന്നും പറഞ്ഞ് സെക്രട്ടറി വാര്‍ത്ത നല്‍കിയ വ്യക്തിയെ ന്യായീകരിച്ച് മുന്നോട്ട് വരുകയുണ്ടായി. അസോസിയേഷനുകള്‍ക്കുള്ള നിര്‍ദേശം പത്രവാര്‍ത്തയായി നല്‍കിയാണ് അറിയിക്കുന്നതെന്ന് യുക്‌മയുടെ ദേശീയ ജനറല്‍ സെക്രട്ടറി ഇനിയും ധരിക്കുന്നുണ്ടെങ്കില്‍ വളരെ ഖേദത്തോടെ പറയട്ടെ ഒരു പ്രാദേശിക അസോസിയേഷന്റെ സെക്രട്ടറി പോലും ആയിരിക്കുവാനുള്ള യോഗ്യത ഇദ്ദേഹത്തിനുണ്ടോ എന്നു സംശയം തോന്നിക്കുകയാണ്. ഇതു വരെയും അംഗ അസോസിയേഷനുകള്‍ക്ക് അയച്ച് നല്‍കിയിട്ടില്ലാത്ത നിര്‍ദേശങ്ങള്‍ എന്ത് അടിസ്ഥാനത്തിലാണ് മാധ്യമങ്ങള്‍ക്ക് പ്രസിദ്ധീകരിക്കാന്‍ കൊടുത്തിരിക്കുന്നത്.
യുക്‌മയില്‍ അംഗങ്ങളായുള്ള ഓരോ അസോസിയേഷനും ഇതില്‍ മെംബര്‍ഷിപ്പ് ഫീസ് അടയ്ക്കുന്നതും യുക്‌മ നടത്തുന്ന ഓരോ പരിപാടിയും വിജയിപ്പിക്കാനായി പലവിധ പ്രശ്നങ്ങള്‍ തരണം ചെയ്ത് മൈലുകള്‍ വാഹനം ഓടിച്ച് എത്തുന്നതും ഇതിന്റെ ഭാരവാഹികള്‍ക്ക് തോന്നും പടി പ്രവര്‍ത്തിക്കാനായല്ല. സംഘടനയ്ക്കുള്ളിലെ തീരുമാനങ്ങള്‍ പത്രത്തില്‍ വായിച്ച് അറിയാനുമല്ല. യുക്‌മ ദേശീയ കമ്മറ്റിയ്ക്ക് എന്തെങ്കിലും കാര്യങ്ങള്‍ അംഗ അസോസിയേഷനുകളെ അറിയിക്കാനുണ്ടെങ്കില്‍ അത് നേരിട്ടോ റീജണല്‍ കമ്മറ്റികള്‍ വഴിയോ അറിയിക്കണം. അല്ലാതെ കുറേ ഓണ്‍ലൈന്‍ പത്രങ്ങളില്‍ തോന്നുന്നതുപോലെ വാര്‍ത്ത നല്‍കി സംഘടനയെ അപമാനിക്കരുത്.
ഈ വാര്‍ത്ത നല്‍കിയ സ്വകാര്യ വ്യക്തിയ്ക്ക് യുക്‌മ ദേശീയ കമ്മറ്റിയുമായി എന്താണ് ബന്ധമെന്ന് ഇനിയും മനസ്സിലായിട്ടില്ല. ഏതെങ്കിലും നേതാവിന്റെ അടുക്കള ബന്ധം ഉള്ളവരെല്ലാം യുക്‌മയുടെ പേരില്‍ വാര്‍ത്ത നല്‍കാനിറങ്ങുന്നത്, യുക്‌മയില്‍ നടക്കുന്നത് ‘അടുക്കള ഭരണം’ ആണെന്ന തോന്നലുണ്ടാക്കി സംഘടനയേയും അംഗ അസോസിയേഷനുകളേയും അപമാനിക്കുന്നതാണ്. ആ വ്യക്തിയെ ന്യായീകരിക്കാന്‍ വേണ്ടിയാണ് ജനറല്‍ സെക്രട്ടറി അബ്രാഹം ലൂക്കോസ് ഇത് നിര്‍ദേശങ്ങള്‍ മാത്രമാണെന്ന് പറഞ്ഞ് രംഗത്ത് വന്നതെന്ന് സംശയിക്കപ്പെടുന്നു.
യുക്‌മ ദേശീയ എക്‌സിക്യൂട്ടീവ് കമ്മറ്റി ഈ വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യുകയും ജനറല്‍ സെക്രട്ടറിയോട് വിശദീകരണം തേടുകയും അതിന്റെ വിവരങ്ങള്‍ അംഗ അസോസിയേഷനുകളെ അറിയിക്കുകയും ചെയ്യണം. മതിയായ വിശദീകരണം ലഭിച്ചില്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കണം. യുക്‌മയെ പൊതുജന മധ്യത്തില്‍ അപമാനിക്കുന്ന തരത്തില്‍ വാര്‍ത്ത പ്രസിദ്ധീകരണത്തിന് നല്‍കിയ സ്വകാര്യ വ്യക്തിയ്ക്ക് സംഘടനയില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തണം.
ജെയ്സന്‍ ജോസഫ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല