യു കെയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മയുടെ അടുത്ത വര്‍ഷത്തേക്കുള്ള ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഞായറാഴ്ച കേംബ്രിഡ്ജില്‍ നടക്കുകയാണ്.മൂന്നു വര്‍ഷം മുന്‍പ് രൂപം കൊണ്ട യുക്മ ഇന്ന് യു കെ മലയാളിയുടെ പൊതുവികാരമായി മാറിക്കഴിഞ്ഞവെങ്കിലും അധികാരത്തില്‍ കടിച്ചു തൂങ്ങുവാന്‍ നേതൃത്വത്തിലെ ചില ഉന്നതര്‍ നടത്തിയ തരംതാണ കളികള്‍ സംഘടനയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചുവെന്ന സത്യം വിസ്മരിക്കാന്‍ കഴിയില്ല. .തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്ത യുക്മയെ തകര്‍ക്കാന്‍ ചില മാധ്യമ കുബുദ്ധികളും തനിക്കില്ലെങ്കില്‍ ബെടക്കാക്കാന്‍ ചില നേതാക്കളും കച്ചകെട്ടിയിറങ്ങിയപ്പോഴും സംഘടനയ്ക്ക് ഒരു പോറല്‍ പോലും ഏല്‍ക്കാതെ ശക്തമായ അടിത്തറയുമായി മുന്നേറാന്‍ സാധിച്ചതിന്റെ പ്രധാന കാരണം പ്രതിസന്ധികളില്‍ ഒറ്റക്കെട്ടായി നിന്ന അംഗ സംഘടനകളാണ്.അക്കാര്യത്തില്‍ അവര്‍ പ്രത്യേക അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.
എന്നാല്‍ ഒരു സംഘടന എന്ന നിലയില്‍ യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ യു കെ മലയാളിയുടെ പ്രതീക്ഷകള്‍ക്കൊപ്പം ഉയര്‍ന്നില്ല എന്ന് തന്നെ പറയേണ്ടി വരും.ആദ്യ വര്‍ഷത്തെ കലാമേള,സേവ് എ കോട്ട് രണ്ടാം വര്‍ഷത്തെ കലാമേള എന്നിവ ഒഴിവാക്കിയാല്‍ ജനപങ്കാളിത്തത്തോടെ ഒരു പരിപാടി നടത്താന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് യുക്മയുടെ നേതൃത്വം വിചിന്തനം നടത്തുന്നത് നന്നായിരിക്കും.ആദ്യ ഭരണസമിതി ഏറെ കൊട്ടിഘോഷിച്ച യുക്മ വിഷനും രണ്ടാമത്തെ ഭരണസമിതിയുടെ പ്രവര്‍ത്തന കലണ്ടറും ജലരേഖയായി മാറിയതിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്നും നാടുനീളെ സ്വീകരണങ്ങള്‍ ഏറ്റു വാങ്ങാന്‍ വേണ്ടി മാത്രം ഓടിനടന്ന നേതാക്കള്‍ക്ക് കഴിയില്ല.നിലവിലുള്ള യുക്മ ഭരണസമിതിയുടെ എക്സിക്യുട്ടീവിലെ മറ്റ് അംഗങ്ങളെയും അംഗ സംഘടനകളെയും വിശ്വാസത്തില്‍ എടുക്കാതെ സ്വേച്ഛാധിപത്യ നിലപാടുകള്‍ സ്വീകരിച്ച പ്രസിഡണ്ടും സെക്രട്ടറിയും ട്രഷററും സംഘടനയുടെ വളര്‍ച്ചയെ പുറകോട്ടു നയിക്കുകയാണ് ചെയ്തത്.
ജൂലൈ മാസം എട്ടാം തീയതി നടക്കേണ്ട തിരഞ്ഞെടുപ്പ് അംഗ സംഘടനകളുടെ പ്രതിനിധികള്‍ അവധിക്കു പോകുന്ന ആഗസ്റ്റ് മാസത്തിലേക്ക് മാറ്റിയത് മുതല്‍ എല്ലാവര്‍ക്കും ഭൂമിശാസ്ത്രപരമായി അകലെയുള്ള കേംബ്രിഡ്ജില്‍ അര ദിവസത്തെ ഇലക്ഷന്‍ വേദി നിശ്ചയിച്ചതും ഒടുവില്‍ വോട്ടര്‍ പട്ടിക സമയത്തിന് പ്രസിദ്ധീകരിക്കാതെ ഇഷ്ട്ടക്കാര്‍ക്ക് ചോര്‍ത്തി നല്‍കിയതും വരെയുള്ള തരംതാണ കളികള്‍ നേതൃത്വത്തിലെ മേല്‍പ്പറഞ്ഞ മൂവര്‍സംഘം നടത്തിയത് എങ്ങിനെയെങ്കിലും സംഘടനയെ തകര്‍ക്കാന്‍ വേണ്ടിയാണെന്നത് പകല്‍ പോലെ വ്യക്തമാണ്.ഇത്രയേറെ പ്രകോപനപരമായ നടപടികള്‍ ഉണ്ടായിട്ടും എക്സിക്യുട്ടീവിലെ മറ്റ് അംഗങ്ങളും അംഗ സംഘടനകളിലെ നേതാക്കന്മാരും കടുത്ത തീരുമാനങ്ങള്‍ എടുക്കാതിരുന്നത് സംഘടനയെ ശക്തമായി നിലനിര്‍ത്തുക എന്ന പൊതുവികാരം മാനിച്ചാണ്.
ഞായറാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പില്‍ ചുരുക്കം ചിലരെങ്കിലും വാശിയോടെ മല്‍സര രംഗത്ത് ഉണ്ടെന്നതാണ് ലഭിക്കുന്ന സൂചനകള്‍. .സ്വന്തം തട്ടകത്തില്‍ അഭിപ്രായമില്ലാത്ത പലരും യുക്മയിലെ സ്ഥാനത്തിനായി സ്വന്തം സംഘടന പിളര്‍ത്തിയവരും അധികാര സ്ഥാനങ്ങള്‍ നോട്ടമിട്ടിട്ടുണ്ട്.ഇത്തരുണത്തില്‍ യുക്മയുടെ വളര്‍ച്ചയെ എക്കാലവും സപ്പോര്‍ട്ട് ചെയ്തിട്ടുള്ള,യു കെ മലയാളികളുടെ നിത്യജീവിതത്തില്‍ യുക്മയുടെ റോളിന്റെ പ്രാധാന്യം മനസിലാക്കുന്ന മാധ്യമമെന്ന നിലയില്‍ എന്‍ ആര്‍ ഐ മലയാളി നിലപാട് വ്യക്തമാക്കുകയാണ്.
പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവര്‍ നേതൃസ്ഥാനത്തേക്ക് വരണം
യുക്മ എന്ന സംഘടന ഒരു ദേശീയ പ്രസ്ഥാനമാണ്.അതിന്‍റെ നേതാവായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവര്‍ ആയിരിക്കണം.മൈക്ക് കിട്ടിയാല്‍ നാട്ടിലെ രാഷ്ട്രീയക്കാരെ വെല്ലുന്ന വാശിയോടെ പ്രസംഗിക്കുന്നവരെയല്ല സംഘടനയ്ക്ക് വേണ്ടത്.മറിച്ച് യു കെ മലയാളിയുടെ ആവശ്യങ്ങള്‍ മ്മനസിലാക്കുവാനും അവ നേടിയെടുക്കുവാനുമായി അക്ഷീണ പ്രയത്നം നടത്തുവാന്‍ മനസുള്ള വ്യക്തമായ കാഴ്ചപ്പാടുള്ള പരിചയസമ്പന്നരായ വ്യക്തികള്‍ ആയിരിക്കണം നേതൃത്വത്തിലേക്ക് വരേണ്ടത്.
യുക്മയ്ക്ക് വേണ്ടി ചിലവഴിക്കാന്‍ സമയമുള്ളവര്‍ നേതാവായാല്‍ മതി
മിനിട്ടുകള്‍ക്ക് വില കൊടുക്കേണ്ട രാജ്യമാണ് യു കെ.ഇവിടെ എല്ലാവരും തന്നെ ജോലി ചെയ്തു കുടുംബം പോറ്റുന്നവരാണ്.ഈ ജോലിത്തിരക്കുകള്‍ക്കിടയിലും യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി നിശ്ചിത സമയം ചിലവഴിക്കാന്‍ കഴിയുന്നവര്‍ മാത്രം സംഘടനയുടെ നേതൃത്വത്തില്‍ വന്നാല്‍ മതി.വെറും സ്ഥാനത്തിന് വേണ്ടിയും പത്രത്തില്‍ പടം വരാനും വേണ്ടി ആരും നേതാവാകേണ്ട.
പക്വതയുള്ള നേതാവാണ് വേണ്ടത്
പല അഭിപ്രായങ്ങള്‍ ഉള്ള അംഗ സംഘടനകളെയും അവരുടെ നേതാക്കന്മാരെയും ഒരേ കുടക്കീഴില്‍ അണിനിരത്താനും ഏകോപിപ്പിച്ച് കൊണ്ടു പോകുവാനും പക്വതയുള്ളവര്‍ നേതാവാകണം.വികാരത്തെ വിവേകം കൊണ്ട് കീഴ്പ്പെടുത്താന്‍ നേതാവിന് കഴിയണം.പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ പക്ഷം പിടിക്കുന്ന സംഘടനകളെ പിളര്‍ത്തി അംഗബലം കൂട്ടുന്ന നേതാക്കന്മാര്‍ വേണ്ട
നേതൃത്വത്തിന് ഇച്ഛാശക്തി ഉണ്ടാവണം.
തീരുമാനങ്ങള്‍ കടലാസില്‍ ഒതുക്കാതെ അവ നടപ്പിലാക്കാനുള്ള ഇച്ഛാശക്തി നേതാവിനുണ്ടാവണം.യുക്മ വിഷനില്‍ പറഞ്ഞ കാര്യങ്ങളും പ്രവര്‍ത്തന കലണ്ടറിലെ കാര്യങ്ങളും പുതിയ ആശയങ്ങളും സമയബന്ധിതമായി നടപ്പിലാക്കാന്‍ വ്യക്തമായ പദ്ധതി ആവിഷ്ക്കരിക്കാന്‍ നേതാവിന് കഴിയണം
സാമുദായിക രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ പാടില്ല
ഏതെങ്കിലും സമുദായത്തിന്റെയോ രാഷ്ട്രീയ പാര്‍ട്ടിയുടെയോ സജീവ പ്രവര്‍ത്തകര്‍ യുക്മയുടെ നേതൃത്വത്തില്‍ വരുന്നത് നല്ല കീഴ്വഴക്കമായിരിക്കില്ല.അവരുടെ താല്‍പ്പര്യ സംരക്ഷണത്തിനുള്ള വേദിയായി യുക്മയെ ഉപയോഗിക്കാന്‍ പാടില്ല.
എല്ലാറ്റിനുമുപരി തിരഞ്ഞെടുക്കപ്പെടുന്നയാള്‍ നല്ലൊരു നേതാവായിരിക്കണം.യു കെയിലെ മലയാളികളുടെ ആശയും അഭിലാഷവുമായ യുക്മയെ നയിക്കാന്‍ കഴിവും നേതൃപാടവവും അര്‍പ്പണബോധവും സമയവും ഉള്ള ജാതി മത വര്‍ഗ ണ രാഷ്ട്രീയ ചിന്താഗതികള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുന്ന മികച്ച സംഘാടകര്‍ യുക്മയെ നയിക്കാന്‍ തിരഞ്ഞെടുക്കപ്പെടുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല