ഏവരും ആകാംക്ഷയോടെ കാത്തിരുന്ന യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേളയ്ക്ക് നാളെ മാഞ്ചസ്റ്ററില്‍ തിരി തെളിയും. വിഥിന്‍ഷാ സെന്റ് ആന്റണീസ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 9.30 ന് യുക്മ നാഷണല്‍ വൈസ് പ്രസിഡണ്ട് വിജി.കെ.പി ഭദ്രദീപം തെളിയിച്ചു ഉത്ഘാടനകര്മം നിര്‍വഹിക്കുന്നതോടെ വീറും വാശിയും നിറഞ്ഞ കലാമാമാങ്കത്തിനു തുടക്കമാകും. വിഥിന്‍ഷാ സെന്റ് ആന്റണീസ് സ്കൂള്‍ ഓഡിറ്റോറിയം കമനീയമായി അലങ്കരിച്ച് മോടി പിടിപ്പിച്ചു കഴിഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന് ഇക്കുറിയും ശക്തമായ നിരയുമായാണ് രംഗത്തുള്ളത്. ലിവര്‍പൂള്‍ മലയാളി അസോസിയേഷനും റോച്ച്ടെയില് മലയാളി അസോസിയേഷനും നോര്‍മ്മയും ബോള്‍ട്ടനും ഒക്കെകൂടി ചേരുമ്പോള്‍ തീപാറുന്ന പോരാട്ടത്തിനു മാഞ്ചസ്റ്റര്‍ സാക്ഷ്യം വഹിക്കും.
കലാമേളയുടെ വിജയത്തിനായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു. മത്സര വേദിയോടു ചേര്‍ന്ന് വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യം ഒരുക്കി കഴിഞ്ഞു. രാവിലെ ഒന്‍പതരയ്ക്ക് റീജിയണല്‍ പ്രസിഡണ്ട് സന്തോഷ സ്കറിയയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ നാഷണല്‍ വൈസ് പ്രസിഡണ്ട് വിജി.കെ.പി, യുക്മ ജോയിന്റ് സെക്രട്ടറി അലക്സ് വര്‍ഗീസ്, ജോണി കനിവേലില്, ബെന്നി ജോണ്‍, റ്റിജോ, രാജേഷ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കും.
സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുക. രാവിലെ ഒന്‍പത് മുതല്‍ റജിസ്റ്റേഷന് നടപടികള്‍ ആരംഭിക്കും. മത്സരാര്‍ഥികള്‍ രജിസ്ട്രേഷന് കൌണ്ടറുകളില്‍ നിന്നും ചെസ്റ്റ് നമ്പര്‍ വാങ്ങി മത്സരങ്ങളില്‍ പങ്കെടുക്കണം. വൈകുന്നേരം ചേരുന്ന സമാപന സമ്മേളനത്തില്‍ ഷ്രൂഷ്ബറി രൂപതാ ചാപ്ലയിന്‍ ഫാ: സജി മലയില്‍ പുത്തന്‍പുര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
റാഫില്‍ ടിക്കറ്റ് നറുക്കെടുപ്പില്‍ വിജയികളാകുന്നവര്‍ക്ക് ടോം ടോണ്‍ ട്രാവല്‍സ് സ്പോന്സര് ചെയ്യുന്ന ട്രാവല്‍ വൌച്ചര്‍ ലഭിക്കുന്നതാണ്. മഞ്ചസ്റ്ററിലെ പ്രമുഖ മലയാളി കൂട്ടായ്മയായ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷനാണ് കലാമേളക്ക് ആതിഥ്യം അരുളുന്നത്. മിതമായ നിരക്കിലുള്ള ഫുഡ് സ്റ്റാളുകള്‍ വേദിക്ക് സമീപം തുറന്നു പ്രവര്‍ത്തിക്കും. നോര്‍ത്ത് വെസ്റ്റ് റീജിയണിലെ മുഴുവന്‍ കുടുംബങ്ങളെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
വേദിയുടെ വിലാസം:
St Antonys Primary School
Dunkery Road
Wythenshawe
Manchester
M22ONT
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല