യുക്മ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുമെന്നും യുക്മ സാംസ്കാരിക വേദി രൂപീകരിക്കുമെന്നും യുക്മ നാഷണല്‍ കമ്മിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു.യുക്മയുടെ പ്രവര്‍ത്തനപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനെ മുന്‍ നിര്‍ത്തി 26-08-12 ന് നനീട്ടനില്‍ വച്ചു ചേര്‍ന്ന യുക്മ നാഷണല്‍ കമ്മിറ്റി ആണ് യുക്മ യുടെ ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ച് സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടത്. യുക്മ നാഷണല്‍ പ്രസിഡന്റ് ശ്രീ വിജി കെ പി യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് യുക്മ വൈസ് പ്രസിഡന്റ് ശ്രീമതി ബീന സെന്‍സ് സ്വാഗതം ആശംസിച്ചു.
യുക്മ യുടെ നാഷണല്‍ ഇലക്ഷന്‍ കഴിഞ്ഞു രണ്ടാഴ്ചത്തെ നോട്ടീസ് മാത്രം നല്‍കി വിളിച്ചു ചേര്‍ത്ത യോഗമായിരുന്നിട്ടു കൂടി ഒട്ടു മിക്ക കമ്മിറ്റി അംഗങ്ങളും കമ്മിറ്റിയില്‍ പങ്കെടുത്തു എന്നത് അംഗങ്ങള്‍ക്ക് സംഘടനയോടുള്ള അര്‍പ്പണ മനോഭാവത്തെയുമാണ് ധ്വനിപ്പിക്കുന്നത് എന്ന് സ്വാഗത പ്രസംഗത്തില്‍ അവര്‍ എടുത്തു പറഞ്ഞു. ഇക്കഴിഞ്ഞ യുക്മ നാഷണല്‍ ജെനറല്‍ ബോഡിയിലും ഇലക്ഷനിലും യുക്മ അംഗങ്ങള്‍ കാണിച്ച ആവേശം സംഘടനയുടെ വളര്‍ച്ചയെ ആണ് കാണിക്കുന്നത് എന്നും അത് കൊണ്ടു തന്നെ ആ ആവേശത്തിന്റെ കൈത്തിരി അണയാതെ യുക്മ യുടെ ഭാവി പ്രവര്‍ത്തന പരിപാടികളില്‍ എല്ലാ അംഗങ്ങളെയും സഹകരിപ്പിച്ചു കൊണ്ടു പുതിയ മാനങ്ങളിലേക്ക് സംഘടനയെ നയിക്കാന്‍ എല്ലാ അംഗങ്ങളുടെയും പൂര്‍ണ്ണ സഹകരണം അഭ്യര്‍ഥിച്ചു കൊണ്ടു അദ്ധ്യക്ഷ പ്രസംഗം ആരംഭിച്ച ശ്രീ വിജി കെ പി, യുക്മ യുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയവും സുതാര്യവും ആക്കണം എന്ന് അഭിപ്രായപ്പെടുകയും അതിനുള്ള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സഭയോട് ആരായുകയും ചെയ്തു.
യൂണിയന്‍ ഓഫ് യു കെ മലയാളി അസോസിയേഷന്‍സ് എന്ന നാമം യുകെ യിലെ മലയാളികളുടെ പൊതു സംഘടനയെ ആണ് അര്‍ത്ഥം ആക്കുന്നത് എന്നും അതുകൊണ്ടു തന്നെ യുക്മ യുടെ പ്രവര്‍ത്തനങ്ങള്‍ ആ തലത്തിലേക്ക് ഉയര്‍ത്തുന്നതിന് നിലവിലുള്ള ഭരണഘടന യുടെ ചട്ടക്കൂടിനുള്ളില്‍ നിന്ന് കൊണ്ടു തന്നെ അംഗ സംഘടനകള്‍ക്ക് പുറത്തുനിന്നുള്ളവരുടെ കഴിവുകളും മികവുകളും കൂടി ഉപയോഗ്യമാക്കി യുക്മയെ വളര്‍ച്ചയിലേക്ക് നയിക്കണമെന്ന് അദ്ദേഹം നിഷ്കര്‍ഷിച്ചു. കൂടാതെ യുകെ മലയാളികളുടെ മികവുകള്‍ക്ക് അംഗീകാരവും പ്രോത്സാഹനവും നല്‍കാന്‍ യുക്മ പ്രതിജ്ഞാബദ്ധം ആണെന്നും കൂട്ടിച്ചേര്‍ത്തപ്പോള്‍ പുതിയ വര്‍ഷത്തെ യുക്മ പ്രവര്‍ത്തനങ്ങള്‍ക്ക് തിളക്കമേകുന്ന രൂപരേഖകള്‍ തയ്യാറായി. യുക്മ നാഷണല്‍ ഭാരവാഹിത്തത്തില്‍ പ്രാതിനിധ്യമില്ലാത്ത നോര്‍ത്തേന്‍ അയര്‍ലണ്ട്, യോര്ക്ഷേയര്‍ ആന്റ് ഹംബര്‍, നോര്‍ത്ത് ഈസ്റ്റ് രീജിയനുകള്‍ക്ക് ഈ രീജിയനുകള്‍ തിരഞ്ഞെടുത്ത് അയക്കുന്ന അംഗങ്ങള്‍ക്ക് നാഷണല്‍ കമ്മിറ്റിയില്‍ പ്രാതിനിധ്യം നല്‍കി സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുത്തരവാദിത്തം ഉറപ്പാക്കുന്നതിനും കമ്മിറ്റിയില്‍ തീരുമാനമായി.
യുക്മ സാംസ്കാരിക വേദി.
യു കെ യിലെ മലയാളി സമൂഹം ഒരു പ്രവാസി സമൂഹമെന്ന നിലയില്‍ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. നമ്മുടെ ഇടയില്‍ തന്നെ അറിയപ്പെടുന്ന കലാകാരന്മാരും സാംസ്കാരിക നായകരും മറ്റു പ്രൊഫഷനലുകളും ഉള്‍പ്പെടുന്നു. ഇവര്‍ക്കെല്ലാം നമ്മുടെ സമൂഹത്തിനു വേണ്ടി കുറെ കാര്യങ്ങള്‍ ചെയ്യാനും അത്യാവശ്യ കാര്യങ്ങളില്‍ ഉപദേശം തരാനും കഴിയും. എന്നാല്‍ അതിനുള്ള പൊതുവായ ഒരു വേദിയുടെ അപര്യാപ്തത മുന്നില്‍ കണ്ടുകൊണ്ടു യുക്മ സാംസ്കാരിക വേദി എന്ന പേരില്‍ ആരംഭിക്കുന്ന സംരംഭം യു കെ യിലെ മലയാളി സമൂഹത്തിന് ഇവരുടെ സേവനം ലഭ്യമാക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗമാകും എന്നതില്‍ സംശയമില്ല. യു കെ യിലെ മലയാളി സമൂഹത്തിന്റെ പൊതു നന്മയെ കരുതി ലാഭേച്ചയില്ലാതെ പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ള മലയാളികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവരായിരിക്കും യുക്മ സാംസ്കാരിക വേദിയിലെ അംഗങ്ങള്‍. കലാ-കായിക രംഗത്ത് മികവു പുലര്‍ത്തുന്നവരും, വിവിധ പ്രൊഫഷനല്‍ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും ബിസിനസ് രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും ആദ്ധ്യാല്മിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരും മാദ്ധ്യമ പ്രവര്‍ത്തകരും മറ്റു കഴിവുകലുല്ലാവരും ഒക്കെ യുക്മ സാംസ്കാരിക വേദിയില്‍ പ്രവര്‍ത്തിക്കുന്നതിനു മുന്‍ കൈ എടുക്കണമെന്ന് യുക്മ അഭ്യര്‍ത്ഥിക്കുന്നു. യുക്മയില്‍ മെമ്പര്‍ഷിപ് ഉള്ള അസോസിയേഷനില്‍ നിന്നുള്ളവരെന്നോ അല്ലാത്തവരെന്നോ ഉള്ള വ്യത്യാസം ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നതല്ല.
യുക്മ കലാമേളയില്‍ മാറ്റുരച്ചു തെളിയുന്ന കലാകാരന്മാരെ ചേര്‍ത്തു സ്റ്റേജ് ഷോകള്‍
ആവിഷ്കരിക്കുന്നതിനും ഭാവിയില്‍ യു കെ യിലെ കലാകാരന്മാരുടെ സൃഷ്ടികള്‍ ഉള്‍പ്പെടുത്തിയ മാസികകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ വരെ ഇവരുടെ സേവനം നമുക്ക് ലഭ്യമാക്കുവാന്‍ കഴിയും. അതുപോലെ തന്നെ മലയാളി കുടുംബങ്ങള്‍ കുടുംബ പരമമായ പ്രശ്നങ്ങളിലോ കുട്ടികളുടെ വിദ്യാഭ്യാസപരമോ പരിപാലനപരമോ, നിയമപരമോ ആയ പ്രശ്നങ്ങളില്‍ ഉള്‍പ്പെടുമ്പോള്‍ അവര്‍ക്ക് സഹായത്തിനു സോഷ്യല്‍ വര്‍ക്കേഴ്സ്, അദ്ധ്യാപകര്‍, നിയമ വിദഗ്ദ്ധര്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ സേവനം നമുക്ക് ലഭ്യമാക്കാന്‍ കഴിയണം. ഒരു മലയാളി പുതിയ വീട് വങ്ങുംപോഴോ പുതിയ ബിസിനസ് ആരംഭിക്കുംപോഴോ ആ മേഖലകളില്‍ പ്രവര്‍ത്തി പരിചയമുള്ളവരുടെ സഹ്ഹായം തേടാന്‍ ഉള്ള സാഹചര്യമുന്ടാകണം. പബ്ലിക് ഫണ്ടുകള്‍ ലഭിക്കുന്ന സംഘടനകള്‍, സപ്ലിമെന്ടരി സ്കൂളുകള്‍ വിജയകരമായി നടത്തുന്ന സംഘടനകള്‍ എന്നിവര്‍ ഈ വിവരങ്ങള്‍ പരസ്പരം ഷെയര്‍ ചെയ്യാന്‍ കഴിയുന്ന ഒരു വേദി ഉണ്ടാക്കി പരസ്പര സഹകരണത്തില്‍ കൂടി വളരുന്ന ഒരു പ്രവാസി സമൂഹത്തിന്റെ പ്രാരംഭാമാകണം യുക്മ സാംസ്കാരിക വേദി. ഇക്കാര്യം പ്രാവര്‍ത്തികമാക്കുന്നതിന്റെ ചുമതലകള്‍ യോര്ക്ഷേയര്‍ ആന്റ് ഹംബര്‍ രീജിയനില്‍ നിന്നുള്ള ഉമ്മന്‍ ഐസക്കിനെ ഏല്‍പ്പിച്ചു.
യുക്മ അവാര്‍ഡ് ആന്റ് റെകഗ്നേഷന്‍ കമ്മിറ്റി
യു കെയില്‍ സ്കൂള്‍ – കോളേജ്-യുണിവേഴ്സിറ്റി തലങ്ങളില്‍ ഉന്നത വിജയം കരസ്ഥമാക്കുന്ന മലയാളി വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും ആദരിക്കുന്നതിനും യുക്മ നാഷണല്‍ കമ്മിറ്റി തീരുമാനമെടുത്തു. കലാ-കായിക മേഖലകളിലും സാമൂഹിക പ്രവര്‍ത്തന മേഖലകളിലും വ്യക്തിമുദ്ര പതിപ്പിക്കുന്നവരെ ആദരിക്കുന്നതിനും യുക്മ അവാര്‍ഡ് ആന്റ് റെകഗ്നേഷന്‍ കമ്മിറ്റി ശ്രദ്ധ പതിപ്പിക്കും. യുക്മ യുടെ റീജിയണല്‍-നാഷണല്‍ പൊതുപരിപാടിക ളുടെ വേദിയില്‍ പ്രത്യേക ഫലകവും സാക്ഷ്യപത്രവും നല്‍കി ആദരിക്കുന്നതിനാണ് തീരുമാനം. ഇതിന്റെ ചുമതല ഈസ്റ്റ് ആന്‍റ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് രീജിയനില്‍ നിന്നുള്ള മെമ്പര്‍ അനില്‍ ജോസിനും നോര്‍ത്ത് ഈസ്റ്റില്‍ നിന്നുള്ള മെമ്പര്‍ മാത്യു ചിറ്റെത്തിനും ആയിരിക്കും.
യുക്മ കലാമേള
യുക്മ യുടെ പ്രധാന സാംസ്കാരിക പരിപാടിയായ യുക്മ റീജിയണല്‍ നാഷണല്‍ കലാമേളകള്‍ മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ നടത്താന്‍ തന്നെയാണ് യുക്മ യുടെ തീരുമാനം. അതിനായി ഈസ്റ്റ് ആംഗ്ലിയ രീജിയനില്‍ നിന്നുള്ള കമ്മിറ്റി മെമ്പര്‍ അഡ്വ. ഫ്രാന്‍സീസ് മാത്യു കവളക്കാട്ടില്‍ ജെനറല്‍ കണ്‍വീനര്‍ ആയുമുള്ള കമ്മിറ്റി പ്രവര്‍ത്തിക്കും. ഈ കമ്മിറ്റിയില്‍ കോര്‍ഡിനേട്ടര്‍ ആയി യുക്മ സാംസ്കാരിക വേദിയുടെ ചുമതലയുള്ള ഉമ്മന്‍ ഐസക്കും പ്രവര്‍ത്തിക്കും. ഈസ്റ്റ് ആന്‍റ് വെസ്റ്റ് മിഡ്‌ലാന്ഡ്സ് റീജിയനില്‍ വച്ചായിരിക്കും ഇത്തവണത്തെ നാഷണല്‍ കലാമേള നടക്കുന്നത്. അനുയോജ്യമായ ഒരു ഹാള്‍ ലഭ്യമാകുന്നതിന് അനുസരിച്ച് തീയതിയും സ്ഥലവും എല്ലാ അംഗ അസോസിയേഷനുകളെയും അറിയിക്കുന്നതാണ്.
യുക്മ സ്പോര്‍ട്സ് മേള
2013 ഏപ്രില്‍-മേയ് മാസങ്ങളിലായി യുക്മ റീജിയണല്‍ സ്പോര്‍ട്സ് മേളകളും അതിനു ശേഷം നാഷണല്‍ സ്പോര്‍ട്സ് മേളകളും നടത്താന്‍ തീരുമാനമായി. യുക്മ ഗെയിംസ് മേളയില്‍ ഉള്‍പ്പെടുത്തിബാറ്റ്മിണ്ടന്‍ ടൂര്‍ണമെന്റ് പോലെയുള്ള മത്സരങ്ങള്‍ ദേശീയ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്നതിനും തീരുംമാനമായി.
വെയില്‍സ് രീജിയനില്‍ നിന്നുള്ള നാഷണല്‍ കമ്മിറ്റി അംഗം അഭിലാഷിന്റെ നേതൃത്വത്തില്‍ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ പ്രസിടന്റ്റ് ജോര്‍ജ്ജ് പൈലി കേംബ്രിഡ്ജ്, രംജിത്ത് കേംബ്രിഡ്ജ് എന്നിവര്‍ക്കായിരിക്കും ഇതിന്റെ ചുമതല.
യുക്മ ഫാമിലി മീറ്റ്
യുക്മ യുടെ ഓരോ രീജിയനുകളും കേന്ദ്രീകരിച്ച് അസ്സോസിയെഷനുകളിലെ കുടുംബങ്ങള്‍ക്ക് ഒത്തു കൂടുന്നതിനുള്ള ഒരു വേദിയായി ആണ് യുക്മ ഫാമിലി മീറ്റ് ഓര്‍ഗനൈസ് ചെയ്യുന്നത്. യുക്മ യുടെ വിവിധ രീജിയനുകളില്‍ നിന്നുള്ള കലാപരിപാടികളും മേള കൊഴുപ്പും ഭക്ഷണവും ഒക്കെ ഉള്‍പ്പെടുത്തി ഒരു മുഴുവന്‍ ദിവസ പരിപാടി ആയി ആണ് ഫാമിലി മീറ്റിനെ അവതരിപ്പിക്കുന്നത്. കലാപരിപാടികള്‍ ചിട്ടപ്പെടുത്തുന്നതിനും കാര്യപരിപാടികള്‍ ക്രമപ്പെടുത്തുന്നതിനും എല്ലാം യുക്മ സാംസ്കാരിക വേദി യുടെ സഹായം ഇവിടെ ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ ചുമതല യുക്മ വൈസ് പ്രസിടന്റുമാരായ ടിറ്റോ തോമസ്, ബീന സെന്‍സ് എന്നിവര്‍ക്കായിരിക്കും. 2013 സമ്മര്‍ മാസങ്ങളിലായിരിക്കും ഇത് അരങ്ങേറുന്നത് എങ്കിലും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ കാലേകൂട്ടി ഇവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ഓരോ രീജിയനുകളെയും കേന്ദ്രീകരിച്ചു സംഘടിപ്പിക്കുന്നതാണ്.
യുക്മ പ്രോഫെഷനല്സ് ഫോറം
യു കെയിലെ മലയാളി പ്രോഫെഷനല്സിനു പരസ്പരം കൂടി ചേരുന്നതിനും അവരുടെ സഹായം നമ്മുടെ സമൂഹത്തിന് ലഭ്യമാക്കുന്നതിനുമുള്ള ഒരു വേദിയാണ് ഇത്. ജോലിയില്‍ ഉയര്‍ച്ച നേടുന്നതിനു വേണ്ടി പുതുതായി ചെയ്യാവുന്ന കോഴ്സുകളെ കുറിച്ച് ആശയവിനിമയം നടത്തുന്നതിനും വിജയം കൈവരിക്കുന്നതിന് വേണ്ടി പരസ്പരം സഹായിക്കുന്നതിലും കൂടി ജീവിത നിലവാരത്തില്‍ ഉയര്‍ന്ന നിലവാരമുള്ള ഒരു മലയാളി സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ ഈ കൂട്ടായ്മക്കും കാര്യമായ സംഭാവനകള്‍ ചെയ്യാന്‍ കഴിയും. പ്രാരംഭ ഘട്ടത്തില്‍ യുക്മ സാംസ്കാരിക വേദിയോടു ചേര്‍ന്നായിരിക്കും ഇവര്‍ പ്രവര്‍ത്തിക്കുക. യുക്മ ക്രൈസിസ് ഫണ്ട് എന്ന ആശയം പ്രാവര്‍ത്തികമാക്കുന്നതില്‍ ഇവരുടെ സേവനം അനിവാര്യമാണ് എന്നാണു യുക്മ നാഷണല്‍ കമ്മിറ്റി കണ്ടെത്തിയിരിക്കുന്നത് .
യുക്മ ബിസിനസ് ഫോറം
യു കെയിലെ മലയാളി ബിസിനസ് സംരംഭകരെ അവര്‍ നല്‍കുന്ന സേവനം തരം തിരിച്ച് മലയാളികളായ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്ന പ്രാഥമിക ഉദ്ദേശ്യമാണ് യുക്മ ബിസിനസ് ഫോറം കൊണ്ടു പ്രധാനമായും ലക്‌ഷ്യം ഇടുന്നത്. അതിനെക്കാളുപരിയായി ബിസിനസ് രംഗത്ത് നിലനില്‍ക്കുന്ന കിട മത്സരങ്ങള്‍ മൂലം നടക്കുന്ന ദുഷ് പ്രചാരണങ്ങളെ തടയിടുക എന്നതും ബിസിനസ് രംഗത്തെ തട്ടിപ്പുകളെ പൊതു വേദിയില്‍ കൊണ്ടുവരിക എന്നതും ഇതില്‍ ലക്ഷ്യം വക്കുന്നുണ്ട്. യുക്മ ബിസിനസ് ഫോറം യാഥാര്‍ത്ഥ്യം ആക്കുന്നതിന്റെ ചുമതലയും യുക്മ വൈസ് പ്രസിടന്റുമാരായ ടിറ്റോ തോമസിലും ബീന സെന്സിലും നിക്ഷിപ്തം ആണ്.
യുക്മ കരിയര്‍ ഗൈഡന്‍സ്
മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ യുക്മ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം തുടര്‍ന്നും നടത്തുന്നതാണ്. മുന്‍ യുക്മ ജെനറല്‍ സെക്രട്ടറി അബ്രഹാം ലൂക്കോസിനും സൌത്ത് ഈസ്റ്റ് സൌത്ത് വെസ്റ്റ് രീജിയനില്‍ നിന്നുള്ള സെബി പോളിനും ആയിരിക്കും ഇതിന്റെ ചുമതല.
യുക്മ ചാരിറ്റി വര്‍ക്സ്
ഗിവ് എ കോട്ട് സേവ് എ ലൈഫ് എന്ന പേരില്‍ പ്രശസ്തമായ യുക്മയുറെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ സമാനമായ രീതിയില്‍ തുടരുന്നതിന് കമ്മിറ്റി തീരുമാനമെടുത്തു. നാഷണല്‍ കമ്മിറ്റിയില്‍ ആശയ സമ്പുഷ്ടതയോടെ ചര്‍ച്ചയില്‍ സംബന്ധിചു വിലയേറിയ സംഭാവനകള്‍ നല്‍കിയ സൌത്ത് ഈസ്റ്റ് സൌത്ത് വെസ്റ്റ് രീജിയനില്‍ നിന്നുള്ള നാഷണല്‍ കമ്മിറ്റി മെമ്പര്‍ ഷാജി തോമസിനെയും ബൊള്ട്ടനില്‍ നിന്നുള്ള ജോണി കണിവേലി നെയും അതിനുള്ള ചുമതലകള്‍ ഏല്‍പ്പിച്ചു.
യുക്മ വെബ്സൈറ്റ്
യുക്മ വെബ്സൈറ്റ് നവീകരിക്കുന്നതിനും ഈ ഭരണസമിതിയുടെ കാലയളവിലെ തുടര്‍ നടത്തിപ്പിനുമായി യുക്മ ജോയിന്റ് സെക്രട്ടറി ബിന്സു ജോണിനെ കമ്മിറ്റി അധികാരപ്പെടുത്തി.
യുക്മ പി ആര്‍ ഓ
യുക്മ പി ആര്‍ ഓ ആയി യുക്മ ജോയിന്റ് ട്രെഷറര്‍ അലക്സ് വര്‍ഗീസിനെ ചുമതലപ്പെടുത്തി.
യുക്മ ക്രൈസിസ് ഫണ്ട്
യു കെയില്‍ അപകടങ്ങളിലോ അപ്രതീക്ഷിതമായ ദുരന്തങ്ങളിലോ പെട്ട് വിഷമിക്കുന്ന യുക്മയില്‍ അംഗങ്ങള്‍ ആയിട്ടുള്ളവര്‍ക്ക് അടിയന്തിര സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെ യുക്മ ആവിഷ്കരിച്ച ക്രൈസിസ് ഫണ്ട് എന്ന പ്രോജക്റ്റ് അതിന്റെ വിശദാംശങ്ങളെ പറ്റി കൂടുതല്‍ പഠിച്ച് പ്രാവര്‍ത്തികമാക്കുന്നതിന്റെ ചുമതല യുക്മ ട്രെഷരാര്‍ ദിലീപ് മാത്യു വിനെ ഏല്‍പ്പിച്ചു.
കമ്മിറ്റിയില്‍ പങ്കെടുത്ത എല്ലാവര്ക്കും പ്രത്യേകിച്ച് യോഗത്തിനു ആതിഥ്യം അരുളിയ ഈസ്റ്റ് ആന്‍റ് വെസ്റ്റ് മിഡ്‌ലാന്ട്സ് റീജിയനും യുക്മ ജെനറല്‍ സെക്രട്ടറി ബാലസജീവ് കുമാര്‍ നന്ദി പ്രകാശിപ്പിച്ചതോടെ യോഗം പിരിഞ്ഞു. ഇക്കാര്യങ്ങളെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ യുക്മ യുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ ജെനറല്‍ സെക്രട്ടറിയെ secretary.ukma@gmail.com എന്ന ഇ-മെയിലില്‍ ബന്ധപ്പെടാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല