1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2012


യുക്മയുടെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവര്‍ കൂടി ചാര്‍ത്തിക്കൊണ്ട് ബര്‍മിംഗ്ഹാമില്‍ അരങ്ങേറിയ ദേശീയ കായികമേള ആവേശകരമായി. അത്യന്തം വാശിയേറിയ മത്സരങ്ങളില്‍ 157 പോയന്റ് നേടിയ ഈസ്റ്റ് ആംഗ്ലിയ റീജിയണ്‍ ചാമ്പ്യന്‍മാര്‍ക്കുള്ള പ്രിന്‍സ് ആല്‍വിന്‍ (സോനു) മെമ്മോറിയല്‍ എവറോളിംഗ് ട്രോഫി കരസ്ഥമാക്കി. ദേശീയ കലാമേളയിലെ ചാമ്പ്യന്മാരായിരുന്ന സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് റീജിയണ്‍ 141 പോയിന്റുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി.

ബര്‍മിംഗ്ഹാം വിന്‍ഡ്‌ലി ലെഷര്‍ സെന്‍ററില്‍ വെച്ച് നടന്ന കായികമേള യുക്മ ദേശീയ പ്രസിഡന്റ് വര്‍ഗീസ് ജോണ്‍ ഉദ്ഘാടനം ചെയ്തു. ദേശീയ സെക്രട്ടറി അബ്രഹാം ലൂക്കോസ് സ്വാഗതം ആശംസിച്ചു.അസോസിയേഷനുകളുടെ വിഭാഗത്തില്‍ 157 പോയിന്റുകള്‍ നേടിയ കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍ ഒന്നാംസ്ഥാനത്തെത്തിയപ്പോള്‍ ബേസിംഗ്‌സ്‌റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ 88 പോയിന്റുകളോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ബേസിംഗ്‌സ്‌റ്റോക്ക് അസോസിയേഷനെ പ്രതിനിധീകരിച്ച് സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ മത്സരിച്ച അയന ഷാജി വനിതാ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പും ബര്‍മിംഗ്ഹാം മലയാളി അസോസിയേഷനിലെ ജൂമിന്‍ പേട്ടയില്‍ പുരുഷന്മാരുടെ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പും സ്വന്തമാക്കി.

കായികമേളക്ക സമാപനം കുറിച്ച് കൊണ്ട് നടന്ന അത്യന്തം വാശിയേറിയ വടംവലി മത്സരത്തില്‍ ഈസ്റ്റ് ആംഗ്ലിയ റീജിയണെ പ്രതിനിധീകരിച്ച കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍ വിജയികള്‍ക്കുള്ള തോമസ് പുന്നമൂട്ടില്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫി കരസ്ഥമാക്കി. രണ്ടാം സ്ഥാനം നേടിയ ബര്‍മിംഗ്ഹാം മലയാളി അസോസിയേഷന്‍ (മിഡ്‌ലാന്റ് റീജിയണ്‍) , ആന്റണി എബ്രഹാം – സെബി പോള്‍ എന്നിവര്‍ ചേര്‍ന്ന് സ്‌പോണ്‍സര്‍ ചെയ്ത എവറോളിംഗ് ട്രോഫി സ്വന്തമാക്കി.

യുക്മ ദേശീയ പ്രസിഡന്റ് വര്‍ഗീസ് ജോണ്‍, സെക്രട്ടറി അബ്രഹാം ലൂക്കോസ്, വൈസ്.പ്രസിഡന്റ്മാരായ വിജി കെ.പി, ബീനാ സെന്‍സ് , ട്രഷറര്‍ ബിനോ ആന്റണി, കായികമേള കോ-ഓര്‍ഡിനേറ്റര്‍ സജീഷ് ടോം, ദേശീയ എക്‌സിക്യൂട്ടിവ് അംഗം സിബി തോമസ്, ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ പ്രസിഡന്റ് കുഞ്ഞുമോന്‍ ജോബ്, ആത്ിഥേയരായ മിഡ്‌ലാന്റ്‌സ് റീജിയണല്‍ പ്രസിഡന്റ് ഇഗ്നേഷ്യസ് പേട്ടയില്‍, സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് റീജിയണല്‍ സെക്രട്ടറി മനോജ് പിള്ള തുടങ്ങിയവരുടെ കൂട്ടായ പ്രവര്‍ത്തനമായിരുന്നു കായികമേളയുടെ വിജയത്തിന് പിന്നിലെ നേതൃശക്തി.

82 പോയിന്റുകള്‍ നേടിയ മിഡിലാന്റ്‌സ് റീജിയണും 58 പോയിന്റുകള്‍ നേടിയ നോര്‍ത്ത് ഈസ്റ്റ് റീജിയണും മേളയില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. വെയില്‍സ് റീജിയണും കായികമത്സരങ്ങളില്‍ സാന്നിധ്യം കൊണ്ട് ശ്രദ്ധേയരായി. അസോസിയേഷന്‍ വിഭാഗത്തില്‍ 73 പോയിന്റ് നേടിയ ബര്‍മിംഗഹാം മലയാളി അസോസിയേഷനും 58 പോയിന്റുകള്‍ നേടിയ മാസ് സണ്ടര്‍ലാന്റും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു. റെഡിച്ച് അസോസിയേഷനെ പ്രതിനിധീകരിച്ചെത്തിയ കായികാധ്യാപകന്‍് കൂടിയായ ടോമി അഗസ്റ്റിന്‍ കായികമത്സരങ്ങള്‍ നിയന്ത്രിച്ചു.സമാപനസമ്മേളനത്തില്‍ വിജയികള്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.