1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 6, 2015

ബിജു പീറ്റര്‍

യുകെ മലയാളീ നേഴ്‌സ്മാരുടെ ഔദ്യോഗിക പ്രയാണത്തിലെ ഒരു നാഴികക്കല്ലിനു നാന്ദി കുറിക്കപ്പെടുവാന്‍ പോകുകയാണ്. രണ്ടു വര്‍ഷങ്ങള്‍ക്കപ്പുറം യുക്മ നേഴ്സ്സസ് ഫോറത്തിന് രൂപം നല്‍കിയിരുന്നതാണ് എങ്കിലും, പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറയിടുവാന്‍ കഴിഞ്ഞുവെങ്കിലും, ഉദ്ദേശിച്ചതുപോലെ മുന്‍പോട്ടുപോകുവാന്‍ സാദിച്ചില്ല എന്നത് അംഗീകരിക്കുന്നു. എന്നാല്‍, കാലത്തിന്റെ തികവില്‍ നമ്മുടെ നേഴ്‌സ്മാര്‍ നാള്‍ക്കുനാള്‍ നേരിടേണ്ടിവരുന്ന നാനാവിധ പ്രശ്‌നങ്ങള്‍ക്ക് നേരെ മുഖം തിരിക്കുവാന്‍ യുക്മക്ക് സാധിക്കുകയില്ല. അവഗണനയുടെയും വംശീയ നെറികേടിന്റെയും ചൂഷണത്തിന്റെയും പീഡനത്തിന്റെയും നൂറുകണക്കിന് അവിശ്വസനീയമായ, വേദനിപ്പിക്കുന്ന അനുഭവങ്ങളാണ് നാള്‍ക്കുനാള്‍ കേള്‍ക്കുന്നത്.

ഒരിക്കല്‍ സുരക്ഷിതമെന്നു കരുതിയ തൊഴില്‍ മേഘലകള്‍ ഇന്ന് അസന്നിഗ്ദ്ധതയുടെയും വേവലാതികളുടെയും മേഘലകളായി ക്രമേണ മാറിക്കൊണ്ടിരിക്കുന്നു. ഒറ്റപ്പെടലിന്റെയും കുതികാല്‍ വെട്ടിന്റെയും നടുവില്‍ കിടന്ന് ചക്രശ്വാസം വലിക്കുന്ന എത്രയോ പേര്‍ അറിഞ്ഞും അറിയാതെയും നമുക്കിടയിലുണ്ട്. ചെയ്യാത്ത കുറ്റത്തിന് പറഞ്ഞറിയിക്കാന്‍ പറ്റാത്തവിധം ശിക്ഷിക്കപ്പെടുന്ന സംഭവങ്ങള്‍, നിസ്സാര വീഴ്ചകള്‍ പര്‍വ്വതീകരിച്ച് അജീവനാന്ന്ത ശിക്ഷ നല്‍കാന്‍ നടത്തുന്ന ശ്രമങ്ങള്‍, വംശീയതയുടെ പേരില്‍ പ്രമോഷനും മറ്റും നിഷേധിക്കുന്ന സന്ദര്‍ഭങ്ങല്‍, വിശ്വാസത്തിന്റെയും സംസ്‌കാരത്തിന്റെയും പേരില്‍ പരിഹസിക്കപ്പെടുന്നത്….ഇങ്ങനെ എത്രയെത്ര വേദനാജനകമായ അവസ്ഥകള്‍.

സംരക്ഷിക്കേണ്ട തൊഴിലാളി സംഘടനകള്‍ പലപ്പോഴും നിര്‍വികാരരും കാഴ്ച്ചക്കാരും, നമുക്കിടയില്‍ നിന്ന് തന്നെയുള്ള കുറ്റപ്പെടുത്തലുകള്‍, ഒറ്റപ്പെടുത്തലുകള്‍ ഈ പ്രവാസ സ്വപ്നം എത്രയോപേര്‍ക്ക് ദു:സ്വപ്നങ്ങള്‍ ആകുന്നു.

ഒരു എളിയ ശ്രമം ഒന്ന് കേള്‍ക്കാന്‍മാത്രം, സന്മനസ്സുകാണിക്കാന്‍, ഒരു കൈത്താങ്ങ് നല്‍കാന്‍, സമാശ്വസിപ്പിക്കലിന്റെയും സംരക്ഷണത്തിന്റെയും ഒരാശ്വാസം നല്‍കുവാന്‍, പരിമിതികള്‍ക്കുള്ളില്‍ നിന്ന് ഒന്ന് പ്രതികരിക്കാന്‍, സാധിക്കുന്നതുപോലെ നീതിയുക്തമായി ഇടപെടാന്‍ .. ലക്ഷ്യങ്ങള്‍ പലതാണ്, പൂര്‍ണ്ണമായും നിര്‍വചിക്കപെട്ടിട്ടില്ലെങ്കില്‍ പോലും…

എന്തിലും ഏതിലും എന്നതു പോലെ ഈ സംരംഭത്തെ എതിര്‍ത്തും ദുരന്തത്തിന്റെ പ്രവാചകര്‍ എത്തിയെന്നുവരാം, അവരെയും ഉള്‍കൊള്ളുന്നു. ആര്‍ക്കറിയാം അവര്‍ക്കാവും നാളെ ഇതിന്റെയാവശ്യം ഉണ്ടാവുകയെന്ന്.
ഒന്നും നഷ്ടപ്പെടാനില്ല, ഒന്ന് സംഘടിച്ചു നിന്നാല്‍, കരുത്ത് തെളിയിക്കാന്‍ കഴിഞ്ഞാല്‍, ചോദിക്കുവാനും പറയുവാനും ആളുണ്ടെന്ന് ഒരു തോന്നല്‍ വരുത്താന്‍ കഴിഞ്ഞാല്‍, അതു തന്നെ ഒരു വലിയ കാര്യമാണ് …
ലാഭേച്ഛ കൂടാതെ, സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് ഒരിടം നല്‍കാതെ, ഉദ്ധേശ ശുദ്ദിയോടെ സംഘടിപ്പിക്കുന്ന ഈ പ്രതിരോധ മുന്നേറ്റത്തിലേക്ക് യുകെയിലെ മലയാളീ നഴ്‌സിംഗ് സമൂഹത്തെ ഒന്നടങ്കം സംഘടനാ മേല്‍വിലാസമോ, പരിമിതികളോ ഇല്ലാതെ വിനയ പൂര്‍വ്വം ക്ഷണിക്കുന്നു.

ഇതിന്റെ ആദ്യവേദി ഒരുക്കുന്നത് ലിവര്‍പൂളിലാണ്. യുകെയിലെ മലയാളീ നേഴ്‌സസിന്റെ പ്രഥമ കണ്‍വെന്‍ഷന്‍ ലിവര്‍പൂളില്‍ നടക്കുമ്പോള്‍ അതിന് ആതിഥേയത്വം വഹിക്കുന്നത് യുകെയിലാദ്യമായി മലയാളീ നേഴ്‌സ്മാര്‍ക്ക് വേണ്ടി നേഴ്‌സസ് ദിനാഘോഷവും തൊഴില്‍ മേഘലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച നേഴ്‌സ്മാര്‍ക്ക് പുരസ്‌കാരങ്ങളും പഠനശിബിരങ്ങളും ഒരുക്കിയ ലിംക എന്നറിയപ്പെടുന്ന ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ആണെന്നത് ഈ പരിപാടിയുടെ വ്യാപ്തി വെളിപ്പെടുത്തുന്നതാണ്.

വേദിയുടെ വിലാസം : ബ്രോട്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഹീലിയേഴ്‌സ് റോഡ്, ഓള്‍ഡ് സ്വാന്‍, ലിവര്‍പൂള്‍ L13 4DH

തിയതി : 2015 മെയ് 2
സമയം : രാവിലെ 9 മണി മുതല്‍ ഉച്ചകഴിഞ്ഞ് 3 മണി വരെ

മാര്‍ച്ച് 31ന് യുക്മ യുഎന്‍എഫ് കോര്‍ടിനേറ്റര്‍ ശ്രീമതി ആന്‍സി ജോയിയുടെ നേതൃത്വത്തില്‍ ലിവര്‍പൂള്‍ ബ്രിടാനിയ അടല്‍ഫി ഹോട്ടലില്‍ ചേര്‍ന്ന യോഗത്തില്‍ ഇതിന്റെ സുഗമ നടത്തിപ്പിനായി ഒരു സ്വാഗതസംഘം രൂപികരിക്കുകയുണ്ടായി. സംഘാടക സമിതി ചെയര്‍മാനായ യുക്മ പ്രസിഡന്റ് അഡ്വക്കേറ്റ് ഫ്രാന്‍സിസ് മാത്യു കവളക്കാട്ടിലിന്റെ നേതൃത്വത്തില്‍ വര്‍ക്കിംഗ് ചെയര്‍മാനായി ലിംക ചെയര്‍പേഴ്‌സന്‍ ശ്രീ തോമസ് ജോണ്‍ വാരികാട്ട്, യുക്മ ദേശീയ ഉപാധ്യക്ഷ ശ്രീമതി ആന്‍സി ജോയ് യുക്മ നേഴ്സ്സസ് ഫോറം കോര്‍ടിനേറ്റര്‍, വൈസ് ചെയര്‍മാന്‍മാരായി ശ്രീമതി രേഖ കുര്യന്‍, ശ്രീമതി മായ മാത്യു., ജനറല്‍ കണ്‍വീനര്‍ ആയി ശ്രീ ബിജു പീറ്റര്‍, ജോയിന്റ് കണ്‍വീനറായി ശ്രീ എബ്രഹാം ജോസ് എന്നിവരും നേതൃത്വം നല്‍കുന്നതാണ്.

വിവിധ സബ് കമ്മിറ്റികളിലേക്ക് ഓരോ ചുമതലകള്‍ വഹിക്കുന്നതിനായി ഷീന മദന്‍മോഹന്‍, അജിത് ബാലചന്ദ്രന്‍, ബെസ്സി തങ്കച്ചന്‍,ടോജി ജോര്‍ജ് ജിജോ ഉണ്ണി, വിനോദ് മാണി, സോബന്‍ ജോര്‍ജ്ജ്, രാജേഷ് തമ്പി, ജെസ്സി ജോണ്‍ ദേവലാല്‍ സഹദേവന്‍, ബീന സെന്‍സ്, ടിന്റ്റസ് ദാസ് ജയകുമാര്‍ നായര്‍,ലിനു ജെയിംസ് , ബിനു മാനുവേല്‍, സാറ ബിനു, ആശ മാത്യു തുടങ്ങിയവരെയും തിരഞ്ഞെടുത്തു.

ഒരു മഹാ സംരംഭത്തിന്റെ എളിയ തുടക്കത്തിലേക്ക് നിങ്ങളുടെ സജീവമായ പങ്കാളിത്തം ഞങ്ങളഭിലഷിക്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏപ്രില്‍ 18നു മുന്‍പായി റെജിസ്‌ട്രേഷന്‍ നടത്തണമെന്ന് താല്‍പര്യപ്പെടുന്നു.

email : uukmanurses@gmail.com
ആന്‍സി ജോയ് 07530417215
ബിജു പീറ്റര്‍ 07970944925

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.