യു കെയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മയുടെ രണ്ടാമത്തെ ഭരണസമിതി അധികാരത്തിലേറിയിട്ട് എട്ടു മാസങ്ങള്‍ പിന്നിട്ടു കഴിഞ്ഞു.ഈ കൂട്ടായ്മയുടെ പ്രാധാന്യം മനസിലാക്കി കൂടുതല്‍ സംഘടനകള്‍ യുക്മയില്‍ അംഗത്വമെടുക്കുന്നുവെന്നത് തികച്ചും സന്തോഷകരമായ കാര്യമാണ്.എന്നാല്‍ ഇക്കഴിഞ്ഞ ദിവസം ബര്‍മിംഗ്ഹാമില്‍ നടന്ന ജനറല്‍ ബോഡിയില്‍ വച്ച് യുക്മയുടെ ആരാധ്യനായ നേതാവ് നടത്തിയ പ്രസ്താവനയാണ് ഈ എഡിറ്റോറിയല്‍ എഴുതാന്‍ ഞങ്ങള്‍ക്ക് പ്രചോദനമാവുന്നത്.യുക്മയുടെ പ്രവര്‍ത്തന പരിപാടികളെയും നാഷണല്‍ നേതൃത്ത്വത്തെയും കണ്ണടച്ചു വിമര്‍ശിക്കുന്ന തല്‍പ്പര കക്ഷികള്‍ക്കുള്ള മറുപടിയാണ് പുതിയ അസ്സോസിയേഷനുകള്‍ കൂടിച്ചേര്‍ന്ന് യുക്മക്ക് കരുത്തേകുന്നത് എന്നായിരുന്നു ഈ നേതാവിന്റെതായി മാധ്യമങ്ങളില്‍ വന്ന പ്രസ്താവന.
ഇക്കഴിഞ്ഞ വര്‍ഷം നടന്ന യുക്മ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് യുക്മ എന്ന ആശയത്തെ(നേതാക്കന്‍മാരെയല്ല )ഏറ്റവും കൂടുതല്‍ പിന്തുണച്ച മാധ്യമമാണ് എന്‍ ആര്‍ ഐ മലയാളി. തിരഞ്ഞെടുപ്പു ദിവസം വട്ടന്മാരുടെ സംസ്ഥാന സമ്മേളനം നടക്കുന്നുവെന്ന് വരെ ചില മാധ്യമങ്ങള്‍ എഴുതിപ്പിടിപ്പിച്ചപ്പോള്‍ ഈ സംരംഭത്തിന്റെ വിജയത്തിന് വേണ്ടി ആളും അര്‍ത്ഥവും നല്‍കി സഹായിച്ചവരാണ് ഞങ്ങള്‍.. .യുക്മ എന്ന സംഘടന കൂടുതല്‍ കരുത്താര്‍ജിക്കേണ്ടത് ഓരോ യു കെ മലയാളിയുടെയും ആവശ്യമായതിനാല്‍ അതിന്‍റെ വളര്‍ച്ചയെ അനുദിനം ഞങ്ങള്‍ വീക്ഷിച്ചിരുന്നു.
നിര്‍ഭാഗ്യകരമെന്ന് പറയട്ടെ വന്‍ വിജയമായിരുന്ന തിരഞ്ഞെടുപ്പിന് ശേഷം സംഘടനയെ സ്നേഹിക്കുന്നവരെ നിരാശപ്പെടുത്തുന്ന രീതിയില്‍ ആയിരുന്നു നേതൃത്വത്തിലെ ചിലരുടെ പ്രവര്‍ത്തന ശൈലി.ഇതിനെ ചോദ്യം ചെയ്ത മാധ്യമങ്ങളെയും വ്യക്തിക ളെയും കണ്ണടച്ച് വിമര്‍ശിക്കുന്ന തല്‍പ്പരകക്ഷികള്‍ എന്ന് യുക്മ നേതാവ് വിശേഷിപ്പിച്ചത് തികച്ചും ദൌര്‍ഭാഗ്യകരവും തരം താണതും ആയിപ്പോയി എന്ന് പറയാതെ വയ്യ.
ഈ ഭരണസമിതിക്ക് നേട്ടങ്ങള്‍ മാത്രമേയുള്ളൂ എന്ന് പറഞ്ഞാല്‍ അത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കള്ളമാവും.വൈസ് പ്രസിഡണ്ടിന്‍റെ സംഘാടക മികവു കൊണ്ട് വിജയമായ നാഷണല്‍ കലാമേളയെ പ്രശംസിച്ചുകൊണ്ട് തന്നെ പറയട്ടെ,അതൊഴിവാക്കിയാല്‍ ഈ സംഘടന തികച്ചും നിഷ്ക്രിയമായിരുന്നു.ഏറെ കൊട്ടിഘോഷിക്കപ്പെട്ട ആദ്യ ഭരണസമിതിയുടെ യുക്മ വിഷന് എന്തു പറ്റി ? അതേ നേതാവ് തന്നെ നയിക്കുന്ന പുതിയ ഭരണസമിതി എന്തുകൊണ്ട് ഈ വിഷന്‍ നടപ്പിലാക്കിയില്ല ? എന്‍ ആര്‍ ഐ മലയാളിക്ക് തന്ന അഭിമുഖത്തില്‍ യുക്മ വിഷന്‍ പുതിയ ഭരണസമിതി തുടരുമെന്ന്‍ ഇതേ നേതാവ് വ്യക്തമാക്കിയതാണ്.ഇപ്പോഴത്തെ ഭരണസമിതി പുറത്തിറക്കിയ യുക്മ പ്രവര്‍ത്തന കലണ്ടറിലെ പരിപാടികള്‍ക്ക് എന്തു സംഭവിച്ചു ?
ഇതു കണ്ണടച്ചുള്ള വിമര്‍ശനമല്ല,ശക്തമായ തെളിവുകള്‍ സഹിതമാണ് ഈ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്.ഇപ്പോഴത്തെ യുക്മ സെക്രട്ടറി ഭരണമേറ്റ നാളുകളില്‍ മാധ്യമങ്ങള്‍ക്കയച്ച യുക്മയുടെ പ്രവര്‍ത്തന കലണ്ടറിന്റെ കോപ്പി ചുവടെ കൊടുക്കുന്നു.
എന്തുകൊണ്ടാണ് യുക്മയുടെ പ്രവര്‍ത്തന കലണ്ടറിലെ ഭൂരിപക്ഷം കാര്യങ്ങളും ഇതുവരെ നടപ്പിലാകാത്തത് ? തികച്ചും ന്യായമായ ഈ ചോദ്യത്തിന് യുക്മ നേതൃത്വം മറുപടി പറഞ്ഞെ തീരൂ
ഇങ്ങനെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അത് അംഗീകരിക്കുവാനും മറുപടി പറയുവാനുമുള്ള ബാധ്യത യുക്മ നേത്രുത്വത്തിനുണ്ട്.വ്യക്തികള്‍ എന്ന നിലയില്ല മറിച്ച് യു കെ മലയാളികള്‍ ഏറെ ഉറ്റു നോക്കുന്ന ഒരു സംഘടനയുടെ നേതാക്കള്‍ എന്ന നിലയിലാണ് നിങ്ങള്‍ മറുപടി പറയേണ്ടത്.അല്ലാതെ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാതെ അവഗണിക്കുകയും വിമര്‍ശകരെ കണ്ണുമടച്ചു കുറ്റപ്പെടുത്തുകയും ചെയ്യുന്നത് ഒരു നല്ല നേതാവിന് യോജിക്കുന്നതല്ല .മാധ്യമങ്ങളില്‍ പടവും പ്രസ്താവനയും വരാന്‍ വേണ്ടി ഉടലെടുത്ത പേപ്പര്‍ സംഘടനയല്ല യുക്മ .പ്രവര്‍ത്തന ശൈലിയിലും അംഗീകാരത്തിലും അമേരിക്കയിലെ ഫോക്കാന,ഫോമ തുടങ്ങിയ സംഘടനകളുടെ ഒപ്പം യുക്മയെ കാണാനാണ് സംഘടനയെ സ്നേഹിക്കുന്നവര്‍ ആഗ്രഹിക്കുന്നത്
യുക്മ നേതൃത്വത്തിന്റെ പ്രവര്‍ത്തന ശൈലിയില്‍ ആക്രുഷ്ട്ടരായാണ് കൂടുതല്‍ അസോസിയേഷനുകള്‍ സംഘടനയില്‍ ചേരുന്നത് എന്ന് ഇവിടെ ആരും കരുതുന്നില്ല.അതിന്‍റെ ക്രെഡിറ്റ് യുക്മ എന്ന ആശയത്തിന് തുടക്കമിട്ടവര്‍ക്കാണ് . ഇനിയും കൂടുതല്‍ പേര്‍ അംഗത്വമേടുക്കണമെങ്കില്‍ കൂടുതല്‍ വിശാലമായ കാഴ്ചപ്പാടും ക്രിയാത്മക വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുവാനുള്ള തുറന്ന മനസുമുള്ള നേതൃത്വവും യുക്മയ്ക്ക് ഉണ്ടാവണം.യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങിനെയെങ്കിലും ഒക്കെ പോയാല്‍ മതി എന്ന് ചിന്തിക്കുന്നവര്‍ സംഘടനയ്ക്ക് ഭൂഷണമല്ല. മറ്റു പ്രാരാബ്ദങ്ങള്‍ മൂലം പ്രവര്‍ത്തിക്കാന്‍ സമയമില്ല എന്ന് പറയുന്നവരോട് ഒന്നേ പറയുവാനുള്ളൂ..ആരും നിര്‍ബന്ധിച്ചിട്ടല്ലല്ലോ നിങ്ങള്‍ ഈ സ്ഥാനങ്ങള്‍ വഹിക്കുന്നത്.സ്വന്തം ഇഷ്ട്ട പ്രകാരമല്ലേ.അങ്ങിനെ വരുമ്പോള്‍ ആ സ്ഥാനം അര്‍ഹിക്കുന്ന ചുമതലകള്‍ നിര്‍വഹിച്ചേ തീരൂ.അതിനു സാധിക്കാത്തവര്‍ മറ്റു വഴികള്‍ തേടുകയാവും ബുദ്ധി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല