1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 21, 2015


ജോണ്‍ അനീഷ്

നിങ്ങള്‍ ഒരു ഗായകനോ ഗായികയോ ആണോ?, മലയാളിയും യൂ.കെയില്‍ താമസിക്കുന്നയാളുമാണോ? എങ്കില്‍ നിങ്ങളുടെ സംഗീത അഭിരുചിയെ, നിങ്ങളുടെ പ്രതിഭയെ ലോകമലയാളികള്‍ക്ക് മുന്നിലെത്തിക്കാന്‍ യുക്മയൊരുക്കുന്ന ഈ സംഗീതയാത്രയില്‍ അണി ചേരൂ. സംഗീത ചക്രവാളത്തിലെ പുത്തന്‍ സൂര്യോദയങ്ങള്‍ക്കായി ‘യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2’ വുമായി ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ യുക്മ ഇതാ നിങ്ങള്‍ക്ക് മുന്നില്‍ എത്തുകയായി.കഴിഞ്ഞ വര്‍ഷത്തെ യുക്മാ സ്റ്റാര്‍ സിംഗര്‍ സീസണ്‍ വണ്ണിന്റെ അഭൂതപൂര്‍വ്വമായ വിജയത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്‌കൊണ്ട് , എന്നാല്‍ സ്റ്റാര്‍ സിംഗര്‍ സീസണ്‍ വണ്ണില്‍ നിന്നും തികച്ചും വ്യത്യസ്തമായിട്ടായിരിക്കും ഈ വര്‍ഷത്തെ മത്സരങ്ങള്‍ നടത്തപ്പെടുക.

16 വയസ്സിന് മുകളില്‍ പ്രായമുള്ള ഏതൊരു യൂ.കെ മലയാളിക്കും ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. ആദ്യ ഒഡിഷനില്‍ നിന്നും വിധി നിര്‍ണ്ണയം നടത്തി ഇരുപത് പേരെയാണ് പിന്നീടുള്ള മത്സരങ്ങള്‍ക്ക് തിരഞ്ഞെടുക്കുക. നവംബര്‍ മാസം 21ന് നടക്കുന്ന യുക്മാ നാഷണല്‍ കലോല്‍ത്സവ വേദിയിലെ നിറഞ്ഞ സദസ്സിന് മുന്നില്‍ ഈ ഇരുപത് മത്സരാര്‍ത്ഥികളെയും പരിചയപ്പെടുത്തുന്നതായിരിക്കും. പിന്നീട് യൂ.കെയിലെ നാലു നഗരങ്ങളില്‍ വച്ച് ലൈവ് ആയി സ്റ്റേജില്‍ വച്ചായിരിക്കും തുടക്കം മുതല്‍ എല്ലാ റൌണ്ടുകളിലും മത്സരങ്ങള്‍ നടത്തപ്പെടുക. ഈ മത്സരങ്ങള്‍ തത്സമയം ചിത്രീകരിക്കുകയും എല്ലാ ആഴ്ചകളിലും സംപ്രേഷണം ചെയ്യുന്നതായിരിക്കും. എല്ലാ സ്റ്റേജിലും രണ്ടു റൌണ്ടുകളിലായിട്ടായിരിക്കും മത്സരങ്ങള്‍ നടത്തപ്പെടുക. മത്സരം പുരോഗമിക്കുന്നതനുസരിച്ച് എലിമിനേഷന്‍ ഉണ്ടായിരിക്കും. പ്രശസ്തരായ ഗായകരും, സംഗീതജ്ഞരും അടങ്ങുന്ന വിധികര്‍ത്താക്കള്‍ ആയിരിക്കും വിധി നിര്‍ണ്ണയം നടത്തുക. ഓരോ റൌണ്ടും ഏതൊക്കെ രീതികളില്‍ വേണമെന്ന് വിദഗ്ദ്ധ സമിതി പിന്നീട് തീരുമാനിച്ച് അറിയിക്കുന്നതായിരിക്കും.
എല്ലാ റൌണ്ടുകളും പൂര്‍ത്തിയായതിനു ശേഷം ഫൈനലില്‍ എത്തുന്ന മത്സരാര്‍ഥികള്‍ ഗ്രാന്‍ഡ് ഫിനാലെയിലേക്ക് തെരഞ്ഞെടുക്കപ്പെടും. യുകെയിലെ ഒരു പ്രധാനപ്പെട്ട വലിയ നഗരത്തില്‍ വച്ച് നടത്തുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ മലയാളത്തിലെ പ്രശസ്തരായ പിന്നണി ഗായകരും കോമഡി താരങ്ങളും നര്‍ത്തകരും പങ്കെടുക്കും. ഈ മെഗാ ഇവന്റില്‍ സിനിമാ പിന്നണി ഗായകര്‍ ആയിരിക്കും വിധികര്‍ത്താക്കളായി എത്തുക. ഫൈനലില്‍ എത്തുന്ന മത്സരാര്‍ഥികള്‍ അവരുടെ മുന്‍പില്‍ ആണ് സ്വന്തം കഴിവ് തെളിയിക്കേണ്ടത്. മത്സര വിജയികള്‍ക്ക് ക്യാസ് പ്രസും സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതായിരിക്കും.

കഴിഞ്ഞ വര്‍ഷം സീസണ്‍ വണ്ണിലേക്ക് അദ്യ റൌണ്ടിലെ (ഒഡിഷന്‍ റൌണ്ട്) മത്സരാര്‍ത്ഥികളില്‍ നിന്നും വിദഗ്ദ്ധ സമിതി തിരഞ്ഞെടുത്ത 23 മത്സരാര്‍ത്ഥികളാണ് വിവിധ റൌണ്ടുകളിലായി ആറു മാസക്കാലം മത്സരങ്ങളില്‍ ഉടനീളം നിറഞ്ഞു നിന്നത്. വിവിധ റൌണ്ടുകളിലെ അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞനായ ശ്രീ. ടി.പി നിഷാന്ത് ആയിരുന്നു മത്സരങ്ങളുടെ വിധി നിര്‍ണ്ണയം നടത്തിയത്. മത്സരാര്‍ത്ഥികള്‍ ഓണ്‍ലൈനില്‍ പാടി, അത് വീഡിയോ റെക്കോര്‍ഡ് ചെയ്ത് അയച്ച് കൊടുക്കുകയും ആയത് പലവട്ടം കേട്ട്, സിംഗപ്പൂരില്‍ ഇരുന്ന് വിധി നിര്‍ണ്ണയം നടത്തിയ ശേഷം ശ്രീ. ടി.പി നിഷാന്ത് സര്‍ ഫൈനലിലെത്തിച്ച അഞ്ച് പേര്‍ ലസ്റ്ററില്‍ നടന്ന മെഗാ ഫൈനല്‍ മത്സരത്തില്‍ മാറ്റുരച്ചപ്പോള്‍ ആയതിന്റെ വിധി നിര്‍ണ്ണയത്തിനെത്തിയത് ലോക മലയാളികളുടെ മാത്രമല്ല,തെന്നിന്ത്യയുടെ മൊത്തം അഭിമാനമായ, മലയാളത്തിന്റെ വാനമ്പാടിയായ ചിത്രചേച്ചിയും, സിനി ആര്‍ട്ടിസ്റ്റും ഗായകനുമായ ശ്രീ.നാദിര്‍ഷായുമായിരുന്നു. പ്രശസ്ത കൊമേഡിയനായ ശ്രീ. രമേഷ് പിഷാരടി അവതാരകനായെത്തിയ യുക്മാ സ്റ്റാര്‍ സിംഗര്‍ സീസണ്‍ വണ്ണിന്റെ ഫൈനല്‍ മത്സരം വീക്ഷിക്കാന്‍ ലസ്റ്ററിലെ അഥീന തീയ്യറ്ററിലേക്കോടിയെത്തിയത് രണ്ടായിരത്തിലേറെ വരുന്ന മലയാളി സംഗീത പ്രേമികളായിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ യുക്മയുടെ സ്റ്റാര്‍ പ്രോഗ്രാമായി മാറിയ യുക്മാ സ്റ്റാര്‍ സിംഗര്‍ സീസണ്‍ വണ്‍ ഈ വര്‍ഷം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികവുറ്റതാക്കുക എന്നതാണ് ഇതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരുടെയും യുക്മയുടെയും ലക്ഷ്യം. യുക്മാ സാംസ്‌കാരികവേദിക്ക് വേണ്ടി കഴിഞ്ഞ വര്‍ഷം സ്റ്റാര്‍ സിംഗര്‍ പ്രോഗ്രാമിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച്ത് മികച്ച ഒരു ഗായകനും, സംഘാടകനുമായ ശ്രീ. ഹരീഷ് പാലയും,അദ്ദേഹത്തോടൊപ്പം ശ്രീ. കനേഷ്യസ് അത്തിപ്പൊഴിയും, ശ്രീ. ജോയ് ആഗസ്തിയുമായിരുന്നു.
ഈ വര്‍ഷവും ഈ സംഗീതയാത്രയുടെ അമരക്കാരനായി എത്തുന്നത് ശ്രീ. ഹരീഷ് പാല തന്നെയായിരിക്കും. യുക്മാ സ്റ്റാര്‍ സിംഗര്‍ എന്ന ഈ ഓണ്‍ലൈന്‍ സംഗീത മത്സരം എന്ന ആശയം തന്നെ ശ്രീ. ഹരീഷ് പാലയുടെ മനസ്സില്‍ ഉരുത്തിരിഞ്ഞതായിരുന്നു. അത് അദ്ദേഹത്തിന്റെ കൈകളില്‍ ഭദ്രവും ആയിരുന്നു. അദ്ദേഹത്തോടൊപ്പം ഈ ടീമില്‍ ഈവര്‍ഷം പുതുതായെത്തുന്നത് യൂ.കെ മലയാളികള്‍ക്ക് മാത്രമല്ല, ഏതൊരു മലയാളിക്കും പരിചിതനും 332 മലയാള ക്രിസ്ത്യന്‍ ഭക്തി ഗാനങ്ങള്‍ സ്വന്തമായി രചിച്ച്, അവക്ക് സംഗീതം നല്‍കി മലയാളത്തിലെ പ്രമുഖരായ ഗായകരാല്‍ ആലാപനം നിര്‍വ്വഹിച്ചിട്ടുള്ള അനുഗ്രഹീത കലാകാരനായ ശ്രീ. റോയ് കാഞ്ഞിരത്താനമാണ്. യൂ.കെയിലെ ബെര്‍മ്മിങ്ഹാമില്‍ താമസിക്കുന്ന ശ്രീ. റോയി കാഞ്ഞിരത്താനത്തിന് പുറമെ കൂടാതെ കഴിഞ്ഞ വര്‍ഷത്തെ യുക്മ സാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനറും, ഒരു സംഘാടകനും, കലാകരനുമായ ശ്രീ. ജോയ് ആഗസ്തിയും യുക്മാ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 ന്റെ വിജയത്തിനായി പണിപ്പുരയിലുണ്ടായിരിക്കും. ഇതിന് പുറമേ കോഓഡിനേറ്റര്‍ ശ്രീ.എബ്രഹാം ജോര്‍ജിന്റെ നേതൃത്വത്തില്‍ യുക്മ സാംസ്‌കാരിക വേദിയുടെ മുഴുവന്‍ അംഗങ്ങളും ഇതിന്റെ വിജയത്തിനായി അണിചേരും.

മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കായുള്ള നിര്‍ദ്ദേശങ്ങള്‍.

യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 ന്റെ ഓഡീഷനില്‍ നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു ഗാനം പാടി റെക്കോര്‍ഡ് ചെയ്ത് uukmastarsinger@gmail.com എന്ന മെയിലിലേക്ക് അയച്ചു തരിക. അതില്‍ നിന്നുമാണ് മത്സരാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. ഇത്തവണ 16 വയസിനു മുകളിലുള്ളവരെയാണ് പരിഗണിക്കുന്നത്. ഇക്കഴിഞ്ഞ സെപ്തംബര്‍ 1 ന് 16വയസ് തികഞ്ഞിരിക്കണം. 20 വയസില്‍ താഴെ പ്രായമുള്ളവര്‍ അപേക്ഷയോടൊപ്പം സ്വന്തം വയസു തെളിയിക്കുന്ന രേഖകള്‍ കൂടി സ്‌കാന്‍ ചെയ്ത് അയക്കേണ്ടതാണ്.

ഗാനം റെക്കോര്‍ഡ് ചെയ്ത് അയക്കേണ്ട വിധം

നിങ്ങളുടെ വീട്ടിലുള്ള ഹെഡ് ഫോണും മൈക്കും ആണ് റെക്കോര്‍ഡ് ചെയ്യാന്‍ ഉപയോഗിക്കേണ്ടത്. നിശ്ശബ്ദമായ അന്തരീക്ഷത്തില്‍ ആദ്യം സ്വന്തം കമ്പ്യൂട്ടറിലെ വോയിസ് റിക്കോര്‍ഡര്‍ ഓപ്പണ്‍ ചെയ്യുക.പിന്നീട് കരോക്കേ പ്‌ളേ ചെയ്ത് അത് ഹെഡ് ഫോണിലൂടെ ചെവിയില്‍ വച്ച് കേട്ടുകൊണ്ട് പാടുകയും അത് വോയിസ് റിക്കോര്‍ഡറില്‍ റെക്കോര്‍ഡ് ചെയ്ത് സേവ് ചെയ്യുകയും ചെയ്യുക. നിങ്ങളുടെ വോയിസ് മാത്രം റെക്കോര്‍ഡ് ചെയ്ത് ലഭിക്കാനാണ് അങ്ങനെ ചെയ്യുന്നത്. നിങ്ങളുടെ കമ്പ്യൂട്ടറില്‍ മറ്റെന്തെങ്കിലും വോയിസ് റിക്കോര്‍ഡര്‍ സോഫ്റ്റ് വെയര്‍ ഉണ്ടെങ്കില്‍ അതും ഉപയോഗിക്കാവുന്നതാണ്. ഒന്നുമില്ലെങ്കില്‍ പാട്ട് സ്വന്തം മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്താലും മതി. എന്നാല്‍ പുറത്തു നിന്നുള്ള ഒരു ശബ്ദ ശല്യങ്ങളും ഉണ്ടാവാതെ പ്രത്യേകം ശ്രദ്ധിക്കണം. പിന്നീട് പാടിയ പാട്ടും കാരോക്കെയും വേറെ വേറെ mp3 ഫയലുകളായി അപേക്ഷ ഫോറത്തോടൊപ്പം uukmastarsinger@gmail.com എന്ന മെയിലിലേക്ക് അയക്കാന്‍. എക്കോ, റിവര്‍ബ്, ഈക്വലൈസര്‍, മുതലായ എന്‍ഹാന്‍സ്‌മെന്റുകള്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല.
‘യുക്മ സ്റ്റാര്‍ സീസണ്‍ 2’ യു.കെ.മലയാളികളുടെ സംഗീത സങ്കല്‍പ്പങ്ങള്‍ക്ക് ചാരുത പകരട്ടെ എന്ന് യുക്മ പ്രസിഡന്റ് ശ്രീ.ഫ്രാന്‍സീസ് മാത്യു, ആശംസിച്ചു .യു കെ യിലെ മുഴുവന്‍ മലയാളികളും സാംസ്‌കാരിക വേദിയുടെ സംരഭത്തിന്റെ വിജയത്തിനായി അണിനിരക്കണം എന്ന് ജനറല്‍ സെക്രട്ടറി ശ്രീ.സജീഷ് ടോം അഭ്യര്‍ഥിച്ചു. യുക്മ സാംസ്‌കാരിക വേദിയുടെഏറ്റവും വലിയ ഈ പരിപാടിയുടെ വിജയത്തിന് ചുക്കാന്‍ പിടിക്കാന്‍ വൈസ് ചെയര്‍മാന്‍ ശ്രീ.തമ്പി ജോസ്, ജനറല്‍ കണ്‍വീനര്‍മാരായ ശ്രീ.സീ.എ.ജോസഫ്, ശ്രീ.ജയപ്രകാശ് പണിക്കര്‍ എന്നിവരോടൊപ്പം മുഴുവന്‍ സാംസ്‌കാരിക വേദി പ്രവര്‍ത്തകരും ഉണ്ടാവും എന്ന് അറിയിച്ചു

മത്സരാര്‍ത്ഥികള്‍ക്ക് ഈ മത്സരത്തെക്കുറിച്ച് എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ മുകളില്‍ പറഞ്ഞ മെയിലിലോ, ശ്രീ ഹരീഷ് പാലയെ 07578148446 എന്ന നമ്പറിലൊ ബന്ധപ്പെടാവുന്നതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.