സ്വന്തം ലേഖകൻ: പുട്ടിന് വേണ്ടി മരിക്കാൻ തയാറാണെന്ന് യുക്രെയ്നെതിരായ യുദ്ധത്തിന് റഷ്യയിലെത്തിയ രണ്ടു ബ്രിട്ടീഷ് കുറ്റവാളികൾ. ബ്രിട്ടീഷ് പൗരനായ എയ്ഡൻ മിന്നിസ് (37), മാഞ്ചസ്റ്ററിലെ ഓൾഡ്ഹാം സ്വദേശിയായ ബെൻ സ്റ്റിംസൺ (48) എന്നയാളുമാണ് ഇക്കാര്യം സ്വയം പ്രഖ്യാപിച്ചത്.
പുട്ടിന് വേണ്ടി മരിക്കാനും തയാറാണെന്നാണ് എയ്ഡൻ മിന്നിസ് പറഞ്ഞതെന്ന് ‘മെട്രോ’ റിപ്പോർട്ട് ചെയ്തു. ജനുവരിയിൽ റഷ്യൻ സൈന്യത്തിൽ ചേർന്ന ഇയാൾ, താൻ ദിവ്യ ദൗത്യമാണ് നിർവഹിക്കുന്നതെന്നാണ് പറയുന്നത്. ഇയാൾ ഓടിച്ച വാഹനമിടിച്ച് രണ്ടു പേർ മരിച്ച സംഭവത്തിലും വംശീയ ആക്രമണത്തിനും വീടില്ലാതെ തെരുവിൽ കഴിയുന്നയാളെ മർദിച്ചതിനുമെല്ലാം ബ്രിട്ടനിൽ ഇയാളുെട പേരിൽ കേസുകളുണ്ട്.
ബെൻ സ്റ്റിംസണും (48) നേരത്തെ ജയിലിലായിട്ടുണ്ട്. ബെൻ എന്നും കുടുംബത്തിന് തലവേദനായിരുന്നെന്ന് ഇയാളുടെ പിതാവ് പ്രതികരിച്ചു. മൃതദേഹങ്ങൾക്കും ഗ്രനേഡുകൾക്കുമൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് ഇപ്പോൾ മിന്നിസും സ്റ്റിംസണും തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവെക്കുന്നത്.
പുട്ടിന്‍റെ നിയമവിരുദ്ധമായ അധിനിവേശത്തിൽ ബ്രിട്ടീഷ് പൗരന്മാർ പങ്കെടുക്കുന്നതായുള്ള റിപ്പോർട്ടുകൾ ഞെട്ടിപ്പിക്കുന്നതാണെന്ന് ബ്രിട്ടനിലെ ഫോറിൻ, കോമൺവെൽത്ത് ആൻഡ് ഡെവലപ്മെന്‍റ് ഓഫീസ് വക്താവ് പ്രതികരിച്ചു. ബ്രിട്ടനിലേക്ക് മടങ്ങിയെത്തിയാൽ 1870-ലെ ഫോറിൻ എൻലിസ്റ്റ്മെന്‍റ് ആക്ട് പ്രകാരം ഇരുവരെയും അറസ്റ്റ് ചെയ്യുമെന്നാണ് വിവരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല