സ്വന്തം ലേഖകൻ: യുക്രെയ്ന് ക്ലസ്റ്റര്‍ ബോംബുകള്‍ നല്‍കാനുള്ള അമേരിക്കന്‍ തീരുമാനത്തില്‍ സഖ്യരാജ്യങ്ങള്‍ക്ക് എതിര്‍പ്പ്. അമേരിക്കന്‍ സഖ്യത്തിലുള്ള ബ്രിട്ടനും സ്പെയിനും കാനഡയും ക്ലസ്റ്റര്‍ ബോംബുകളുടെ ഉപയോഗത്തെ എതിര്‍ക്കുന്ന രാജ്യങ്ങളാണ്. ക്ലസ്റ്റര്‍ ബോംബുകളുടെ നിര്‍മ്മാണവും ഉപയോഗവും നിരോധിക്കുന്ന 123 രാജ്യങ്ങളുടെ കണ്‍വെന്‍ഷനില്‍ ഒപ്പുവെച്ച രാജ്യമാണ് ബ്രിട്ടന് എന്നായിരുന്നു പ്രധാനമന്ത്രി ഋഷി സുനകിന്റെ നിലപാട്.
ചില പ്രത്യേക ആയുധങ്ങള്‍ യുക്രെയ്നിലേക്ക് അയക്കരുതെന്ന കാര്യത്തില്‍ സ്പെയിന് ഉറച്ച നിലപാടുണ്ടെന്നായിരുന്നു സ്പാനിഷ് പ്രതിരോധമന്ത്രി മാർഗറിറ്റ റോബല്‍സിന്റെ പ്രതികരണം. ക്ലസ്റ്റര്‍ ബോംബുകളുടെ ആഘാത സാധ്യതയെക്കുറിച്ചുള്ള ആശങ്കയാണ് കാനഡ പങ്കുവയ്ക്കുന്നത്. കുട്ടികള്‍ക്ക് അടക്കം ഭീഷണിയായി ക്ലസ്റ്റര്‍ ബോംബുകള്‍ പൊട്ടിത്തെറിക്കാതെ കാലങ്ങളോളം കിടക്കുന്ന സാഹചര്യത്തിലെ ആശങ്കയും കാനഡ പങ്കുവച്ചു.
‘ക്ലസ്റ്റര്‍ ബോംബുകളുടെ നിര്‍മ്മാണവും ഉപയോഗവും നിരോധിക്കുന്ന കണ്‍വെന്‍ഷന്റെ സാര്‍വ്വത്രിക നിലപാടിനെ ഉയര്‍ത്തിപ്പിടിക്കാനുള്ള ബാധ്യതയെ ഗൗരവമായി കാണുന്നു’ എന്ന നിലപാടും കാനഡ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയും റഷ്യയും യുക്രെയ്നും ഈ കണ്‍വെന്‍ഷനില്‍ ഒപ്പുവച്ചിട്ടില്ല. അമേരിക്കന്‍ സുഹൃത്തുക്കള്‍ ഇത്തരം ആയുധങ്ങള്‍ നല്‍കുന്നതിനെ ലഘുവായി കാണുമെന്ന് കരുതുന്നില്ലെന്ന നിലപാടാണ് ജര്‍മ്മന്‍ സര്‍ക്കാരിന്റെ വക്താവ് സ്റ്റെഫന് ഹെബെസ്ട്രീറ്റ് വ്യക്തമാക്കുന്നത്.
ലോകത്തെ വിവിധ മനുഷ്യാവകാശ സംഘടനകളും അനെംസ്റ്റി ഇന്റര്‍നാഷണലും അമേരിക്കന്‍ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുണ്ട്. സാധാരണക്കാര്‍ക്ക് ശവക്കല്ലറ തീര്‍ക്കുന്ന നീക്കമെന്ന വിമര്‍ശനമാണ് ഉയരുന്നത്. യുദ്ധം തീര്‍ന്നാലും ക്ലസ്റ്റര്‍ ബോംബുകള്‍ ദീര്‍ഘകാലത്തേക്ക് ജനങ്ങള്‍ക്ക് ശവകല്ലറ തീര്‍ക്കുന്ന ഭീഷണിയായി നിലനില്‍ക്കുമെന്ന വിമര്‍ശനമാണ് ഉയരുന്നത്. ലോകത്തെ 120ഓളം രാജ്യങ്ങള്‍ ക്ലസ്റ്റര്‍ ബോംബുകളുടെ ഉപയോഗം നിരോധിച്ചിട്ടുണ്ട്.
അമേരിക്ക പ്രഖ്യാപിച്ച 800 മില്യണ്‍ ഡോളര്‍ സഹായത്തിന്റെ ഭാഗമായാണ് യുക്രെയ്ന് ക്ലസ്റ്റര്‍ ബോംബുകള്‍ നല്‍കുന്നത്. ക്ലസ്റ്റര്‍ ബോംബുകളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട യുഎസ് നിയമത്തെ മറികടന്നാണ് ബൈഡന് യുക്രെയ്ന് ക്ലസ്റ്റര്‍ ബോംബുകള്‍ നല്കാന് തീരുമാനിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയാണ് യുക്രെയ്ന് ക്ലസ്റ്റര്‍ ബോംബുകള്‍ നല്‍കാനുള്ള തീരുമാനം അമേരിക്ക പ്രഖ്യാപിച്ചത്. വളരെ വിഷമം പിടിച്ച തീരുമാനം എന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല