സ്വന്തം ലേഖകൻ: റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം രൂക്ഷമായ സുമിയിൽ നിന്ന് കഴിഞ്ഞ ദിവസം നിരവധിപേരെയാണ് ഇന്ത്യ രക്ഷപ്പെടുത്തിയത്. ഇന്ത്യക്കാര്‍ക്ക് പുറമെ ഇക്കൂട്ടത്തില്‍ ഒരു പാക്കിസ്ഥാൻ സ്വദേശിയായ വിദ്യാർഥിനിയുമുണ്ടായിരുന്നു. സുമിയില്‍ നിന്ന് പുറത്ത് കടക്കാന്‍ സഹായിച്ച ഇന്ത്യൻ അധികൃതർക്ക് നന്ദി അറിയിക്കുന്നതായി വിദ്യാർഥിനിയായ അസ്മ ഷെഫീഖ് പറഞ്ഞു.
“യുക്രൈനിൽ കുടുങ്ങിക്കിടന്ന എന്നെ സുരക്ഷിതമായി ഒഴിപ്പിച്ചതിന് കിയവിലെ ഇന്ത്യൻ എംബസിയോട് നന്ദി അറിയിക്കുന്നു. ഞങ്ങൾ വളരെ വിഷമകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോയത്. ഞങ്ങളെ പിന്തുണച്ചതിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും പ്രത്യേകം നന്ദി അറിയിക്കുന്നു. ഇന്ത്യൻ എംബസി കാരണം ഞങ്ങൾ സുരക്ഷിതമായി വീട്ടിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു,“ അസ്മ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. അസ്മ യുക്രൈൻ അതിർത്തിയിലെത്തിയതായും ഉടൻ തന്നെ കുടുംബത്തോടൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ പറഞ്ഞു.
ഇതാദ്യമായല്ല ഒരു വിദേശ പൗരനെ ഇന്ത്യ രക്ഷിക്കുന്നത്. നേരത്തെ, ഒരു ബംഗ്ലാദേശ് പൗരനെ ഇന്ത്യ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ‘ഓപ്പറേഷൻ ഗംഗ’യുടെ ഭാഗമായി ഒരു നേപ്പാളി പൗരനും ഇന്ത്യൻ വിമാനത്തിൽ വരുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. ഇന്ത്യൻ അധികാരികൾ യുക്രൈനിൽ നിന്ന് ഒഴിപ്പിച്ച ആദ്യത്തെ നേപ്പാളി പൗരനായ റോഷൻ ഝായും ഇന്ത്യൻ സർക്കാരിന്റെ പിന്തുണക്കും സഹായത്തിനും നന്ദി അറിയിച്ചതായി കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്തു. പിന്നീട് ഏഴ് നേപ്പാളികളെ കൂടി ഇന്ത്യൻ സർക്കാർ പോളണ്ടിൽ നിന്ന് ഒഴിപ്പിക്കുന്നുണ്ടെന്ന് കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി നേരത്തെ അറിയിച്ചിരുന്നു.
അതേസമയം, സുമിയിൽ നിന്ന് എല്ലാ ഇന്ത്യൻ വിദ്യാർഥികളെയും ഒഴിപ്പിച്ചതായി വിദേശകാര്യമന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. ഇതിൽ 300 ഓളം മലയാളികളുമുണ്ട്. ഇവരെ വ്യോമ സേനയുടെ പ്രത്യേക വിമാനത്തിൽ ഇന്ന് നാട്ടിലേക്കെത്തിക്കും.ഇതോടെ യുക്രൈനിലെ മുഴുവന്‍ ഇന്ത്യക്കാരെയും ഒഴിപ്പിച്ചതായി അധികൃതര്‍ അവകാശപ്പെട്ടു. 2022 ഫെബ്രുവരി 22ന് ആരംഭിച്ച ‘ഓപ്പറേഷൻ ഗംഗ’ വഴി ഇതുവരെ 18,000 ത്തോളം ഇന്ത്യക്കാരെ പ്രത്യേക വിമാനങ്ങളിൽ തിരികെ കൊണ്ടുവന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല