1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 5, 2022

സ്വന്തം ലേഖകൻ: യുക്രൈനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് ഇന്ത്യയിലെ മെഡിക്കൽ കോളജുകളിൽ ചേർന്ന് കോഴ്‌സ് പൂർത്തിയാക്കാൻ കഴിയില്ലെന്ന് കേന്ദ്രം. നിലവിലെ ചട്ടങ്ങൾ അതിന് അനുവദിക്കുന്നില്ല. ഹൗസ് സർജൻസി പൂർത്തിയാക്കാൻ കഴിയാത്ത ചൈനയിലും യുക്രൈനിലും പഠിക്കുന്ന അവസാന വർഷ മെഡിക്കൽ വിദ്യാർഥികൾക്ക് ഇളവു നൽകാൻ തീരുമാനിച്ചിട്ടുണ്ട്.

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനുള്ള സ്‌ക്രീനിങ് ടെസ്റ്റ് എഴുതാൻ അവസാന വർഷ മെഡിക്കൽ വിദ്യാർഥികളെ അനുവദിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പാസാകുന്ന വിദ്യാർഥികൾക്ക് രണ്ട് വർഷത്തെ ഇൻറേൺഷിപ്പ് പൂർത്തിയാക്കിയാൽ ബിരുദാനന്തര രജിസ്‌ട്രേഷന് അനുമതി ലഭിക്കും. കെ.മുരളീധരൻ എംപിയുടെ കത്തിനാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ മറുപടി.

അതേസമയം യുക്രൈനിലെ റഷ്യന്‍ അധിനിവേശം മൂലം പഠനം മുടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പഠനം പൂര്‍ത്തിയാക്കാന്‍ അവസരം ഒരുക്കണമെന്ന ആവശ്യത്തില്‍ അനുകൂലമായ പ്രതികരണം വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ലഭിച്ചതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത.

സുപ്രീംകോടതിയെയാണ് സോളിസിറ്റര്‍ ജനറല്‍ ഇക്കാര്യം അറിയിച്ചത്. എന്നാല്‍, ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അന്തിമ തീരുമാനം അറിയിക്കാന്‍ ഒരാഴ്ചത്തെ സമയംകൂടി വേണമെന്ന് തുഷാര്‍ മേത്ത കോടതിയോട് ആവശ്യപ്പെട്ടു. ഈ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു.

യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നല്‍കിയ വിവിധ ഹര്‍ജികള്‍ പരിഗണിക്കവെയാണ് സോളിസിറ്റര്‍ ജനറല്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് അനുകൂല റിപ്പോര്‍ട്ട് ലഭിച്ചു എന്ന് കോടതിയെ അറിയിച്ചത്. എന്നാല്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം അദ്ദേഹം കോടതിയില്‍ വ്യക്തമാക്കിയിട്ടില്ല.

ഒരു മന്ത്രാലയം മാത്രമല്ല ഈ വിഷയത്തില്‍ തീരുമാനം എടുക്കേണ്ടത്. അതിനാല്‍ വിവിധ മന്ത്രാലയങ്ങളുടെ തീരുമാനങ്ങള്‍ ഏകോപിപ്പിച്ച് അന്തിമ തീരുമാനം അറിയിക്കാന്‍ ഒരാഴ്ചത്തെ സമയം വേണമെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി. തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി സെപ്റ്റംബര്‍ 15-ലേക്ക് മാറ്റി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.