സ്വന്തം ലേഖകൻ: തുടർവിദ്യാഭ്യാസത്തെക്കുറിച്ചുള്ള ആശങ്ക മാറാതെ യുക്രൈനിൽനിന്നെത്തിയ മെഡിക്കൽ വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും. യുദ്ധം താറുമാറാക്കിയ യുക്രൈനിലേക്ക് ഇനി തിരിച്ചുപോക്ക് എളുപ്പമല്ലെന്നിരിക്കെ ഇക്കാര്യത്തിൽ കേന്ദ്രനിലപാടിലും മെഡിക്കൽ കൗൺസിലിന്റെ തീരുമാനത്തിലും പ്രതീക്ഷയർപ്പിച്ചിരിക്കയാണ് വിദ്യാർഥികൾ.
വിദേശത്ത് പഠിച്ച വിദ്യാർഥികളുടെ കാര്യത്തിൽ എന്തു ചെയ്യാനാവുമെന്ന് ഒരു കേസിൽ സുപ്രീംകോടതി ദേശീയ മെഡിക്കൽ കമ്മിഷനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. രണ്ടുമാസമാണ് കാലാവധി നൽകിയത്. ഈ മാസം 29-ന് കൗൺസിലിന്റെ തീരുമാനം കോടതിയെ അറിയിക്കുമെന്നാണ് കരുതുന്നത്. പഠനം നടത്തിയ യൂണിവേഴ്‌സിറ്റിയിൽനിന്നുതന്നെ കോഴ്‌സ് പൂർത്തിയാക്കി ബിരുദം നേടണമെന്നാണ് ചട്ടം. യുക്രൈനിൽനിന്നെത്തിയ വിദ്യാർഥികൾക്ക് പഠനസൗകര്യമൊരുക്കാൻ പല സംസ്ഥാനങ്ങളും സന്നദ്ധമായിട്ടുണ്ടെങ്കിലും മെഡിക്കൽ കമ്മിഷന്റെ അനുമതി ലഭിച്ചിട്ടില്ല. വിവരാവകാശനിയമപ്രകാരം മെഡിക്കൽ കമ്മിഷനോട് വിവരം തേടിയ വിദ്യാർഥിക്ക് തീരുമാനം കേന്ദ്രത്തിൽനിന്നാണ് വരേണ്ടതെന്ന മറുപടിയാണ് ലഭിച്ചത്. പ്രത്യേകസാഹചര്യത്തിൽ മെഡിക്കൽ കമ്മിഷന്റെ ചട്ടങ്ങൾക്ക് ഭേദഗതി വരുത്തുന്ന കാര്യം കേന്ദ്രനിലപാടിനെ ആശ്രയിച്ചായിരിക്കും എന്നാണ് സൂചന.
യുക്രൈനിലിപ്പോഴും അശാന്തമായ സ്ഥിതിയാണുള്ളത്. എന്നാൽ, തിരിച്ചെത്തിയ വിദ്യാർഥികൾക്ക് ഓണ്‍ലൈന്‍ ക്ലാസും പരീക്ഷയും അവിടെയുള്ള സർവകലാശാലകൾ നടത്തുന്നുണ്ട്. സെപ്റ്റംബറിൽ പുതിയ സെമസ്റ്റർ തുടങ്ങും. പക്ഷേ, ബാങ്കിൽനിന്ന് വിദ്യാഭ്യാസവായ്പയെടുത്ത് പഠിക്കുന്ന പല വിദ്യാർഥികൾക്കും ഫീസടയ്ക്കാൻ കഴിയുന്നില്ല. ബാങ്കുകൾ യൂണിവേഴ്സിറ്റിക്ക് നേരിട്ടാണ് ഫീസ് നൽകുന്നത്. യുക്രൈനിൽ പലയിടത്തും ബാങ്കുകൾ പ്രവർത്തിക്കാത്തതുകൊണ്ട് അതിന് കഴിയുന്നില്ല. സെപ്റ്റംബറിൽ അടുത്ത സെമസ്റ്റർ ആരംഭിക്കും.
പതിനെട്ടായിരം മെഡിക്കൽ വിദ്യാർഥികൾ ഉൾപ്പെടെ ഇരുപതിനായിരത്തോളം വിദ്യാർഥികളാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ യുക്രൈനിൽനിന്ന് രാജ്യത്ത് മടങ്ങിയെത്തിയത്. 2700 മലയാളിവിദ്യാർഥികൾ യുക്രൈനിൽനിന്ന് തിരിച്ചെത്തിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽമാത്രം 277 വിദ്യാർഥികളുണ്ട്. യുക്രൈനിൽനിന്ന് ട്രാൻസ്ഫർ ഒാർഡർ കിട്ടിയാലും ഉപരോധം നിലനിൽക്കുന്ന റഷ്യയിലും മറ്റും പോയി പഠിക്കാൻ ഇപ്പോഴത്തെ ചുറ്റുപാടിൽ പ്രയാസമാണ്.
എം.പി.മാർക്കും മന്ത്രിമാർക്കുമെല്ലാം രക്ഷിതാക്കൾ പലതവണ നിവേദനം നൽകിയെങ്കിലും വ്യക്തമായൊരു മറുപടി ഇക്കാര്യത്തിൽ ഇനിയും ഉണ്ടായിട്ടില്ല. തീരുമാനം അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ നിയമസഹായംതേടാനും അവർ ആലോചിക്കുന്നു. 26-ന് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും യോഗം ചേരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല