സ്വന്തം ലേഖകന്‍: യുക്രൈന് പ്രസിഡന്റായി വ്ളാദിമിര്‍ സെലെന്‍സ്കി അധികാരമേറ്റു. യുക്രെയ്നിന്റെ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തയുടന്‍ വൊളോദ്മിര്‍ സെലന്‍സ്കി പാര്‍ലമെന്റ് പിരിച്ചുവിട്ടു. രാഷ്ട്രീയരംഗത്ത് പരിചയമില്ലാത്ത ടിവി ഹാസ്യതാരമാണ് 41കാരനായ സെലന്‍സ്കി. മുന്‍ പ്രസിഡന്റ് വിക്ടര്‍ പൊറോഷെങ്കോയ്ക്ക് എതിരേ മത്സരിച്ച അദ്ദേഹത്തിന് 73ശതമാനത്തിലേറെ വോട്ടുകിട്ടി.
സുപ്രീം റാദാ(പാര്‍ലമെന്റ്) പിരിച്ചുവിടുമെന്നു പ്രചാരണവേളയില്‍ തന്നെ സെലന്‍സ്കി പറഞ്ഞിരുന്നു. റഷ്യന്‍ പിന്തുണയുള്ള വിഘടനവാദികളുമായി കിഴക്കന്‍ യുക്രെയിനില്‍ നടക്കുന്ന പോരാട്ടം അവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കുന്നതിനു മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ജീവിതകാലം മുഴുവന്‍ യുക്രെയ്ന്‍കാരെ ചിരിപ്പിക്കാനാണു ഞാന്‍ ശ്രമിച്ചത്. അവര്‍ കരയില്ലെന്ന് ഉറപ്പാക്കാനായിരിക്കും അടുത്ത അഞ്ചുവര്‍ഷം ചെലവഴിക്കുക സത്യപ്രതിജ്ഞയ്ക്കുശേഷം പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം വ്യക്തമാക്കി. എട്ടാം സുപ്രീം റാദാ പിരിച്ചുവിടുകയാണെന്നും തുടര്‍ന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ പുതിയ യുക്രൈന് പ്രസിഡന്റിനെ സ്വാഗതം ചെയ്യാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് തയാറായില്ല. എക്സിറ്റ് പോള്‍ ഫലങ്ങള്‍ നേരിയ ഭൂരിപക്ഷത്തില്‍ സെലെന്‍സ്കി പരാജയപ്പെടുമെന്നാണ് പ്രവചിച്ചതെങ്കിലും പോള്‍ ചെയ്യപ്പെട്ടതില്‍ എഴുപത്തിമൂന്ന് ശതമാനം വോട്ട് നേടിയാണ് നാല്പത്തിയൊന്നുകാരനായ സെലെന്‍സ്കി വിജയിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല