സ്വന്തം ലേഖകൻ: യുക്രൈനിൽനിന്നു മടങ്ങിയ ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾക്ക് റഷ്യൻ സർവകലാശാലകളിൽ തുടർപഠനം ഒരുക്കാമെന്ന വാഗ്ദാനത്തോടു മലയാളി വിദ്യാർഥികൾക്കു വൈമനസ്യം. 3,379 മെഡിക്കൽ വിദ്യാർഥികളാണ് യുക്രൈനിൽനിന്നു കേരളത്തിൽ തിരിച്ചെത്തിയത്. ഇവരിൽ റഷ്യയിൽ പഠനത്തിനു സന്നദ്ധ പ്രകടിപ്പിച്ചത് 5 പേർ മാത്രം. ഇന്ത്യയിൽ തുടർപഠനത്തിന് സൗകര്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികൾ റഷ്യയോടു വിമുഖത കാട്ടുന്നതെന്നാണു സൂചന.
യുക്രൈനിൽനിന്നു മടങ്ങിയവർക്ക് റഷ്യയിൽ പഠനം തുടരാൻ അവസരം നൽകുമെന്ന് ഇന്ത്യയിലെ റഷ്യൻ ഉപസ്ഥാനപതി റോമൻ ബാബുഷ്കിൻ കഴിഞ്ഞ മാസം 12ന് അറിയിച്ചിരുന്നു.മലയാളി വിദ്യാർഥികൾ അക്കാദമിക് രേഖകളുമായി തിരുവനന്തപുരത്തെ റഷ്യൻ ഹൗസിൽ ബന്ധപ്പെടാനായിരുന്നു നിർദേശം. 550 വിദ്യാർഥികൾ ഫോണിൽ ബന്ധപ്പെട്ടെങ്കിലും 5 പേർ മാത്രമാണു രേഖകൾ ഹാജരാക്കിയതെന്ന് റഷ്യയുടെ ഓണററി കോൺസൽ രതീഷ് സി.നായർ പറഞ്ഞു.
തിരുവനന്തപുരത്തെ റഷ്യൻ ഹൗസ് മുഖേനയുള്ള പ്രവേശന നടപടികൾ അവസാനിപ്പിച്ചതായും അറിയിച്ചു. റഷ്യയിൽ തുടർപഠനം ആഗ്രഹിക്കുന്നവർ https://.studyinrussia.ru/en വെബ്സൈറ്റിലൂടെ നേരിട്ട് അപേക്ഷിക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല