സ്വന്തം ലേഖകന്‍: റഷ്യയും യുക്രെയിനും വീണ്ടും ഉരസുന്നു; യുദ്ധഭീതിയില്‍ അയല്‍ രാജ്യങ്ങള്‍; മധ്യസ്ഥശ്രമങ്ങളുമായി യൂറോപ്യന്‍ യൂണിയന്‍. യുക്രെയ്‌ന്റെ 3 കപ്പലുകള്‍ റഷ്യ പിടിച്ചെടുത്തതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നു. യുക്രെയ്ന്‍ പ്രകോപനം ഉണ്ടാക്കിയതാണ് കപ്പലുകള്‍ പിടിച്ചെടുക്കാന്‍ കാരണമെന്നാണ് റഷ്യയുടെ നിലപാട്.
റഷ്യക്കെതിരെ കടുത്ത ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യുക്രെയ്‌നും യൂറോപ്യന്‍ യൂണിയനിലെ ചില പ്രമുഖ രാഷ്ട്രീയക്കാരും രംഗത്തെത്തി. റഷ്യയുടെ ജലാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് കഴിഞ്ഞ ഞായറാഴ്ചയാണ് യുക്രെയ്‌ന്റെ നാവിക കപ്പലുകള്‍ ക്രൈമിയയ്ക്കു സമീപം കെര്‍ച് കടലിടുക്കില്‍ നിന്ന് റഷ്യ പിടിച്ചെടുത്തത്. കപ്പലുകളില്‍ യുക്രെയ്ന്‍ ആയുധം കടത്തുകയായിരുന്നുവെന്ന് റഷ്യ ആരോപിക്കുന്നു.
ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ യുക്രെയ്ന്‍ പ്രധാനമന്ത്രി പെട്രോ പൊറോഷെങ്കോയെ ഫോണില്‍ വിളിച്ച് ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരം കാണാന്‍ ആവശ്യപ്പെട്ടു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനുമായും മെര്‍ക്കല്‍ ഫോണില്‍ ബന്ധപ്പെട്ടു. അതിര്‍ത്തി പ്രദേശങ്ങളില്‍ യുക്രെയ്ന്‍ പട്ടാളനിയമം പ്രഖ്യാപിച്ചു. ഇത്തരം എടുത്തുചാട്ടത്തിനും പ്രകോപനത്തിനും കനത്ത വില നല്‍കേണ്ടിവരുമെന്ന് റഷ്യ മുന്നറിയിപ്പു നല്‍കി.
സംഘര്‍ഷം മൂര്‍ച്ഛിക്കുന്നത് തടയാന്‍ യൂറോപ്യന്‍ യൂണിയന്‍ ശ്രമിക്കുന്നുണ്ട്. കപ്പലുകള്‍ ഉടന്‍ വിട്ടുകൊടുക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌ക് റഷ്യയോട് ആവശ്യപ്പെട്ടു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യുഎന്‍ രക്ഷാസമിതി അടിയന്തരയോഗം ചേര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല