സ്വന്തം ലേഖകൻ: ഇന്ത്യൻ വ്യോമസേനയുടെ നാല് വിമാനങ്ങളിലായി മാതൃരാജ്യത്തേക്ക് മടങ്ങിയത് 798 ഇന്ത്യൻ പൗരന്മാർ. റുമാനിയ, ഹംഗറി, പോളണ്ട് എന്നീ രാജ്യങ്ങളിൽ നിന്നാണ് വ്യോമസേനയുടെ സി-17 വിമാനങ്ങൾ മടങ്ങിയെത്തിയത്. ഘാസിയാബാദിലുള്ള വ്യോമസേനയുടെ ഹിൻഡൻ എയർബേസിലാണ് വിമാനങ്ങൾ ലാൻഡ് ചെയ്തത്. ആദ്യ സി-17 വിമാനം ബുച്ചാറെസ്റ്റിൽ നിന്നും 200 ഇന്ത്യക്കാരുമായി വ്യാഴാഴ്ച പുലർച്ചെ 1.30ന് എത്തി. സ്വീകരിക്കാനെത്തിയത് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് ആയിരുന്നു.
ബുഡാപെസ്റ്റിൽ നിന്നെത്തിയ രണ്ടാമത്തെ വ്യോമസേന വിമാനത്തിൽ 210 പേരും റസെസോയിൽ നിന്ന് 208 പേരുമായി മൂന്നാമത്തെ വിമാനവും വ്യാഴാഴ്ച രാവിലെ തന്നെയെത്തി. നാലാമത്തെ വിമാനത്തിൽ 180 പേരാണുണ്ടായിരുന്നത്. ബുക്കാറെസ്റ്റിൽ നിന്നാണ് നാലാമത്തെ വ്യോമസേന വിമാനമെത്തിയത്.
ഇന്ത്യയിൽ നിന്നും രക്ഷാദൗത്യത്തിനായി പുറപ്പെട്ട നാല് വിമാനങ്ങളിലും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും അടങ്ങിയിരുന്നു. മെഡിക്കൽ വസ്തുക്കൾ, ധാന്യങ്ങൾ, മറ്റ് ആഹാര സാധനങ്ങൾ എന്നിവ യുദ്ധക്കെടുതിയിൽ പെട്ടുപോയ യുക്രൈയ്ൻ സ്വദേശികൾക്കും അവിടെയുള്ള ഇന്ത്യക്കാർക്കും വേണ്ടിയാണ് അയച്ചത്. ഏകദേശം 9.7 ടൺ വസ്തുക്കളുമായാണ് വിമാനം ഇന്ത്യയിൽ നിന്നും രക്ഷാദൗത്യത്തിനായി പുറപ്പെട്ടത്.
ഹംഗറിയിൽ ഹർദീപ് സിംഗ് പുരിയും ജ്യോതിരാദിത്യ സിന്ധ്യ റുമാനിയയിലും സ്ലോവാക്യയിൽ കിരൺ റിജിജുവും വി.കെ സിംഗ് പോളണ്ടിലും നിന്നുകൊണ്ടാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. യുക്രൈയ്ൻ അതിർത്തി കടന്ന് 17,000 ഇന്ത്യക്കാരെത്തിയെന്നാണ് ഔദ്യോഗിക വിവരം. ശേഷിക്കുന്നവരെ എത്രയും വേഗം യുക്രയെന്റെ പടിഞ്ഞാറൻ മേഖലകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് എംബസി അധികൃതർ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല