1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2022

സ്വന്തം ലേഖകൻ: യുക്രൈയിനിൽ നിന്ന് ഡല്‍ഹിയില്‍ എത്തുന്ന വിദ്യാർഥികൾ അടക്കമുള്ളവരെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ഇന്ന് മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യ വിമാനം രാവിലെ 9.30ന് ഡല്‍ഹിയില്‍ നിന്നും തിരിക്കും. രണ്ടാമത്തേത് ഉച്ചക്ക് 3.30നും മൂന്നാമത്തേത് വൈകുന്നേരം 6.30നും പുറപ്പെടും.

കൊച്ചി വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്കും കാസർഗോട്ടേക്കും ബസ് സര്‍വീസുണ്ടാകും. കൊച്ചിയിലെത്തുന്നവരെ സ്വീകരിക്കാന്‍ വനിതകളടക്കമള്ള നോര്‍ക്ക ഉദ്യോഗസ്ഥ സംഘം 24 മണിക്കൂറും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും നോര്‍ക്കയുടെ പ്രത്യേക ടീമുകൾ പ്രവര്‍ത്തനനിരതമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

യുക്രൈനിൽ നിന്ന് 398 വിദ്യാർഥികൾ നാട്ടിൽ തിരിച്ചെത്തിയതായി മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇന്നലെ 154 മലയാളി വിദ്യാർഥികൾ കൂടി രാജ്യത്തെത്തിയിരുന്നു. കൂടുതൽ വിദ്യാർഥികൾ എത്തുന്നതോടെയാണ് സംസ്ഥാന സർക്കാർ ചാർട്ടേഡ് വിമാനം ഒരുക്കിയത്. ഇന്നലെ വൈകീട്ട് 8.15ഓടെ നെടുമ്പാശേരിയിൽ ഒരു വിമാനം എത്തിയിരുന്നു. ഇതിൽ 168 വിദ്യാർത്ഥികളെയാണു നാട്ടിലെത്തിച്ചത്. ചൊവ്വാഴ്ച രാത്രി ഡൽഹിയിലെത്തി കേരള ഹൗസിൽ വിശ്രമിക്കുകയായിരുന്ന 36 വിദ്യാർത്ഥികളും ഇന്നലെ രാവിലെ എത്തിയ 134 വിദ്യാർഥികളും അടങ്ങുന്ന സംഘമായിരുന്നു ഇത്.

പോളണ്ട്, ഹംഗറി, റൊമാനിയ, സ്ലോവാക്യ എന്നിവിടങ്ങളിൽന്നു ഡൽഹിയിലേക്കും മുംബൈയിലേക്കും എട്ടു വിമാനങ്ങൾ സർവീസ് നടത്തുമെന്നും മഖ്യമന്ത്രി അറിയിച്ചിരുന്നു. ഈ വിമാനങ്ങളിലെത്തുന്ന എല്ലാ മലയാളി വിദ്യാർത്ഥികളേയും അതിവേഗത്തിൽ കേരളത്തിലേക്കെത്തിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും എയർപോർട്ടിൽ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

യുക്രൈയിനിൽ സ്ഥിതിഗതികൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ അവിടെയുള്ള മലയാളി വിദ്യാർഥികളടക്കമുള്ളവർ സുരക്ഷാ മുന്നറിയിപ്പുകൾ സദാ ശ്രദ്ധിക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. യുദ്ധം രൂക്ഷമായ ഖാർകിവിൽനിന്ന് അടിയന്തരമായി സുരക്ഷിത സ്ഥലങ്ങളിലേക്കു മാറണമെന്നാണ് യുക്രൈയിനിലെ ഇന്ത്യൻ എംബസി ഏറ്റവും ഒടുവിൽ നൽകിയിരിക്കുന്ന നിർദേശം. ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിച്ചു സുരക്ഷിതരായി നീങ്ങാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.