സ്വന്തം ലേഖകൻ: യുദ്ധത്തില്‍ നശിച്ചുക്കൊണ്ടിരിക്കുന്ന ഒരു രാജ്യത്തെക്ക് ടൂര്‍ നടത്തുന്നതും ഒരു തരം ചെറുത്ത് നില്‍പ്പ് ആണെന്ന ആശയത്തിലൂന്നി ഒരു ട്രാവല്‍ ഏജന്‍സി റഷ്യന്‍ സൈന്യം ആക്രമിച്ചുകൊണ്ടിരിക്കുന്ന യുക്രൈനിലേക്ക് സഞ്ചാരികളെ ക്ഷണിച്ചിരിക്കുകയാണ്. എന്തു തന്നെയായാലും ഇത് തികഞ്ഞ അശ്ലീലമാണെന്നാണ് വലിയൊരു വിഭാഗം സന്നദ്ധപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നത്. വികസ്വര/ അവികസിത രാജ്യങ്ങളിലെ ചേരികളില്‍ പര്യടനം നടത്തുന്ന ‘ദാരിദ്ര വിനോദസഞ്ചാരം’ പോലെ തന്നെ മനുഷ്യത്വരഹിതമായ ഒന്നാണ് വാര്‍ ടൂറിസം എന്നാണ് വിമര്‍ശനം.
യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിലേക്ക് ലോകത്തിന്റെ കൂടുതല്‍ ശ്രദ്ധ കൊണ്ടുവരാനും യുദ്ധത്തിന് നടുവിലുള്ള ജീവിതം എങ്ങനെയെന്നു കാണിച്ചുതരാനും ഒരു മികച്ച ലോകം എങ്ങനെയാണ് കെട്ടിപ്പെടുക്കേണ്ടതെന്നും ഓര്‍മ്മപ്പെടുത്താനുമൊക്കെയാണ് ഈ വാര്‍ ടൂറിസം എന്ന് സംഘാടകര്‍ അഭിപ്രായപ്പെടുന്നു. അധിനിവേശ റഷ്യക്കെതിരെ ശക്തമായ പോരാട്ടങ്ങള്‍ നടത്തുന്ന യുക്രൈനിലെ ‘ധീര നഗരങ്ങള്‍’ ഒരു പ്രദര്‍ശനയിടമാക്കുന്നതാണ് ഈ യുക്രൈനിയന്‍ ട്രാവല്‍ കമ്പനിയുടെ ആശയം.
വിസിറ്റ് യുക്രൈന്‍ ടുഡേ (www.visitukraine.today) എന്ന ട്രാവല്‍ ഏജന്‍സിയുടെ വെബ്‌സൈറ്റിലാണ് ഇത് സംബന്ധിച്ച ടൂര്‍ പാക്കേജുകള്‍ വന്നിരിക്കുന്നത്. ഈ ടൂര്‍ കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ആന്റണ്‍ തരാനെങ്കോ പുതിയ ആശയത്തെ സംബന്ധിച്ച് സിഎന്‍എന്‍ ട്രാവലിനോട് വിശദീകരിച്ചത് ഇങ്ങനെയാണ് – യുക്രൈന്‍ സന്ദര്‍ശിക്കുക. യുദ്ധത്തെ ഒരു കാഴ്ച്ചപ്പാടാക്കി മാറ്റുകയല്ല മറിച്ച് യാത്രികരെ മറ്റൊരാളുടെ വാക്കിലൂടെയും കണ്ണിലൂടെയും മാത്രം അറിഞ്ഞ യുദ്ധത്തെ നേരിട്ട് അനുഭവിച്ചറിയാനാണ് അവസരം ഒരുക്കുന്നത് എന്നാണ്.
”ഇത് ബോംബുകളെക്കുറിച്ച് മാത്രമല്ല, ഇന്ന് ഉക്രെയ്‌നില്‍ ആളുകള്‍ എങ്ങനെ യുദ്ധവുമായി സഹകരിക്കാനും പരസ്പരം സഹായിക്കാനും പഠിക്കുന്നു എന്നതിനെക്കുറിച്ചാണ്. ബോംബ് സ്ഫോടനം നടന്ന സ്ഥലത്ത് വീണ്ടും തുറന്ന ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്ന സുഹൃത്തുക്കളെ നിങ്ങള്‍ കണ്ടേക്കാം. ചില നിമിഷങ്ങളില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു, ടിവിയില്‍ കാണുന്നത് പോലെ മോശമായതും സങ്കടകരവുമായ കാര്യങ്ങള്‍ മാത്രമല്ല, ജീവിതം മുന്നോട്ട് പോകുന്നു. ഇതെല്ലാം ഉടന്‍ അവസാനിക്കുമെന്ന പ്രതീക്ഷയുണ്ട്.” തരാനെങ്കോ പറഞ്ഞു.
യുദ്ധമേഖലയിലേക്കുള്ള യാത്രയില്‍ തീര്‍ച്ചയായും അപകടങ്ങളുണ്ട്. യുക്രൈനിലെ ഒരു പ്രദേശവും പൂര്‍ണമായും സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ഒരു ഗൈഡ് ഉണ്ടെങ്കില്‍, സന്ദര്‍ശകര്‍ക്കുള്ള അപകടസാധ്യതകള്‍ കുറയ്ക്കുമെന്നാണ് തരാനെങ്കോ പറയുന്നത്. പ്രദേശം അറിയാവുന്ന ഒരു വ്യക്തിയായിരിക്കും വിനോദസഞ്ചാരികളെ അത്തരം സ്ഥലങ്ങളില്‍ എത്തിക്കുക. പ്രധാനമായും കീവ്, ലിവ്, ബുച്ച, ഇര്‍പിന്‍ തുടങ്ങിയ നഗരങ്ങളാണ് ട്രാവല്‍ ഏജന്‍സി സന്ദര്‍ശകര്‍ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.
സ്ത്രീകളും കുട്ടികളും ഈ ടൂറിന് വരുന്നതില്‍ തരാനെങ്കോ നിരുത്സാഹപ്പെടുത്തുന്നു. എന്നാല്‍ യുവജനങ്ങളെ അദ്ദേഹം ക്ഷണിക്കുന്നു. സ്വതന്ത്ര ട്രാവല്‍ സെക്യൂരിറ്റി കമ്പനികള്‍ ഇഈ സന്ദര്‍ശകര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇവിടെ സന്ദര്‍ശകര്‍ക്ക് യാതൊരു സുരക്ഷയും ഇല്ലെന്നും ഗൈഡുകള്‍ കൊല്ലപ്പെട്ടാല്‍ എന്തുചെയ്യണം, ഏതൊക്കെ ആശുപത്രികളില്‍ ചികിത്സ തേടണം തുടങ്ങിയ കാര്യങ്ങള്‍ ട്രാവല്‍ സെക്യൂരിറ്റി കമ്പനികള്‍ സന്ദര്‍ശകരോട് വിശദമാക്കുന്നുണ്ട്.
അതേസമയം യുദ്ധത്തിനിടയിലും, യുക്രൈനില്‍ ആഭ്യന്തര ടൂറിസം നടക്കുന്നുണ്ട്. കിഴക്കന്‍ ചെക്ക്പോസ്റ്റുകളില്‍ വിദേശികള്‍ക്ക് കര പ്രദേശത്തൂടെ പ്രവേശിക്കാം. എന്നിരുന്നാലും, പദ്ധതിക്ക് ഔദ്യോഗിക അംഗീകാരമില്ല. രാജ്യത്തിനകത്ത് ടൂറിസം പുനരുജ്ജീവിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ വിസിറ്റ് യുക്രൈന്‍ ടുഡേ അഭിനന്ദിച്ചു. വിദേശ വിനോദസഞ്ചാരികളെ ഉക്രെയ്‌നിലേക്ക് ഒരു യുദ്ധ പര്യടനത്തിന് കൊണ്ടുവരാനുള്ള ട്രാവല്‍ കമ്പനിയുടെ ശ്രമത്തിന് ഉദ്യോഗസ്ഥരില്‍ നിന്ന് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല