സ്വന്തം ലേഖകൻ: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുദ്ധകലുഷിതമായ യുക്രെയ്നിൽനിന്ന് മടങ്ങിയ മെഡിക്കൽ വിദ്യാർഥികൾ തുടർപഠനം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നറിയാതെ അനിശ്ചിതത്വത്തിൽ. യുക്രൈന്‍റെ അഞ്ച് അയൽ രാജ്യങ്ങളിൽ പഠനസൗകര്യമൊരുക്കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഈ തീരുമാനത്തെ എതിർക്കുകയാണ് വിദ്യാർഥികളും രക്ഷാകർത്താക്കളും.
മറ്റ് രാജ്യങ്ങളിൽ പഠിപ്പിക്കുമെന്ന വാഗ്ദാനം പ്രായോഗികല്ലെന്ന് ഒഡേസ നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റി വിദ്യാർഥി അപർണ വേണുഗോപാൽ പറയുന്നു. യുക്രൈനിൽ നിന്നെത്തിയ വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസ് ഇപ്പോൾ നടക്കുന്നുണ്ട്. വീടുകളിൽ നിന്നും ആശുപത്രികളിൽ നിന്നും ബങ്കറുകളിൽ നിന്നുമായാണ് അധ്യാപകർ ക്ലാസെടുക്കുന്നത്. എന്നാൽ, തുടർപഠന കാര്യത്തിൽ ഇന്ത്യൻ ഗവർമെന്‍റിന്‍റെ ഭാഗത്തുനിന്ന് കൃത്യമായ ഒരു തീരുമാനം ഉണ്ടായിട്ടില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
ഹംഗറി, റുമാനിയ, കസാഖ്സ്താൻ, പോളണ്ട്, ചെക്ക് റിപ്പബ്ലിക് എന്നിവിടങ്ങളിൽ പഠനസൗകര്യമൊരുക്കുന്നതിന്റെ സാധ്യതയാണ് വിദേശകാര്യമന്ത്രി പറഞ്ഞത്. എന്നാൽ, വൻ തുക ഫീസ് കൊടുത്ത് പഠിക്കേണ്ട രാജ്യങ്ങളാണ് ഇവ അഞ്ചും. റുമാനിയയിൽ മെഡിക്കൽ പഠനത്തിന് പ്രതിവർഷം 20 ലക്ഷം രൂപയാണ് ചെലവെന്ന് യുക്രെയ്നിൽനിന്ന് മടങ്ങിയ വിദ്യാർഥികൾ പറയുന്നു.
മറ്റ് നാല് രാജ്യങ്ങളിലും ശരാശരി 15 ലക്ഷത്തോളം രൂപയാണ് വാർഷിക ഫീസ്. ഇന്ത്യയിലെ സ്വകാര്യ മെഡിക്കൽ കോളജുകളിലെ ഫീസ് നൽകാൻ കഴിയാത്തതിനെ തുടർന്നാണ് നല്ലൊരു ശതമാനം കുട്ടികളും യുക്രെയ്നിൽ എത്തിയത്. യുക്രെയ്നിൽ പരമാവധി നാല് ലക്ഷം രൂപയാണ് വാർഷിക ഫീസ്. വിദേശകാര്യമന്ത്രി പറഞ്ഞ അഞ്ച് രാജ്യങ്ങളിലും യുക്രെയ്നെ അപേക്ഷിച്ച് ജീവിതച്ചെലവും ഉയർന്നതാണ്. ഇന്ത്യയിലെ ഫീസ് താങ്ങാനാകാതെ യുക്രെയ്നിലെത്തിയ തങ്ങളെ അതിനെക്കാൾ ഉയർന്ന ഫീസിൽ പഠിക്കാൻ മറ്റ് രാജ്യങ്ങളിലേക്ക് വിടുന്നത് അംഗീകരിക്കാനാകില്ലെന്ന് വിദ്യാർഥികൾ പറയുന്നു.
കേരളത്തിൽ തന്നെ പഠിക്കാൻ അവസരം നൽകണമെന്ന് തങ്ങൾ ആവശ്യപ്പെടുന്നില്ലെന്ന് അപർണ വേണുഗോപാൽ പറയുന്നു. ഇന്ത്യയിൽ എവിടെയെങ്കിലും പഠിക്കാൻ അവസരം നൽകിയാൽ മതി. മിഡിൽക്ലാസ് ഫാമിലിക്ക് സങ്കൽപ്പിക്കാവുന്നതിലും വലിയ ഫീസാണ് ഇന്ത്യയിലെ മെഡിക്കൽ കോളജുകളിൽ. ആ ഒരു സാഹചര്യത്തിലാണ് യുക്രൈനിലേക്ക് വിദ്യാർഥികൾ തങ്ങളുടെ വലിയ ലക്ഷ്യം സാക്ഷാത്കരിക്കാൻ പോകുന്നതെന്നും അപർണ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല