സ്വന്തം ലേഖകൻ: വിദ്യാഭ്യാസം തുടരാനായി യുദ്ധഭൂമിയായി മാറിയ യുക്രൈനിലേക്ക് കഴിഞ്ഞ രണ്ട് മാസമായാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മടങ്ങിത്തുടങ്ങിയത്. എന്നാല്‍ വീണ്ടും റഷ്യയുമായുള്ള സംഘര്‍ഷം വര്‍ധിച്ചതോടെ എത്രയും വേഗം യുക്രൈന്‍ വിടണമെന്ന് പൗരന്മാരോട് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. കേവലം ഏഴ് ദിവസത്തെ ഇടവേളയില്‍ രണ്ട് തവണയാണ് ഉത്തരവ് പുറത്തിറക്കിയത്.
കലുഷിതമായ സാഹചര്യത്തിലും യുക്രൈനില്‍ തുടരാന്‍ തീരുമാനിച്ചിരിക്കുകയാണ് വിദ്യാര്‍ഥികള്‍. മറ്റ് മാര്‍ഗങ്ങളില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. അടുത്തതായി എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നതിനായി സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ് മറ്റ് ചിലര്‍. കുറച്ച് പേര്‍ അയല്‍രാജ്യങ്ങളായ ഹങ്കറിയിലേക്ക് സ്ലോവാക്കിയിലേക്കും ചേക്കേറിയിട്ടുണ്ട്. 30 ദിവസത്തെ പെര്‍മിറ്റാണ് ലഭിക്കുക.
ലിവിവ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ അഞ്ചാ വര്‍ഷ വിദ്യാര്‍ഥിയായ യുവാവ് സുഹൃത്തുക്കള്‍ക്കൊപ്പം ഹങ്കറിയിലേക്ക് മാറി. അവിടെ നിന്നാണ് ക്ലാസുകളില്‍ പങ്കെടുക്കുന്നത്. ഇന്ത്യയിലേക്ക് മടങ്ങണമെന്ന് ചിന്തിക്കുന്ന വിരലില്‍ എണ്ണാവുന്ന വിദ്യാര്‍ഥികള്‍ മാത്രമാണുള്ളത്. കഴിഞ്ഞ ഏഴ് മാസമായി ഞങ്ങള്‍ അനുഭവിക്കുന്നത് പരിഗണിക്കുമ്പോള്‍, ഞങ്ങള്‍ക്ക് എങ്ങനെയെങ്കിലും ബിരുദം പൂര്‍ത്തിയാക്കിയെ മതിയാകു. മാതാപിതാക്കളെ ബുദ്ധിമുട്ടിയാണ് സമ്മതിപ്പിച്ചത്, ലക്ഷങ്ങളോളം ചിലവായി, ഇനി തിരച്ചുപോകാനാകില്ല, വിദ്യാര്‍ഥി പറഞ്ഞു.
ചൊവ്വാഴ്ചയാണ് ഇന്ത്യ രണ്ടാമത്തെ നിര്‍ദേശം നല്‍കിയത്. ലഭ്യമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് എത്രയും വേഗം യുക്രൈന്‍ വിടണമെന്നായിരുന്നു നിര്‍ദേശം. ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ വിദ്യാര്‍ഥികളോട് യുക്രൈനിലേക്ക് യാത്ര ചെയ്യരുതെന്നും കേന്ദ്രം പറയുന്നു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു നിര്‍ദേശം.
ഏകദേശം ഏഴ് മാസം മുന്‍പ് മാര്‍ച്ചിലായിരുന്നു യുക്രൈന്‍ – റഷ്യ യുദ്ധത്തെ തുടര്‍ന്ന് ഇരുപതിനായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്തേക്ക് തിരികെ മടങ്ങേണ്ടി വന്നത്. സെപ്തംബറിന് ശേഷം വിദ്യാഭ്യാസം തുടരുന്നതിനായി ആയിരത്തോളം വിദ്യാര്‍ഥികള്‍ യുക്രൈനിലേക്ക് മടങ്ങിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല