![](https://www.nrimalayalee.com/wp-content/uploads/2022/03/Ukraine-War-Malayalee-Student-Pet-Dog.jpg)
സ്വന്തം ലേഖകൻ: യുദ്ധത്തിന്റെ ഭീതിക്കിടയിൽ സഹജീവി സ്നേഹത്തിന്റെ മാതൃകയായി ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശിനി ആര്യ ആൾഡ്രിൻ. യുക്രൈയ്നിൽ നിന്ന് ആര്യ എത്തുന്നത് തന്റെ പ്രിയപ്പെട്ട വളർത്തുനായ സേറയ്ക്കൊപ്പമാണ്. ബങ്കറിൽ നിന്ന് സുരക്ഷിതയിടത്തേക്ക് കിലോമീറ്ററുകൾ നടന്നു പോകേണ്ടിവന്നെങ്കിലും സേറയെ ഉപേക്ഷിക്കാൻ ആര്യ തയാറായില്ല. സേറയെ എടുത്ത് നടക്കുന്നതിന് വേണ്ടി വസ്ത്രവും ഭക്ഷണവും വരെ ഉപേക്ഷിക്കേണ്ടി വന്നുവെന്നും ആര്യ പറഞ്ഞു. റോമേനിയൻ അതിർത്തിയിലാണ് ആര്യയും സംഘവും ഇപ്പോൾ ഉള്ളത്. നാളെ ഉച്ചയോടെ ഇവർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തും.
യുദ്ധം ജീവിതത്തിനു മുകളിൽ കരിനിഴൽ വീഴ്ത്തുമ്പോൾ അരുമകളെയും നെഞ്ചോട് ചേർത്ത് പലായനം ചെയ്യുകയാണ് യുക്രൈയ്ൻ ജനത. സ്വന്തം ജീവനൊപ്പം വളർത്തു മൃഗങ്ങളുടെ ജീവനും വിലപ്പെട്ടതാണ് ഓരോ അഭയാർഥി ക്യംപിലെയും ചിത്രങ്ങൾ കാട്ടിത്തരുന്നു. വളർത്തു പൂച്ചകളെയും നായകളെയും ഉടമകൾക്കൊപ്പം തിങ്ങിനിറഞ്ഞ ക്യംപുകളിൽ കാണാം.
വളർത്തു മൃഗങ്ങളെ ബാസ്ക്കറ്റിനുള്ളിലും തോളത്ത് ഇരുത്തിയുമൊക്കെയാണ് ഇവർ അഭയകേന്ദ്രങ്ങളിലേക്കെത്തുന്നത്. സംഘർഷ ഭൂമിയിൽ അരുമകളെ ഒറ്റപ്പെടുത്താതിരിക്കാനായി അവിടെത്തന്നെ തുടരുന്നവരുമുണ്ട്. അതിലൊന്നാണ് എൽവിവിലെ ക്യാറ്റ് കഫേ. സംഘർഷത്തിനു നടവിലും ഈ കഫേ തുറക്കുന്നുണ്ട്. കാരണം ഇവിടെയുള്ളത് 20 പൂച്ചകളാണ്. അവയെ സംരക്ഷിക്കേണ്ടതിനാൽ ഇത് തുറന്നേ പറ്റൂ. അതുകൊണ്ട് തന്നെ ഉടമ അവയെ പരിപാലിച്ച് യുദ്ധഭൂമിയിൽ തുടരുന്നു.
മതിയായ രേഖകളില്ലാത്തതിനാൽ വളർത്തുനായയെ കൊണ്ടുവരാൻ കഴിയാതെ യുദ്ധഭൂമിയിൽ തങ്ങുന്ന ഇന്ത്യൻ വിദ്യാർത്ഥി ഋഷഭ് കൗഷികിന്റെ പോസ്റ്റും കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു.യുദ്ധം സൃഷ്ടിക്കുന്ന അനിശ്ചിതത്വത്തിൽ വലയുന്നത് മനുഷ്യർ മാത്രമല്ല ഈ മിണ്ടാപ്രാണികളും കൂടിയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല