1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2022

സ്വന്തം ലേഖകൻ: റഷ്യൻ സൈന്യത്തിന്റെ ആക്രമണത്തിനെതിരെ പ്രത്യാക്രമണം നടത്തുക എന്നതിനേക്കാൾ പ്രതിരോധിക്കാൻ പോലും പാടുപെടുകയാണ് യുക്രൈയ്ൻ. തലസ്ഥാനം വളഞ്ഞ റഷ്യൻ സൈന്യം ഏതുസമയവും കീവ് പിടിച്ചടക്കിയേക്കാം. ഇതിനിടെയാണ് യുക്രൈയ്ൻ സൈനികരുടെ ഹൃദയഭേദകമായ പ്രതികരണങ്ങൾ സമൂഹമാദ്ധ്യമങ്ങൾ കീഴടക്കുന്നത്.

രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിക്കാൻ തയ്യാറായി വമ്പന്മാരായ റഷ്യൻ സൈന്യത്തിന് മുന്നിൽ പതറാതെ നിൽക്കുന്ന യുക്രൈയ്ൻ പട്ടാളക്കാരുടെ പ്രതികരണങ്ങൾ അത്യധികം ദുഃഖിപ്പിക്കുന്നതാണ്. തോക്കിൻ മുനയ്‌ക്ക് മുമ്പിൽ കീഴടങ്ങാൻ റഷ്യൻ സൈന്യം ആവശ്യപ്പെടുമ്പോൾ രാജ്യത്തെ വിട്ടുനൽകാൻ കഴിയാതിരുന്ന നൂറുക്കണക്കിന് യുക്രൈയ്ൻ സൈനികർ ഇതിനോടകം വീരമൃത്യു വരിച്ച് കഴിഞ്ഞു.

അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നവരുടെ കൂട്ടത്തിൽ തന്റെ കുടുംബത്തേയും യാത്രയാക്കുന്ന സൈനികന്റെ വീഡിയോ ദൃശ്യങ്ങൾ ഈറനണിയിപ്പിക്കുന്നതാണ്. ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങളിൽ ഒരു സൈനികൻ തന്റെ ഭാര്യയെയും കൊച്ചുകുട്ടിയായ മകളെയും യാത്രയാക്കുന്നതാണ് കാണാൻ കഴിയുക.

രക്ഷാദൗത്യത്തിനായി എത്തിയ ബസിൽ കീവിലെ ജനങ്ങൾ കയറി പോകുകയാണെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ കണ്ണീരോടെയല്ലാതെ യുക്രൈയ്ൻ സൈനികന് തന്റെ കുടുംബത്തിന് യാത്ര നൽകാൻ കഴിഞ്ഞില്ല. അഞ്ച് വയസ് പ്രായം തോന്നിക്കുന്ന മകളെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്ന സൈനികന്റെ വേദന കാഴ്ചക്കാരെ വിങ്ങലേൽപ്പിക്കുന്നതാണ്.

ഇതോടൊപ്പം, അച്ഛനും അമ്മയ്‌ക്കും യാത്ര പറയുന്ന സൈനികന്റെ വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്‌ഫോടനങ്ങൾക്കിടയിലാണ് താനെന്നും, അച്ഛനെയും അമ്മയെയും ഒരുപാട് സ്‌നേഹിക്കുന്നുവെന്നും പറയുന്ന യുക്രൈയ്ൻ സൈനികന്റെ വീഡിയോ ദൃശ്യങ്ങളും ഹൃദയഭേദകമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.