എല്‍.ടി.ടി.ഇ. നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ പന്ത്രണ്ടുകാരനായ മകനെ ശ്രീലങ്കന്‍ സൈനികര്‍ വെടിവെച്ചു കൊന്നതാണെന്ന സംശയം ബലപ്പെടുത്തുന്ന വിവരങ്ങള്‍ പുറത്തുവന്നു. പ്രഭാകരന്റെ മകന്‍ 12 വയസുകാരന്‍ ബാലചന്ദ്രന്റെ വെടിയേറ്റ മൃതദേഹത്തിന്റെ വീഡിയോ ഉള്‍പ്പെടുന്ന ഡോ ക്യുമെന്ററി ബ്രിട്ടനിലെ ചാനല്‍4 ടിവി നാളെ സംപ്രേഷണം ചെയ്യും.
ഹൃദയത്തില്‍ അഞ്ച് വെടിയുണ്ടകളേറ്റ നിലയില്‍ മരിച്ചു കിടക്കുന്ന ആണ്‍കുട്ടിയുടെ ദൃശ്യമാണ് ഡോക്യുമെന്ററിയില്‍ ഉള്ളതെന്ന് ബ്രിട്ടീഷ് ദിനപ്പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ലങ്കന്‍ സേന മനുഷ്യാവകാശ ലംഘനം നടത്തിയെന്ന ആരോപണത്തിനു ബലമേകുന്നതാണ് ഈ വീഡിയോ. എല്‍ടിടിയുമായുള്ള യുദ്ധത്തിന്റെ അന്തിമഘട്ടത്തില്‍ 2009 മേയ് 18ന് എടുത്തതാണിത്.
ശ്രീലങ്കന്‍ സൈനികരുടെ പൈശാചികത വെളിപ്പെടുത്തുന്ന രീതിയിലാണ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ശ്രീലങ്കയിലെ കൊലക്കളങ്ങള്‍: ശിക്ഷിക്കപ്പെടാത്ത യുദ്ധക്കുറ്റങ്ങള്‍ എന്ന ഡോക്യുമെന്ററി അന്താരാഷ്ട്ര തലത്തില്‍ത്തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്.
ശ്രീലങ്കയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും സൈനികര്‍ വധശിക്ഷ നടപ്പാക്കിയതിനെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അമേരിക്ക ഐക്യരാഷ്ട്രസഭയില്‍ പ്രമേയം അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലുമാണ്. പ്രമേയത്തിന് അനുകൂലമായി ഇന്ത്യ വോട്ട് രേഖപ്പെടുത്തുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
എന്നാല്‍ ഡോക്യുമെന്ററിയിലെ അവകാശവാദങ്ങള്‍ ശ്രീലങ്കന്‍ അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്. വിഭാഗീയ പ്രശ്‌നങ്ങള്‍ മൂലമുള്ള വിടവ് നികത്താനുള്ള ശ്രമത്തിലാണ് ശ്രീലങ്കയെന്നും മറ്റു രാജ്യങ്ങളുടെ ഇടപെടല്‍ ഇക്കാര്യത്തില്‍ ആവശ്യമില്ലെന്നും ഇന്ത്യയിലെ ശ്രീലങ്കന്‍ ഹൈക്കമ്മീഷണര്‍ പ്രസാദ കാരിയ വാസം പറഞ്ഞു.
തൊട്ടടുത്തുനിന്നു വെടിവെച്ച് ക്രൂരമായാണ് ഈ കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ഡോക്യുമെന്ററി നിര്‍മാതാവായ കല്ലം മാക്‌റെ പറഞ്ഞു. കീഴടങ്ങാന്‍ തയാറായി വെള്ളക്കൊടി ഉയര്‍ത്തി വന്ന പുലിത്തലവന്‍ പ്രഭാകരനെയും അനുയായികളെയും ശ്രീലങ്കന്‍ സൈനികര്‍ നിഷ്കരുണം വെടിവച്ചുകൊല്ലുകയായിരുന്നുവെന്നു പറയപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല