1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 16, 2012

എല്‍ടിടിഇ തലവന്‍ പ്രഭാകരനെയും പന്ത്രണ്ടു വയസുകാരനെയും ശ്രീലങ്കന്‍ പട്ടാളം വധിക്കുന്നതിന്റെ ഭാഗമായുള്ള വീഡിയോ ദൃശ്യങ്ങള്‍ ബ്രിട്ടനിലെ ചാനല്‍ 4 ടെലിവിഷന്‍ പുറത്തുവിട്ടു. പ്രഭാകരന്റെ മകന്‍ പട്ടാളത്തിനു മുന്നില്‍ കീഴടങ്ങിയ ശേഷമാണു വധിച്ചതെന്നു ചാനല്‍ ആരോപിക്കുന്നു. ചാനലിന്റെ നടപടി ശ്രീലങ്കയുടെ ശക്തമായ പ്രതിഷേധത്തിനിടയാക്കി. വീഡിയോ ദൃശ്യങ്ങള്‍ അടിസ്ഥാനമില്ലാത്തതും അസ്വീകാര്യവുമാണെന്നു ലങ്ക പ്രതികരിച്ചു.

2009ല്‍ യുദ്ധം അവസാനിക്കുന്ന അവസരത്തില്‍ പ്രഭാകരന്റെ മകന്‍ ബാലചന്ദ്രനും സംഘവും കീഴടങ്ങി. എന്നാല്‍, കുട്ടിയെയും സംഘത്തിലുണ്ടായിരുന്ന ചിലരെയും പട്ടാളക്കാര്‍ തൊട്ടടുത്തുനിന്നു നിറയൊഴിച്ചു വധിക്കുകയായിരുന്നുവെന്നാണു ചാനല്‍ ആരോപിക്കുന്നത്. ബുധനാഴ്ച രാത്രിയിലാണു ശ്രീലങ്കന്‍ കൊലക്കളവും രക്ഷപ്പെട്ട യുദ്ധക്കുറ്റവാളികളും എന്ന പരിപാടി സംപ്രേക്ഷണം ചെയ്തത്.

പ്രഭാകരന്‍ എവിടെയുണ്െടന്ന് അറിയുന്നതിനായി പട്ടാളം ബാലചന്ദ്രനെ പിടികൂടി ചോദ്യം ചെയ്തശേഷം വകവരുത്തിയെന്നു ശ്രീലങ്കന്‍ സൈന്യത്തിലെ ഒരു ഉന്നതനാണ് തങ്ങളെ അറിയിച്ചതെന്നു ചാനല്‍ അവകാശപ്പെടുന്നു. ബാലചന്ദ്രന്റെ മൃതദേഹത്തിലെ മുറിപ്പാടുകള്‍ കൊലപാതകത്തിന്റെ ലക്ഷണങ്ങളാണെന്നു ഫോറന്‍സിക് വിദഗ്ധനായ ഡെറിക് പൌണ്ടര്‍ വീഡിയോ ദൃശ്യങ്ങളില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. കുട്ടിയൊടൊപ്പം മറ്റു അഞ്ചുപേരെയും വധിച്ചു. വധിക്കുമ്പോള്‍ ബാലചന്ദ്രന്റെ കണ്ണുകള്‍ മൂടിക്കെട്ടിയിരുന്നില്ലെന്നും തൊട്ടടുത്തുനിന്ന ആരോ ആണു നിറയൊഴിച്ചതെന്നും പൌണ്ടര്‍ പറയുന്നു.

എന്നാല്‍, വീഡിയോ ദൃശ്യത്തിന്റെ വിശ്വാസ്യത തെളിയിക്കാന്‍ ചാനലിനു കഴിഞ്ഞില്ലെന്നു ശ്രീലങ്കന്‍ വക്താവ് കൊളംബോയില്‍ പറഞ്ഞു. ജനീവയില്‍ നടന്നുവരുന്ന യുഎന്‍ മനുഷ്യാവകാശ സമ്മേളനത്തില്‍ ശ്രീലങ്കയെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രണ്ടാംതവണയാണു ചാനല്‍ 4 സമാനരീതിയിലുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുന്നത്. ശ്രീലങ്കന്‍ സൈന്യം മനുഷ്യവകാശ ലംഘനം നടത്തിയിട്ടില്ലെന്നും മുപ്പതുവര്‍ഷമായി എല്‍ടിടിഇ നടത്തിയതു മനുഷ്യാവകാശ ലംഘനമാണെന്നും ശ്രീലങ്ക കുറ്റപ്പെടുത്തി. ബ്രിട്ടനിലെ എല്‍ടിടിഇ അനുഭാവികളാണു ചാനല്‍ 4 ന്റെ വെളിപ്പെടുത്തലുകള്‍ക്കു പിന്നിലെന്നു ലങ്കന്‍ വക്താവ് ആരോപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.