സെന്റ് തോമസ് കാത്തലിക് ഫോറം സഭയുടെ സംവിധാനങ്ങള്‍ക്ക് വിധേയപ്പെട്ടു രൂപം കൊണ്ട UK യിലെ അല്‍മായരുടെ കുടുംബ കൂട്ടായ്മ്മ ആണെന്നും അതിനാല്‍ സഭ അനുവദിച്ച പ്രാര്‍ത്ഥനകള്‍ മാത്രമേ കുടുംബ പ്രാര്‍ത്ഥനയില്‍ ഉള്‍ക്കൊള്ളിക്കാവൂ എന്നും കാത്തലിക് ഫോറം നാഷണല്‍ പ്രസിഡന്റ് അപ്പച്ചന്‍ കണ്ണഞ്ചിറ പത്രക്കുറിപ്പില്‍ അറിയിച്ചു.
‘UKSTCF ന്റെ ഔദ്യോഗിക പ്രാര്‍ത്ഥനയുടെ ലീഫ്ലെറ്റ് പ്രകാശനം ചെയ്തു’ എന്ന് വന്ന പത്ര വാര്‍ത്ത സംഘടനക്ക് സമാന്തര സഭാ സംവിധാനം പോലെയുള്ള ഒരു മുഖം നല്‍കാനെ ഉപകരിക്കൂ. ആരോ കാര്യ് ഗൌരവം മനസ്സിലാക്കാതെ വാര്‍ത്ത പ്രസിദ്ധീകരണത്തിനു നല്കിയതാവാം എന്നാണു കരുതുന്നതെന്നും അപ്പച്ചന്‍ അറിയിച്ചു. സഭക്ക് വിധേയപ്പെട്ടു, സഭ നിര്‍ദ്ദേശിച്ച പ്രാര്‍ത്ഥനകള്‍ മാത്രമേ കുടുംബ പ്രാര്‍ത്ഥനയായി ഏവരും ചെല്ലാവൂ എന്നുതന്നെയാണ് എല്ലാ അല്‍മായ സംഘടനകള്‍പോലെ തന്നെ കാത്തലിക് ഫോറവും നിര്‍ദ്ദേശിക്കുന്നത്.
ആദരണീയരായ സഭയുടെ മേലധികാരികള്‍ക്കും സഭാ മക്കള്‍ക്കും, മറ്റു വിശ്വാസി സഹോദരര്‍ക്കും ഉണ്ടായ തെറ്റിദ്ധാരണക്ക് കാത്തലിക് ഫോറം മാപ്പ് പറയുന്നു. സീറോ മലബാര്‍ സഭയുടെ അഭിവന്ദ്യനായ മാര്‍ റെമിജിയുസ് ഇഞ്ചിയാനിയില്‍ പിതാവിന്റെ പേര് അനാവശ്യമായി ഇത്തരുണത്തില്‍ വലിച്ചിഴച്ചതില്‍ ഏറെ ആശങ്കയുണ്ട് . അതില്‍ നിര്‍വ്യാജം ദു:ഖം രേഖപ്പെടുത്തുന്നു . സഭയേയും സംഘടനയെയും തമ്മില്‍ തെറ്റിക്കാന്‍ മാത്രമേ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉപകരിക്കൂ.
സെന്റ് തോമസ് കാത്തലിക് ഫോറത്തിന്റെ മാഞ്ചസ്റ്ററില്‍ ചേര്‍ന്ന പ്രഥമ സമ്മേളനത്തില്‍ അഭിവന്ദ്യനായ താമരശ്ശേരി പിതാവ് മാര്‍ റെമിജിയുസ് ഇഞ്ചിയാനിയില്‍ തന്റെ അനുഗ്രഹ പ്രഭാഷണത്തില്‍ വിശുദ്ധന്മാരുടെ വിശുദ്ധന്‍ എന്ന് അറിയപ്പെടുന്ന വിശുദ്ധ ഫ്രാന്‍സീസ് അസ്സീസ്സിയെ പറ്റി പ്രതിപാദിക്കുകയും ആ പുണ്യവാളന്റെ ‘ സമാധാനത്തിന്റെ പ്രാര്‍ത്ഥന ‘ ലോക സമാധാനത്തിനായി തങ്ങളുടെ കുടുംബ പ്രാര്‍ത്ഥനയില്‍ ഉള്‍ക്കൊള്ളിക്കണം എന്ന് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. അസ്സീസ്സി പുണ്യവാളന്റെ സമാധാനത്തിന്റെ പ്രാര്‍ത്ഥനയും, തിരുക്കുടുംബത്തോടുള്ള പ്രാര്‍ത്ഥനയും , മാര്‍ത്തോമ്മാ ശ്ലീഹായോടുള്ള പ്രാര്‍ത്ഥനയും സഭയുടെ പൊതുവായ പ്രാര്‍ത്ഥനകള്‍ ആയിട്ടുണ്ടെന്നിരിക്കേ കൂടാതെ ലോകമെങ്ങും ചെല്ലാറുള്ള പൊതു പ്രാര്‍ത്ഥനയും ആയിരിക്കേ എതെങ്കിലും വ്യക്തികള്‍ സഭാ ചട്ടം തെറ്റിച്ചു സ്വന്തമായി ഇഷ്ടാനുസരണം രചിച്ചുണ്ടാക്കിയ പ്രാര്‍ത്ഥനകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കില്‍ അതിനു കാത്തലിക് ഫോറം ഉത്തരവാദിത്വം എടുക്കുവാന്‍ തയ്യാറല്ലെന്നും സ്വന്തമായ പ്രാര്‍ത്ഥന ആരെയും അടിച്ചേല്‍പ്പിക്കുവാന്‍ അവകാശമില്ലെന്നും , അത്തരം ‘പ്രാര്‍ത്ഥന രചയിതാക്കള്‍’ ഈ മഹത്തായ പ്രസ്ഥാനത്തെ അതിനായി കരുവാക്കരുതെന്നും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു .
കാത്തലിക് ഫോറം അല്‍മായരുടെ ആത്മീയ , സാമൂഹ്യ, സാംസ്കാരിക കുടുംബ കൂട്ടായ്മ്മായാണെന്നും അതിനാല്‍ എല്ലാവരും സഭയുടെ മുന്നില്‍ തുല്യരാണെന്നും ഓരോ കാലഘട്ടത്തില്‍ സംഘടനയെ കോര്‍ഡിനെറ്റ് ചെയ്യുവാന്‍ ഓരോരുത്തര്‍ മാറി മാറി വരുമെന്നും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനം പോലെ ഒരു ‘സീനിയര്‍ നേതാവും’ കാത്തലിക് ഫോറത്തിന്നു ഇല്ലെന്നും അറിയിക്കുന്നു .
ഈ വിഷയത്തിന്റെ പേരില്‍ കൂടുതലായിട്ട് ഒന്നും പറയാനില്ലെന്നും, ഈ വിഷയം ഇവിടെ അവസാനിപ്പിച്ചുവെന്നും, സഭയുടെ നാനാ തലങ്ങളില്‍ നിന്നും ലഭിച്ച ആശങ്ക നിറഞ്ഞ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി ഇതിനെ ആരോഗ്യപരമായി കാണണമെന്നും, സഭയുടെ ചട്ടക്കൂട്ടില്‍ നിന്ന് കൊണ്ട് മാത്രം കാത്തലിക് ഫോറം പ്രവര്‍ത്തിക്കുകയുള്ളുവെന്നും ശ്രീ അപ്പച്ചന്‍ കണ്ണന്‍ഞ്ചിറ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല