സ്വന്തം ലേഖകൻ: ബരാക്കുഡ ബീച്ച് റിസോട്ടിന് (ഇ.11) സമീപം രണ്ട് പതിറ്റാണ്ടിലേറെയായി ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടിരുന്ന റഷ്യൻവിമാനം പൊളിച്ചുതുടങ്ങി. ദി ഇല്യൂഷിൻ ഐ.എൽ. 76 എന്ന 153 അടി നീളമുള്ള വിമാനം പൂർണമായി പൊളിച്ചുനീക്കാൻ പത്താഴ്ചയോ അതിലധികമോ വേണ്ടിവരുമെന്നാണ് എയറോനോട്ടിക്കൽ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ഐ.എൽ.76 ഒരുകാലത്ത് സോവിയറ്റ് യൂണിയന്റെ യുദ്ധവിമാനങ്ങളിലെ മുൻനിര പോരാളിയായിരുന്നു. 1971-ൽ സോവിയറ്റ് യൂണിയന്റെ സൈന്യത്തിനുവേണ്ടിയാണ് ഈ കൂറ്റൻ കാർഗോവിമാനം നിർമിച്ചത്. 1959 മുതൽ സോവിയറ്റ് സായുധസേന ഉപയോഗിച്ചിരുന്ന അന്റോനോവ് 12-നെ മാറ്റിനിർത്തിയായിരുന്നു ഈ കൂറ്റൻവിമാനം പോരാളിയായി മുൻനിരയിലെത്തിയത്.
സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ ആ വിമാനം പിന്നീട് റഷ്യയുടെ വ്യോമസേനയിലായി. എന്നാൽ 90-കളുടെ മധ്യത്തിൽ അത് ഡീക്കമ്മിഷൻ ചെയ്തു. ഷാർജയിൽനിന്ന് പണ്ട് സർവീസ് നടത്തിയിരുന്ന എയർ സെസ് വിമാനക്കമ്പനിക്ക് റഷ്യക്കാർ അത് വിറ്റെന്നാണ് ആരോപണം.
സെൻട്രൽ ആഫ്രിക്കൻ എയർലൈൻസിലാണ് ഇത് അവസാനമായി രജിസ്റ്റർ ചെയ്തത്. എന്നാൽ ഇത് കുപ്രസിദ്ധമായ ആയുധ വ്യാപാരി വിക്ടർ ബൂട്ടിന്റെതായിരുന്നു. എയർസെസ്സും സെൻട്രൽ ആഫ്രിക്കൻ കമ്പനികളും ആയുധങ്ങൾ കടത്താൻ തന്റെ എയർലൈൻ കമ്പനികളെ ഉപയോഗിച്ചുവെന്ന് ആരോപിക്കപ്പെടുന്ന കുപ്രസിദ്ധമായ അന്താരാഷ്ട്ര ആയുധവ്യാപാരിയായിരുന്നു വിക്ടർ ബൂട്ട്.
വിമാനങ്ങൾ ആയുധം കടത്താൻ ഉപയോഗിച്ചുവെന്ന ആരോപണം ശക്തമായതോടെ 2000 തുടക്കത്തിൽ വിക്ടറിനെ യു.എ.ഇ.രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്നും വിലക്കി. 2008-ൽ ഇയാൾ അമേരിക്കയിൽ അറസ്റ്റിലാവുകയും പിന്നീട് വധശ്രമ ഗൂഢാലോചന നടത്തിയതിന് 25 വർഷം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു.
വിക്ടർ ബൂട്ടിനെക്കുറിച്ച് മർച്ചന്റ് ഓഫ് ഡെത്ത് എഴുതിയ പുസ്തകത്തിൽ ഈ വിമാനം അയാൾ യു.എ.ഇ.യിലെ ഒരു പരസ്യക്കമ്പനിക്ക് വിറ്റതായും പറയപ്പെടുന്നുണ്ട്. വിദഗ്ധനായ ഒരു വൈമാനികനെവെച്ച് ഇത് മാറ്റാൻ ശ്രമം നടത്തിയെങ്കിലും ഹൈവേക്കുസമീപം ഇറക്കാനേ അദ്ദേഹത്തിന് സാധിച്ചുള്ളൂ.
പിന്നീട് രണ്ട് ദശകത്തോളം ആ വിമാനം സന്ദർശകർക്കെല്ലാം കൗതുകമായ കാഴ്ചയായിരുന്നു. എവിടെനിന്നോ വന്ന് സന്ദർശകർക്കെല്ലാം കൗതുകമുണ്ടാക്കി വിജനമായ പാതയോരത്ത് കിടന്നിരുന്ന ആ വിമാനം പൊളിച്ചുനീക്കുന്നത് എല്ലാവരിലും ഒരു സംസാരവിഷയം തന്നെയാണ്. ഏത് കമ്പനിയാണ് പൊളിച്ചുവിൽക്കുന്നതെന്നോ എന്തിനാണെന്നോ എന്നുള്ള വിവരങ്ങൾ അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല