കേരളത്തിലെ യുഡിഎഫ് നേരിടുന്ന എല്ലാ തലവേദനകള്‍ക്കും മുഖ്യമന്ത്രിതന്നെ മരുന്ന് കണ്ടെത്തണമത്രേ! തീര്‍ച്ചയായും ഇന്നത്തെ നിലയില്‍ കുടുംബനാഥനായി ഉമ്മന്‍ ചാണ്ടി മാത്രമേ യുഡിഎഫില്‍ കേരളത്തില്‍ ഉള്ളൂ, ചാണ്ടിക്ക് സമാനമായ ആളുകള്‍ എല്ലാം കേന്ദ്രത്തില്‍ ആയതിനാല്‍ നാട്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതായ കടമ ചാണ്ടി മുഖ്യന് ഉണ്ട്, എങ്കിലും ഉമ്മന്‍ ചാണ്ടി തീരുമാനം ഉണ്ടാക്കണമെന്ന നില വന്നിരിക്കുന്നതു മുന്നണി നേതാക്കളുടെ കഴിവുകേടോ, ഉമ്മന്‍ചാണ്ടിയുടെ വൈഭവമോ, ഇതില്‍ ഇതാണ് അത് അര്‍ത്ഥമാക്കുന്നത്? കേരളത്തിലെ വലതുമുന്നണിയില്‍ ഉമ്മന്‍ചാണ്ടി സോണിയാജിയുടെ ഔന്നത്യത്തിലേക്ക് ഉയരുന്നുവോ എന്നും സംശയിക്കാത്തവര്‍ ഇല്ല. അതേസമയം കുഞ്ഞൂഞ്ഞിനെ വെള്ളം കുടിപ്പിക്കാനാണോ ഈ മഹത്വം ചാര്‍ത്തുന്നതെന്നു സംശയിക്കുന്നവരും ഉണ്ട്.
എന്നും ചാണ്ടിക്ക് തലവേദനയോട് തലവേദന തന്നെയായിരുന്നു, ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി കണ്ടെത്തി ആണ് അദ്ദേഹത്തിന് മുടി ചീകാന്‍ പോലും സമയം കിട്ടാഞ്ഞത് എന്ന് പറഞ്ഞാല്‍ ഇന്നാരും ഒന്ന് വിശ്വസിച്ച് പോകും. നിലവില്‍ മുന്നണിയിലെ രണ്ടാം കക്ഷിയായ ലീഗിന് അഞ്ചാം മന്ത്രി വേണ്ടതുണ്ടോ എന്നു മുന്നണിക്കു തീരുമാനിക്കാനായില്ല. അതിന്റെ ഉത്തരവാദിത്വം ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്കു വിട്ടുകൊടുത്തിരിക്കുകയാണ്. മന്ത്രി ഗണേശനും അച്ഛനും തമ്മിലുള്ള വഴക്കും തീര്‍ക്കേണ്ട ബാധ്യത ഉമ്മന്‍ചാണ്ടിക്കായി. നെയ്യാറ്റിന്‍കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി, രാജ്യസഭാ സീറ്റു വിഭജനം തുടങ്ങി ജനാധിപത്യമുന്നണിക്കു നേരിടേണ്ടിവരുന്ന തലവേദനകളെല്ലാം ഉമ്മന്‍ചാണ്ടിയുടെ മാത്രം തലവേദനയാക്കുകയാണ്.
ലീഗിന്റെ അഞ്ചാം മന്ത്രിയും അനൂപിന്റെ കാത്തിരിപ്പും
അഞ്ചാം മന്ത്രിക്കായി ലീഗ് മുറവിളി കൂട്ടാന്‍ തുടങ്ങിയിട്ട് കുറച്ചായി.. പിറവം കഴിഞ്ഞതോടു കൂടി അനൂപ് ജേക്കബിനൊപ്പം ലീഗിനും വേണം ഒരു മന്ത്രിയെക്കൂടി എന്നായി ഒടുവില്‍. ഇതിനിടയില്‍ അഞ്ചാം മന്ത്രിയെക്കുറിച്ചു കെപിസിസി നേതാക്കളും ലീഗ് നേതാക്കളും ഒക്കെ പ്രസ്താവനകള്‍ തുടരുകയാണ്. പാണക്കാട് തങ്ങള്‍ തന്നെ അഞ്ചാം മന്ത്രി ഉണ്ടാവും എന്നു വെറുതെ പറയുമെന്നു നാട്ടുകാര്‍ കരുതില്ല. കുഞ്ഞാപ്പ പറയുന്നത് അത്ര ഗൌരവത്തില്‍ എടുത്തില്ലെങ്കിലും തങ്ങളെ അങ്ങനെ അവഗണിക്കാന്‍ ആവില്ലല്ലോ.
ഏതായാലും അതിന്റെ പേരില്‍ പാവം അനൂപിനെ സത്യപ്രതിജ്ഞ ചെയ്യിക്കാന്‍ വൈകിക്കുന്നതു കഷ്ടമാണ്. ജോണി നെല്ലൂരിനോടുള്ള ചതിയായി കണക്കാക്കിയില്ലെങ്കിലും പിറവംകാരോടു കാണിക്കുന്ന പരിഹാസംതന്നെയാണ്. അനൂപ് ജയിച്ചാല്‍ മന്ത്രിസ്ഥാനവും ജേക്കബിന്റെ വകുപ്പും കൊടുക്കാമെന്ന് അവിടെച്ചെന്ന് ആദ്യം പറഞ്ഞതു മുഖ്യമന്ത്രി അല്ലെങ്കിലും മന്ത്രിമുഖ്യനായ ആര്യാടനായിരുന്നു. ആര്യാടന്‍ നെറികേടു കാണിച്ച ചരിത്രമില്ലല്ലോ. ലീഗിന്റെ കാര്യത്തിലുള്ള തീരുമാനം അനിശ്ചിതമായി നീണ്ടുപോയാല്‍ അനൂപ് നിയുക്തമന്ത്രിയായി കാത്തുകാത്തിരുന്നു മടുക്കുമെന്നോ? എളിയ പുറത്തേ വാതം കോച്ചൂ എന്ന പഴഞ്ചൊല്ല് എത്ര സത്യം.
പിള്ള-ഗണേഷ് പോര്
ഓന്ത് ഓടിയാല്‍ വേലിയോളം എന്നപോലെ ഗണേശന്‍-പിള്ള വഴക്കു തീരും എന്നു കരുതാനാവാത്ത വിധമാണ് ഇപ്പോള്‍ കാര്യങ്ങളുടെ ഗതി. അച്ഛന്‍ പേഴ്സണല്‍ സ്റ്റാഫിനെ അടിക്കുന്നു. മകനെതിരെ പറയാവുന്നത് പരമാവധി വിളിച്ചു കൂവുന്നു. അതിനിടയില്‍ പിള്ള പറയുന്നത് മുന്നണി ഗൌരവമായി എടുക്കുന്നുവെന്നു രമേശ് പരസ്യമായി പറയുന്നത് ഗണേശനുള്ള മുന്നറിയിപ്പുമാകുന്നു. അധികാരം മകനില്‍ നിന്നും തട്ടിയെടുക്കാന്‍ പിള്ള പിതാവിന് ശാഠ്യമുള്ളതുകൊണ്ട് ഈ പ്രശ്നം ചാണ്ടിക്ക് ഒരു വലിയ തലവേദന തന്നെയാണ്. ഇതിനിടയില്‍ വനംവകുപ്പിലെ സ്ഥലംമാറ്റങ്ങളെല്ലാം അച്ഛനു കൊടുത്താല്‍ പ്രശ്നം തീരുമെന്നു പറയുന്നവരുണ്ട്, ഇത്തരമൊരു തീരുമാനം ചാണ്ടി എടുക്കുമോ? കാത്തിരുന്നു കാണാം. എന്തായാലും ഗണേശന്‍ ഇപ്പോള്‍ എല്ലാവരുടെയും വരുതിക്കു പുറത്തായ മട്ടിലാണ്.
ആന്റണി മന്ത്രിസഭയില്‍ അച്ഛനു പകരം ആദ്യം മന്ത്രിസ്ഥാനത്തെത്തിയപ്പോള്‍ കായികക്ഷേമവകുപ്പു മാത്രം കിട്ടി തൃപ്തിപ്പെടേണ്ടിവരുമെന്നു കണ്ടപ്പോള്‍ പെരുന്നയിലേക്കു പാഞ്ഞെത്തി ഗതാഗതം മേടിച്ച എളിമയൊന്നും ഇപ്പോള്‍ പെരുന്നക്കാരോടുപോലും ഗണേശനില്ലെന്നാണു പിള്ള പറയുന്നത്. അവിടെ നിന്നും വിളിച്ചിട്ട് എട്ടു മാസമായിട്ടും അവരെ കാണാന്‍ കൂട്ടാക്കുന്നില്ലത്രെ, അതും സ്വന്തം മകനെ. തന്റെ വകുപ്പിലെ ഉദ്യോഗസ്ഥന്മാരോട് അച്ഛനെക്കാള്‍ ധാര്‍ഷ്ട്യത്തോടെ പെരുമാറുന്നതായാണു വാര്‍ത്തകള്‍. ഉദ്യോഗസ്ഥര്‍ വാഴാത്ത മന്ത്രി എന്ന പേരു വീണുതുടങ്ങി. മകനെ മന്ത്രിസഭയില്‍ നിന്നും പിന്‍വലിക്കുന്നതായി അച്ഛന്‍ യുഡിഎഫ് നേതാക്കളെ അറിയിച്ചുകഴിഞ്ഞു. തന്റെ പിന്നില്‍ ജനമുണ്ടെന്നും താന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്നും മകനും വ്യക്തമാക്കി.
കൂറുമാറ്റത്തിന് എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ട കേരളത്തിലെ ഏകനേതാവായ തന്റെ ഗതി മകനും വരുത്താമോ എന്നു നോക്കുന്നത് അച്ഛന്‍ തന്നെയാണ്. മകന്‍ രാജിവച്ചാലും പത്താനപുരത്തു നിന്നു ജയിക്കാമെന്ന തെറ്റിദ്ധാരണ പിള്ളയ്ക്കുണ്ടാകാനിടയില്ല. പിറവം നിലനിര്‍ത്തി നെയ്യാറ്റിന്‍കര പിടിച്ചെടുത്തു ശ്വാസം വിടാന്‍ ശ്രമിക്കുന്ന ഉമ്മന്‍ ചാണ്ടിക്കു താങ്ങാനാവുന്നതാവില്ല പത്തനാപുരത്തെ തോല്‍വി. മകനെക്കുറിച്ചും മകന്റെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ചും ഒക്കെ ആ അച്ഛന്‍ ഇന്നു പറയുന്നതു ജനം നേരത്തേ ചിന്തിച്ച കാര്യങ്ങള്‍ തന്നെയാണ്. അടയ്ക്കാ മടിയില്‍ വയ്ക്കാം കവുങ്ങോ എന്നു മനസിലാക്കാനുള്ള വിവേകം പിള്ളയ്ക്കു കിട്ടിയാല്‍ ഗണേശന്‍പ്രശ്നത്തില്‍ അപകടം ഉണ്ടാകാതെ സര്‍ക്കാരിനു രക്ഷപ്പെടാം. നെയ്യാറ്റിന്‍കരയും രാജ്യസഭയും ഒക്കെ വളര്‍ന്നുവന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. ഉമ്മന്‍ ചാണ്ടിക്കു തലവേദനകളും.
ഇതിപ്പോള്‍ ആദ്യമായോന്നുമല്ല ചാണ്ടി ഇത്തരം തലവേദനകളെ അഭിമുഖീകരിക്കുന്നത് ഉദാഹരണത്തിന് ആന്റണി ഭരിച്ച കാലത്തും എല്ലാ തലവേദനയും ഉമ്മന്‍ ചാണ്ടിക്കായിരുന്നു. കരുണാകരന്‍ ഭരിച്ച കാലത്തും ഉമ്മന്‍ ചാണ്ടിക്കായിരുന്നു തലവേദനകള്‍ ഏറെ. സുധീരന്‍ മുഖ്യമന്ത്രിയെ അവകാശക്കമ്മിറ്റി അധ്യക്ഷസ്ഥാനത്തു നിന്നും മാറ്റിയതിനും, വയലാര്‍ രവിയില്‍നിന്നും ആഭ്യന്തരം എടുത്തതിനും, ആന്റണി പറഞ്ഞ നോമിനികളെ മന്ത്രിസഭയില്‍ എടുക്കാതിരുന്നതിനും എല്ലാം ഏറെ വിയര്‍പ്പൊഴുക്കിയത് ഉമ്മന്‍ ചാണ്ടി തന്നെ ആയിരുന്നല്ലോ. അന്നു ഭരണപരമായ അധികാരങ്ങള്‍ ഉണ്ടായിരുന്നില്ല. ഇപ്പോഴാണേല്‍ അധികാരത്തിന്റെ ചെങ്കോലും കിരീടവും ഉണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല